വിവാഹശേഷം ട്രാൻസുമായി ഫഹദ്–നസ്രിയ; അഭിമുഖം
Mail This Article
ബാംഗ്ലൂർ ഡേയ്സിന്റെ ലൊക്കേഷനിൽ വച്ചാണ് നസ്രിയയും ഫഹദും ആദ്യമായി അടുക്കുന്നത്. അഞ്ചു വർഷത്തിനു ശേഷം ഈ ജോടി ട്രാൻസിലൂടെ വീണ്ടും എത്തുമ്പോൾ ഇരുവരും താരദമ്പതികളാണെന്ന പ്രത്യേകതകൂടിയുണ്ട്. ഭാര്യയും ഭർത്താവും സിനിമയിൽ നായകനും നായികയുമാകുന്ന അപൂർവതകൂടിയാണ്, അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ട്രാൻസ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
ട്രാൻസിന് ശേഷം നായകനും നായികയും എവിടേക്കായിരുന്നു യാത്ര?
നസ്രിയ: എല്ലാ സിനിമകൾക്കു ശേഷവും ഒരു യാത്ര എന്ന ശീലമൊന്നുമില്ല. എങ്കിലും വർഷത്തിൽ ഒന്നോ രണ്ടോ യാത്രകൾ പോകാറുണ്ട്. ഇപ്പോൾ ഒരാഴ്ചത്തെ ഒരു യാത്ര പോയി വന്നു. ബാങ്കോക്കിലേക്കായിരുന്നു.
ഫഹദ്: മുൻകൂട്ടി പദ്ധതി തയാറാക്കി യാത്രകൾ പോകാറില്ല. അപ്രതീക്ഷിതമായി വീണുകിട്ടുന്ന ഒന്നോ രണ്ടോ ആഴ്ചത്തെ അവധിക്ക് പെട്ടെന്ന് തട്ടിക്കൂട്ടി യാത്ര പോകുകയാണ് ചെയ്യുക.
ബാങ്കോക്കിൽ എവിടെയായിരുന്നു കറക്കം?
ഫഹദ്: ബാങ്കോക്കിൽനിന്നു രണ്ടു മണിക്കൂർ വിമാനദൂരമുള്ള കൊസമുയി എന്ന ദ്വീപിലേക്കായിരുന്നു യാത്ര. ഏഷ്യയിലെ തന്നെ വലിയ ദ്വീപുകളിൽ ഒന്നാണത്.
നസ്രിയ: ഞാനാണ് ഈ ദ്വീപ് സജസ്റ്റ് ചെയ്തത്. യാത്രയ്ക്കു പറ്റിയ സ്ഥലങ്ങളെല്ലാം ഞാൻ തന്നെയാണു നോക്കിവയ്ക്കാറ്. എന്നിട്ട് അവധി കിട്ടുമ്പോൾ ഫഹദിനോടു പറയും, പറക്കും.
വിവാഹശേഷം യാത്രകൾ കൂടിയോ?
നസ്രിയ: വിവാഹത്തിനു മുൻപ് ഷൂട്ടിങ്ങിനു വേണ്ടിയുള്ള യാത്രകളായിരുന്നു അധികവും. ഇപ്പോഴാണ് ഇത്തരത്തിലുള്ള യാത്രകൾ കൂടുതലായി ചെയ്യാൻ തുടങ്ങിയത്.
ഫഹദ്: പഠനാവശ്യത്തിനു വേണ്ടിയുള്ള യാത്രകളേ എനിക്കും വിവാഹത്തിനു മുൻപ് ഉണ്ടായിട്ടുള്ളൂ. സുഹൃത്തുക്കൾക്കൊപ്പം ലോക്കൽ കറക്കവുമുണ്ടായിരുന്നു. ട്രിപ് മൂഡിലുള്ള യാത്രകൾ വിവാഹശേഷം തന്നെയാണ് കൂടുതലും.
സിനിമയിലായാലും ജീവിതത്തിലായാലും ആരാധകരുമായി എപ്പോഴും കണക്ടഡ് ആണല്ലോ?
നസ്രിയ: സോഷ്യൽ മീഡിയയിൽ ആക്ടീവായിരിക്കുന്നത് ഞാൻ മാത്രമേയുള്ളൂ. ഫഹദ് അത്തരം കാര്യത്തിൽ ഒട്ടും ആക്ടീവല്ല. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഞാൻ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് ഫഹദ് മറ്റുള്ളവരുമായി കണക്ടഡാകുന്നത്.
ഫഹദ്: ഞാൻ അങ്ങനെ ആരുമായും കണക്ടഡാകാൻ ശ്രമിക്കാറില്ല. സിനിമയ്‌ക്കോ വ്യക്തിജീവിതത്തിനോ ഗുണപരമായ രീതിയിൽ അത് ഉപയോഗിക്കാൻ എനിക്കറിഞ്ഞുകൂടാ.
വിവാഹത്തിനുമുൻപും ശേഷവും ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള വ്യത്യാസം?
ഫഹദ്: എനിക്ക് അങ്ങനത്തെ വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഞങ്ങൾ ആദ്യമായി ഒന്നിച്ച ബാംഗ്ലൂർ ഡേയ്‌സ് ഇറങ്ങിയിട്ട് ഏകദേശം അഞ്ചു വർഷമായി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടും അഞ്ചു വർഷമായി. അന്നു മുതൽ കാണുന്നവർ തന്നെയാണ് ട്രാൻസിന്റെ അണിയറ പ്രവർത്തകരിൽ അധികവും. വീട്ടിൽ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരുന്നു സെറ്റിലും.
നസ്രിയ: ഒന്നിച്ച് ഷൂട്ടിനു പോകുന്നു, ഒന്നിച്ചു തിരിച്ചു വീട്ടിൽ വരുന്നു. ആ ഒരു വ്യത്യാസമേ ബാംഗ്ലൂർ ഡേയ്‌സിൽ നിന്ന് ട്രാൻസിലേക്ക് എത്തുമ്പോൾ ഉണ്ടായിട്ടുള്ളൂ.
വീട്ടിലും സിനിമാ ചർച്ചയുണ്ടോ?
ഫഹദ്: വീട്ടിൽ വന്നാൽ പിന്നെ സിനിമാ ചർച്ചകൾ ഞങ്ങൾക്കിടയിലില്ല. കാരക്ടർ എങ്ങനെ ചെയ്യണം, സീൻ ഏതു തരത്തിലായിരിക്കണം എന്നൊന്നും ചർച്ച ചെയ്യാറില്ല. ഷൂട്ട് ചെയ്യുമ്പോൾ മാത്രമേ ഷൂട്ടിനെക്കുറിച്ച് ആലോചിക്കാറുള്ളൂ.
നസ്രിയ: വീട്ടിലെത്തിയാൽ സിനിമാ ചർച്ചകൾ എനിക്കും തീരെ താൽപര്യമില്ല.
ട്രാൻസ് എങ്ങനെയാണ് നസ്രിയയ്ക്കും ഫഹദിനും വേറിട്ട അനുഭവമാകുന്നത്?
ഫഹദ്: ട്രാൻസ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചർ ചെയ്യാനോ, പെർഫോം ചെയ്യാനോ അത്ര എളുപ്പമുള്ള ഒരു സിനിമ അല്ലായിരുന്നു. വളരെ കഠിനമായ ഷൂട്ടിങ് ദിനങ്ങളായിരുന്നു. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ഞാൻ ട്രാൻസിൽ അവതരിപ്പിച്ചിരിക്കുന്നത്.
നസ്രിയ: എനിക്ക് അത്ര ഹെവി വർക്ക് അല്ലായിരുന്നു ട്രാൻസിലെ കഥാപാത്രം. ചുറ്റും പരിചിത മുഖങ്ങളായതിനാൽ ഷൂട്ടിങ്ങും എനിക്ക് ബുദ്ധിമുട്ടുള്ളതല്ലായിരുന്നു.
ഫഹദും നസ്രിയയും ട്രാൻസിൽ ഒന്നിക്കാനുള്ള കാരണം?
ഫഹദ്: വിവാഹ ശേഷം ഞങ്ങളെ ഒന്നിച്ച് അഭിനയിക്കാൻ വിളിക്കുന്നത് ട്രാൻസിലാണ്. ഞങ്ങൾക്ക് ഒന്നിച്ച് ചെയ്യണമെന്നു തോന്നിയ സിനിമയും ട്രാൻസ് തന്നെ.
നസ്രിയ: ട്രാൻസ് പോലെ അത്രയും എക്‌സൈറ്റഡ് ആക്കിയ മറ്റൊരു പ്രോജക്ടും ഞങ്ങൾ ഒന്നിച്ച് അഭിനയിക്കണമെന്നാവശ്യപ്പെട്ട് വന്നിട്ടില്ല. അതു തന്നെയാണു കാര്യം.
താരദമ്പതികൾ താരനിർമാതാക്കളാകുമ്പോൾ എന്തെങ്കിലും ഗുണമുണ്ടോ?
ഫഹദ്: ഞങ്ങൾ ഇതൊന്നും അത്ര ബോധപൂർവം എടുക്കുന്ന കാര്യമല്ല. അത്ര കാര്യഗൗരവത്തോടെ ഒരു സിനിമ നിർമിച്ചുകളയാം എന്നൊന്നും ചിന്തിക്കാറേയില്ല. നിർമാതാവിന്റെ വേഷം അപ്രതീക്ഷിതമായി സംഭവിച്ചുപോയതാണ്.
നസ്രിയ: ആദ്യമായി നിർമാതാവായത് വരത്തൻ എന്ന ചിത്രത്തിലാണ്. അമൽ നീരദുമായുള്ള പരിചയത്തിന്റെ പുറത്ത് ഒപ്പം നിർമാതാവായി കൂടിയെന്നേയുള്ളൂ.
ട്രാൻസിലെ രണ്ടുപേരുടെയും കഥാപാത്രത്തെക്കുറിച്ച്?
നസ്രിയ: എന്റെ ജീവിതവുമായി വളരെ കുറച്ചുമാത്രം ബന്ധപ്പെടുത്താനാകുന്ന കഥാപാത്രമാണ് ട്രാൻസിലേത്. ഇതുപോലൊരു കഥാപാത്രത്തിന്റെ ഛായയുള്ള മറ്റൊന്ന് ഇതിനുമുൻപ് ചെയ്തിട്ടേയില്ല.
ഫഹദ്: എന്റെ കഥാപാത്രം തിയറ്ററിൽ പ്രേക്ഷകനെ ഏതു തരത്തിൽ എക്‌സൈറ്റ് ചെയ്യിക്കും എന്ന ആകാംക്ഷ കാരണമാണ് കഥാപാത്രത്തെക്കുറിച്ച് ഞാനൊന്നും പറയാത്തത്. ഒന്നു പറയാം, വളരെ ഫ്രഷ് ആണ് ട്രാൻസും അതിലെ എന്റെ കഥാപാത്രവും.