ADVERTISEMENT

കോവിഡെന്ന മഹാമാരി ലോകമാകമാനം പടരുമ്പോൾ അതെക്കുറിച്ചുള്ള ചില ചിന്തകളും വെളിപ്പെടുത്തലുകളും പങ്കു വയ്ക്കുകയാണ് നടൻ അനൂപ് മേനോൻ. നമ്മുടെ നാടു പോലെയാവില്ല മറ്റേതു രാജ്യമെന്നും അന്യരാജ്യക്കാരന് നാം വിദേശി മാത്രമാണെന്നും താരം പറയുന്നു. ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് അനൂപിന്റെ വെളിപ്പെടുത്തലുകൾ. 

 

പ്രണാമം.

പ്രിയപ്പെട്ടവരെ,

നമുക്ക് ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്നു കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നമ്മുടെ ബുദ്ധിയെയും, ഹൃദയത്തെയും കൂട്ടിക്കൊണ്ടു പോവുകയാണ് COVID-19 എന്ന ഈ പുതുമുഖം. ആഹാരം, പാർപ്പിടം, വസ്ത്രം എന്നിവയാണ് നമ്മുടെ 'basic needs' എന്നത് ആദ്യ പാഠങ്ങളിൽ ഒന്നായിരുന്നു വിദ്യാലയത്തിൽ.നമുക്കാവശ്യമുള്ളതിനേക്കാൾ വാങ്ങാൻ, ആവശ്യമില്ലാത്തതും വാങ്ങാൻ, ആവശ്യമേ ഇല്ലാത്തതും വാങ്ങേണ്ടതാണ് എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ, ആർക്കാണ് സാധിച്ചത്?.. ഈ Lockdown പഠിപ്പിച്ച ഏറ്റവും വലിയ പാഠം നമുക്കിത്രയൊക്കെ മതി അല്ലലില്ലാതെ ജീവിക്കാൻ എന്നതാണ്. 

 

ആഹാരം ഉത്പാദിപ്പിക്കുന്നവനാണ് ഈ സമൂഹത്തിലെ ഏറ്റവും പ്രധാനിയായ കണ്ണി എന്നതും. നമ്മുടെ കൃഷിക്കാരൻ സമൂഹത്തിലെ ഏറ്റവും മുഖ്യമായ സ്ഥാനം അർഹിക്കുന്നു. ഇന്നത്തെയും നാളത്തേയും തലമുറ ഏറ്റവുമധികം നിക്ഷേപിക്കേണ്ടതും കാർഷിക വ്യവസായത്തിൽ തന്നെ. ഭക്ഷ്യ സമൃദ്ധിയും ശുദ്ധമായ ജലവും തന്നെയായിരിക്കും ഇനിയുള്ള കാലം ഏതൊരു രാജ്യത്തിന്റെയും അടിത്തറ ശക്തമാക്കുന്നത്. നിങ്ങളുടെ പറമ്പിലെ ചീര കൊടുത്തു അപ്പുറത്തെ പറമ്പിലെ തക്കാളി വാങ്ങുക എന്ന പഴയ ബാർട്ടർ സമ്പ്രദായം സാമൂഹികമായ ഇടപെടലുകളെ, സഹോദര്യത്തെ, സ്നേഹത്തെ കുറച്ചൊന്നുമല്ല ശക്തമാക്കാൻ പോകുന്നത്. പറമ്പിൽ കൃഷിചെയ്യുന്ന സമയത്തിന് കുറച്ചു വിറ്റാമിൻ-D  സൂര്യേട്ടന്റെ വഴി കിട്ടിയാൽ അതും ബോണസ്.

 

കോവിഡ്  മനസ്സിലാക്കിത്തന്ന മറ്റൊരു വലിയ കാര്യം സ്വന്തം നാടുപോലെയാവില്ല നമുക്ക് മറ്റേതൊരു രാജ്യവും എന്നതാണ്. അവിടുത്തെ സമൃദ്ധിയും സമ്പത്തും sophistication നും ഒക്കെ ആത്യന്തികമായി അവരുടെ ദേശക്കാർക്കു മാത്രം അവകാശപ്പെട്ടതാണ് . കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടാകുമെങ്കിലും നമ്മുടെ നാട്ടിൽ തന്നെയാണ് നമ്മളേറ്റവും സുരക്ഷിതർ. അന്യ രാജ്യക്കാരന്  നമ്മൾ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ജൈനനെന്നോ ബൗദ്ധനെന്നോ ഒന്നുമില്ല. ഒരു ഘട്ടം കഴിയുമ്പോൾ എല്ലാവരും അവർക്കു വിദേശി.."FOREIGNER" മാത്രമാണ്.അല്ലെങ്കിൽ ഒരു ഇമിഗ്രന്റ് . ഇവിടെ നമുക്ക് 'നമ്മളുണ്ട്' .നമ്മളെ ചേർത്ത് പിടിക്കുന്ന സർക്കാരും  പോലീസും ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. ആ ധൈര്യമാണ് നമ്മുടെ നാട്... ആ ധൈര്യമായിരിക്കും നമ്മുടെ നാട്...

                       

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com