പറഞ്ഞത് അൽപം തെറ്റി പോയി, ക്ഷമിക്കണം: മാപ്പ് പറഞ്ഞ് രാജസേനൻ
Mail This Article
അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തെറ്റുപറ്റിയെന്ന് രാജസേനൻ. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനൻ പറഞ്ഞു.
രാജസേനന്റെ വാക്കുകള്‍ : ‘രാവിലെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വിഡിയോ ഇടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.’
‘അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.’–രാജസേനൻ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം എന്നുമായിരുന്നു രാജസേനൻ ഇതിന് മുമ്പ് ആവശ്യപ്പെട്ടത്. പായിപ്പാടുണ്ടായ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പ്രതികരണം.
സംഭവം വിവാദമായതോടെ രാഷ്ട്രീയ–സിനിമാ പ്രവർത്തകർ രാജസേനനെതിരെ തിരിഞ്ഞു. ഇതോടെയാണ് താരം മാപ്പ് പറയാൻ തയ്യാറായത്.