ഒരു പിടി പൂക്കൾ പറിച്ചെടുത്ത് കെട്ടിയുണ്ടാക്കി; ശശി കലിംഗ ഓർമയായി
Mail This Article
കോഴിക്കോട്∙ വീട്ടുമുറ്റത്ത് വെള്ളപുതപ്പിച്ചു കിടത്തിയ കലിംഗ ശശിയുടെ ശരീരം കണ്ടപ്പോൾ നടൻ വിനോദ് കോവൂരിന്റെ ഉള്ളൊന്നു പിടഞ്ഞു. ടൗൺഹാളിലെ പൊതുദർശനവേദിയിൽ കലാസ്നേഹികളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങേണ്ട കലാകാരനാണ് ഏകാന്തമായ തണുപ്പിൽ കിടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് അവിടെയുള്ളത്. ഒരു പിടി പൂക്കൾ പറിച്ചെടുത്ത് കെട്ടിയുണ്ടാക്കി ആ കാൽക്കളിൽ സമർപ്പിച്ചു മടക്കം.
ഇന്നലെ രാവിലെ കലിംഗ ശശിയുടെ മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും സിനിമാ, നാടക പ്രവർത്തകരും ഏറെ വിഷമത്തിലായിരുന്നു. ലോക്ഡൗൺ കാലത്ത് ആശുപത്രിയിൽ ആരാധകർക്കും സ്നേഹിതർക്കും എത്തിച്ചേരാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. മാത്രവുമല്ല, ആളുകൾ കൂട്ടംകൂടാതിരിക്കാൻ പൊലീസ് മുൻകരുതലുകളും സ്വീകരിച്ചിരുന്നു.
സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധിയായാണ് വിനോദ് കോവൂർ എത്തിയത്. കലിംഗ ശശിക്ക് അന്തിമോപചാരമർപ്പിക്കാൻ ആരെയാണ് പ്രതിനിധിയായയ്ക്കുക എന്ന വിഷമത്തിലായിരുന്നു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. കോഴിക്കോട്ടെ പല താരങ്ങളെയും വിളിച്ചെങ്കിലും പലർക്കും എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണെന്നു തിരിച്ചറിഞ്ഞു.
തുടർന്ന് വിനോദ് കോവൂരിനെ ബന്ധപ്പെട്ടപ്പോൾ മോട്ടോർബൈക്കിലെങ്കിലും എത്തി അന്തിമോപചാരം അർപ്പിക്കുമെന്ന് ഉറപ്പു നൽകിയതായി ഇടവേള ബാബു പറഞ്ഞു.
തുടർന്ന് സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ ടി.പി.എം.ഹാഷിർ അലിക്കൊപ്പം പിലാശ്ശേരിയിലെ വീട്ടിലെത്തുകയായിരുന്നു. കലിംഗ ശശിക്കു സമർപ്പിക്കാൻ ഒരു റീത്ത് വാങ്ങാൻ ശ്രമിച്ചെങ്കിലും ഒരു കടയും തുറന്നിരുന്നില്ല. തുടർന്ന് വീട്ടിലെ ചെടികളിൽനിന്ന് റോസാപ്പൂക്കൾ പറിച്ചെടുത്ത് കെട്ടിയാണ് അദ്ദേഹത്തിന്റെ കാൽക്കൽ സമർപ്പിച്ചത്.