ADVERTISEMENT

വലിയ ആഘോഷത്തോടെ എത്തിയ രജനികാന്ത് ചിത്രം ദർബാർ റിലീസിന് അപ്പുറം ഇന്ന് തമിഴകത്ത് വിവാദങ്ങളിൽ നിറയുകയാണ്. ചിത്രം വിതരണക്കാർക്ക് വൻസാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് ആരോപണം. രജനികാന്തിനെയും സംവിധായകൻ എ.ആർ മുരുകദോസിനെയും ലക്ഷ്യം വച്ചാണ് പുതിയ നീക്കങ്ങൾ. താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് സിനിമയുടെ ബജറ്റ് കൂട്ടിയതെന്ന് തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.രാജേന്ദര്‍ ആരോപിക്കുന്നു. 

 

വിതരണക്കാര്‍ സംവിധായകന്‍ എ.ആര്‍ മുരുകദോസിനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചത് പിടിച്ചു പറിക്കാനോ ആക്രമിക്കാനോ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ അദ്ദേഹത്തെ പിടിച്ചു പറിക്കാനോ ആക്രമിക്കാനോ തയ്യാറാവുമോ?. മുതിര്‍ന്ന സംവിധായകന്‍ എന്ന നിലക്ക് മുരുകദോസിന്റെ ഇപ്പോഴത്തെ പെരുമാറ്റത്തില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. വിതരണക്കാരുടെ വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ മുരുകദോസ്. അവരെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാവാതിരിക്കുന്നത് വളരെ അപമാനകരമാണെന്നും ടി. രാജേന്ദര്‍ പറഞ്ഞു. വിതരണക്കാരില്‍ നിന്ന് സംരക്ഷണം തേടി മുരുകദോസ് കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് രാജേന്ദറുടെ പ്രതികരണം.

 

മുരുകദോസിനെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്ന് ടി. രാജേന്ദര്‍ പറഞ്ഞു. . മുരുകദോസിന്റെ കൃത്യതയില്ലാത്ത ആലോചനയും താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെ ഉയര്‍ന്ന ശമ്പളവുമാണ് ദര്‍ബാറിനെ നഷ്ടത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

എ.ആര്‍.മുരുകദോസും രജനീകാന്തും നഷ്ടപരിഹാരം നല്‍കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഇരുവരും തയാറായിട്ടില്ല. ചിത്രത്തിനായി 35 കോടി രൂപ മുരുകദോസ് പ്രതിഫലം വാങ്ങിയിരുന്നു. നടനും നടിക്കും അമിത പ്രതിഫലം നൽകി. വൻ തുകയ്ക്കാണ് ദർബാർ വിതരണക്കാർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ 70 കോടിക്ക് മുകളിൽ സിനിമ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. 200 കോടിയോളം രൂപ ചെലവഴിച്ചാണ് സിനിമ നിർമിച്ചത്. ഇതിൽ ഭൂരിഭാഗം പണവും താരങ്ങളുടെ പ്രതിഫലമാണെന്നാണ് സൂചന.

 

നൂറുകോടിയോളം രൂപയ്ക്ക് അടുത്ത് രജനികാന്ത് പ്രതിഫലം വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. നിയമനടപടിയിലേക്ക് ഉടൻ നീങ്ങുമെന്നാണ് വിതരണക്കാർ പറയുന്നത്.  വിതരണക്കാരില്‍ നിന്നും സംരംക്ഷണം ആവശ്യപ്പെട്ട് മുരുകദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതും വിതരണക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ രജനിയുടെ രാഷ്ട്രീയപ്രവേശനവും സജീവചർച്ചയാവുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com