ADVERTISEMENT

മലയാളസിനിമയിലെ രണ്ടു തലമുറകളുടെ സംഗമമായിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത. സത്യൻ അന്തിക്കാട്, പ്രിയദർശൻ, മമ്മൂട്ടി എന്നീ പ്രഗത്ഭരുടെ മക്കളാണ് ചിത്രത്തിലെ അമരക്കാർ. സിനിമ വലിയ വിജയം നേടി മുന്നേറുമ്പോള്‍ മക്കളുടെ പ്രകടനത്തെക്കുറിച്ച് അച്ഛന്മാർ എന്തുപറ‍ഞ്ഞു എന്നായിരുന്നു മാധ്യമ പ്രവർത്തകർക്ക് അറിയാനുണ്ടായിരുന്നത്.

 

അച്ഛൻ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ സിനിമ കണ്ട ആളുകൾ ഒരുപാട് മെസേജുകൾ അച്ഛന് അയച്ചിരുന്നതായും കല്യാണി പറഞ്ഞു. ആ മെസേജുകളൊക്കെ വായിച്ച ശേഷം അച്ഛൻ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ച് അയച്ചെന്നും അതിൽ ‘ഐ ആം പ്രൗഡ് ഓഫ് യു’ എന്നാണ് എഴുതിയിരുന്നുതെന്നും കല്യാണി പറഞ്ഞു. സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി. ദുൽഖറും സംവിധായകൻ അനൂപ് സത്യനും പ്രസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 

 

ഈ സിനിമയുടെ സ്ക്രിപറ്റ് തന്നെ കാണിക്കാതിരുന്നത് നന്നായി എന്നായിരുന്നു അച്ഛൻ പറഞ്ഞതെന്ന് അനൂപ് സത്യൻ പറഞ്ഞു. ‘അച്ഛന്റെ ശൈലിയിലുള്ള സിനിമ അല്ലായിരുന്നു ഇത്. അച്ഛന് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ സിനിമ അച്ഛന് ഒരുപാട് ഇഷ്ടമായി. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രമേയമായതിനാൽ അച്ഛന്റെ പ്രേക്ഷകരും ഹാപ്പിയായി എന്നതാണ് മറ്റൊരു സന്തോഷം.

 

വാപ്പ സിനിമകൾ കണ്ടാൽ ഒരഭിപ്രായം പറയാൻ താൽപര്യപ്പെടാറില്ലെന്ന് ദുൽഖർ പറഞ്ഞു. ‘എന്റെ സിനിമകൾ കണ്ടാൽ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാൻ അദ്ദേഹം താൽപര്യപ്പെടാറില്ല. ചിലപ്പോൾ അതൊക്കെ കേട്ട് എന്റെ ‘തല’ വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു.’–ദുൽഖർ പറഞ്ഞു.

 

മമ്മൂട്ടി സാർ സിനിമ കണ്ട് സുരേഷ് ഗോപിക്ക് മെസേജ് അയച്ചതായി അനൂപ് സത്യൻ പറഞ്ഞു. ‘ശോഭന, സുരേഷ് ഗോപി എന്നിവരെ തിരിച്ചുകൊണ്ടുവരുമ്പോൾ പ്രേക്ഷകരും ഹാപ്പിയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അവരെ കാണുമ്പോൾ തിയറ്ററിൽ നിന്നുയരുന്ന ആരവം കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇത്രയും നാൾ ഇവർ എവിടെയായിരുന്നുവെന്ന് എന്നോട് തന്നെ ഒരുപാട് പേർ ചോദിച്ചു.’

 

‘ഇവർ രണ്ട് പേരും ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഞാൻ മലയാളത്തിൽ ചെയ്യുമായിരുന്നില്ല. ഇവരെ കാത്തിരുന്ന് ഒന്നര വർഷത്തിനു ശേഷമാണ് ഈ  സിനിമ തുടങ്ങുന്നത്. അതിന്റെയൊരു പ്രത്യേക സന്തോഷമുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ അവരും ഹാപ്പിയാണ്.’–അനൂപ് സത്യൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com