നിർമാണം മാർട്ടിൻ പ്രക്കാട്ട്; നായിക ഐശ്വര്യ ലക്ഷ്മി; കാസ്റ്റിങ് കോൾ
Mail This Article
‘ഈ യാത്രയിൽ എനിക്കൊപ്പം ചേരുന്നോ? കാര്യമിപ്പോൾ പറയില്ല, സീക്രട്ടാണ്’. തന്റെ പുതിയ സിനിമയുടെ കാസ്റ്റിങ് കോൾ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി കുറിച്ച വാക്കുകളാണ്. മായാനദിയിലൂടെ മലയാളത്തിലെ തിരക്കേറിയ നായികയായ ഐശ്വര്യയ്ക്ക് 2020ൽ വമ്പൻ പ്രോജക്ടുകളാണ് വരാനിരിക്കുന്നത്. മണിരത്നം ചിത്രം പൊന്നിയൻ സെൽവനാണ് ഷൂട്ടിങ് പുരോഗമിക്കുന്ന നടിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ മലയാളത്തിന്റെ തന്റെ അടുത്ത ചിത്രത്തിന്റെ വിശേഷങ്ങളുമായി ഐശ്വര്യ.
അടുത്ത ചിത്രം മികച്ച ടീമിനൊപ്പമാണെന്നും നിങ്ങളും ഈ യാത്രയ്ക്കൊപ്പം തനിക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാസ്റ്റിങ് കോൾ പോസ്റ്റര്‍ പങ്കുവച്ച് ഐശ്വര്യ കുറിച്ചു. മൂന്നു വർഷം മുൻപ് തന്റെ ജീവിതത്തിലും അത് സംഭവിച്ചിട്ടുണ്ടെന്നും ഇത് ചിലപ്പോൾ നിങ്ങളുടെ ജീവിതവും മാറ്റിമറിച്ചേക്കാമെന്നും ഐശ്വര്യ പറയുന്നു.
നവാഗതനായ അഖിൽ അനിൽകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് കാസ്റ്റിങ് കോൾ നടത്തുന്നത്. മാര്‍ട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ചിനും പന്ത്രണ്ടിനും വയസ്സിന് ഇടയിലുള്ള ആൺകുട്ടികളെയും 16നും 24നും മധ്യേ പ്രായമുള്ള പെൺകുട്ടികളെയും 30നും 65നും മധ്യേ പ്രായമുള്ള പുരുഷന്മാരെയും 30നും 55നും മധ്യേ പ്രായമുള്ള സ്ത്രീകളെയുമാണ് സിനിമയിലേക്ക് ആവശ്യമുള്ളത്.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ചിത്രങ്ങളും സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയും സഹിതം 31castingcall@gmail.com എന്ന മെയിലിൽ ഫെബ്രുവരി 14ന് മുൻപായി അയയ്ക്കുക.