കലിംഗ കാണാത്ത നടൻ
Mail This Article
കോഴിക്കോട്∙ പാലേരി മാണിക്യം കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി മോഹൻദാസ് മണാലത്ത്, പ്രാഞ്ചിയേട്ടനിലെ ഷേക്സ്പിയർ സംഭാഷണം പറയുന്ന അരിവയ്പ്പുകാരൻ ഇയ്യപ്പൻ, ആമേനിൽ ‘‘കുടംപുളിയിട്ടുവച്ചാൽ ബസ്റ്റാ..’’ എന്നു പറഞ്ഞ് കണ്ണിറുക്കിക്കാണിക്കുന്ന ചാച്ചപ്പൻ..13 വർഷം മാത്രം നീണ്ട സിനിമാ ജീവിതത്തിൽ മലയാളികളുടെ മനസ്സ് കീഴടക്കിയാണ് കലിംഗ ശശി എന്ന അഭിനേതാവ് അരങ്ങൊഴിയുന്നത്. കലിംഗയുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത വി.ചന്ദ്രകുമാർ ആദ്യം ‘ കോഴിക്കോട് ശശി’യായും പിന്നീട് ‘കലിംഗ ശശി’യായും മാറിയതിനുപിന്നിൽ സിനിമയെ വെല്ലുന്ന കഥയുണ്ട്.
വി.കെ.കൃഷ്ണമേനോന്റെ കാര്യസ്ഥനായിരുന്ന വെസ്റ്റ്ഹിൽ സ്വദേശി ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായാണ് 1961ൽ വി. ചന്ദ്രകുമാർ ജനിച്ചത്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം ചന്ദ്രകുമാറിനെ ചുരുക്കി ‘ശശി’യെന്നു വിളിച്ചു. പതിയെപ്പതിയെ ഏവരും ചന്ദ്രകുമാറിനെ മറന്നു. അരങ്ങിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർ അദ്ദേഹത്തെ കോഴിക്കോട് ശശി എന്നു വിളിച്ചു.
ആദ്യ സിനിമ
കോഴിക്കോട് ശശിയായിരുന്ന കാലത്താണ് ആദ്യസിനിമയിലേക്കുള്ള വരവ്. അവിര റെബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ടയെന്ന കലാസിനിമയിൽ ആക്രിക്കച്ചവടക്കാരൻ പളനിച്ചാമിയായിട്ടാണ് ആദ്യം വേഷമിട്ടത്. എകെജി എന്ന സിനിമ ഇന്റർവെല്ലിനുശേഷവും തകരച്ചെണ്ട ഇന്റർവെല്ലിനുമുൻപും എന്നരീതിയിൽ ഒരുമിച്ചുചേർത്ത് ഒരൊറ്റ സിനിമപോലെയാണ് 2007ൽ തിയറ്ററിലെത്തിയത്. പക്ഷേ, ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയി. കോഴിക്കോട് ശശി അരങ്ങിലേക്കു തിരികെ വന്നു.
‘കലിംഗ’യിൽ ചേർന്ന കഥ
പത്തുവർഷത്തിനു ശേഷം ‘പാലേരി മാണിക്യം’ സിനിമയിലേക്ക് നാടകപ്രവർത്തകരെ തിരഞ്ഞെടുക്കാൻ ഈസ്റ്റ് ഹിൽ യൂത്ത് ഹോസ്റ്റലിൽ ക്യാംപ് നടക്കുകയാണ്. ക്യാംപ് അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ശശി അവിടെച്ചെല്ലുന്നത്. ചലച്ചിത്ര, നാടകപ്രവർത്തകനും സുഹൃത്തുമായ വിജയൻ.വി.നായരെ കാണാനാണ് വരവ്. യൂത്ത് ഹോസ്റ്റലിനുമുന്നിലെ അരമതിലിലിരുന്ന് ബീഡി പുകയ്ക്കുന്ന ശശിയെ ഒറ്റനോട്ടത്തിൽ കണ്ടുബോധിച്ചതോടെയാണ് സംവിധായകൻ രഞ്ജിത്ത് സിനിമയിലേക്ക് തിരഞ്ഞെടുത്തത്.
പല നാടകട്രൂപ്പുകളിൽനിന്നുമുള്ള നടൻമാരാണ് ക്യാംപിൽ. അതിൽത്തന്നെ ശശി എന്നുപേരുള്ള അനേകം നടൻമാർ. ശശിയെ തിരിച്ചറിയാൻ ബ്രാക്കറ്റിൽ നാടകട്രൂപ്പിന്റെ പേരെഴുതാൻ രഞ്ജിത്ത് നിർദേശിച്ചു. ആരോ ഒരാൾ അബദ്ധത്തിൽ ‘കലിംഗ’ എന്ന പേരാണ് എഴുതിയത്. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താൻ ശ്രമിച്ചപ്പോൾ വർക്കത്തുള്ള ആ പേര് മാറ്റേണ്ടെന്ന് രഞ്ജിത്താണു പറഞ്ഞത്.
കെ. ടി. മുഹമ്മദ് നേതൃത്വം നൽകിയ 'കലിംഗ തിയറ്റേഴ്സി'ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല.'കലിംഗ'യുടെ 'ദീപസ്തംഭം മഹാശ്ചര്യ'ത്തിന്റെ റിഹേഴ്സൽ ക്യാംപിൽ പോയതൊഴിച്ചാൽ ആ സമിതിയുടെ നാടകം കണ്ടിട്ടുപോലുമില്ല. എന്നാലും രഞ്ജിത്ത് ഉറപ്പിച്ച ആ പേര് അക്ഷാരാർഥത്തിൽ ശശിയുടെ ഭാഗ്യനക്ഷത്രമായി.
മുഴുമിക്കാതെ മുഖ്യകഥാപാത്രം
കലിംഗ ശശി വിട പറയുന്നത് താൻ നായക വേഷം ചെയ്യുന്ന സിനിമ മുഴുമിപ്പിക്കാൻ കഴിയാതെ. കെ.വി.എ.പ്രസാദ് രചനയും പപ്പൻ നരിപ്പറ്റ സംവിധാനവും നിർവഹിക്കുന്ന ‘സ്വേദം’ എന്ന സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനിരിക്കേയാണ് ജീവിതത്തിൽ നിന്നുള്ള ഈ പിൻമടക്കം.
വടകര റെസ്റ്റ് ഹൗസിലും ലോകനാർകാവിലെ ലോഡ്ജിലുമായി നടന്ന ചർച്ചയിൽ ആദ്യാവസാനം കലിംഗ ശശി പങ്കെടുക്കുകയുണ്ടായി. ചിത്രത്തിന്റെ ടീസർ പുറത്തിറക്കാനുള്ള തയാറെടുപ്പിലായിരുന്നു അണിയറ പ്രവർത്തകർ. ബാബു മംഗലാടും രജിത് കുനിങ്ങാടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അരങ്ങനുഭവങ്ങളുടെ കരുത്ത്
കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂൾ, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം നടക്കാവിലെ സിടിസിയിൽ ചേർന്ന് ഓട്ടമൊബീൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശശി അപ്രതീക്ഷിതമായാണ് അരങ്ങിലെത്തിയത്.
പഠനാനന്തരം തൊഴിലന്വേഷിച്ചു നടക്കുമ്പോഴാണ് ശശിയെത്തേടി ഒരു ക്ഷണമെത്തുന്നത്. ശശിയുടെ അമ്മാവൻ വിക്രമൻനായരുടെ നാടകട്രൂപ്പാണ് കോഴിക്കോട് സ്റ്റേജ് ഇന്ത്യ. എന്തെങ്കിലും ജോലികിട്ടുംവരെ സമിതിയുടെ സെറ്റ് ചെയ്യാനും മറ്റും അമ്മാവൻ ശശിയെ ഉപദേശിച്ചു. അമ്മാവന്റെ ക്ഷണം സ്വീകരിക്കുമ്പോഴും നാടകാഭിനയം സങ്കൽപത്തിൽപ്പോലും ഉണ്ടായിരുന്നില്ലെന്ന് ശശി പറഞ്ഞിട്ടുണ്ട്.
'സ്റ്റേജ് ഇന്ത്യ'യുടെ ആദ്യനാടകം എഴുതി, സംവിധാനം ചെയ്തത് വിക്രമൻ നായർ തന്നെയാണ്. 'സൂത്രം' എന്ന ആ നാടകത്തിന്റെ സെറ്റ് തയാറാക്കുന്നതിൽ ശശി സഹകരിച്ചു. ശശിയുടെ അഭിനയശേഷി കണ്ടറിഞ്ഞ വിക്രമൻ നായർ, കെ.ടി. എഴുതിയ 'സാക്ഷാത്കാര'ത്തിൽ പോലീസുകാരന്റെ വേഷം നൽകി. തുടർന്ന് 'സാക്ഷാത്കാര'ത്തിലും 'സ്ഥിതി'യിലും 'മത'മെന്ന കഥാപാത്രമായി. എന്നാൽ, പി.എം. താജിന്റെ 'അഗ്രഹാര'മാണ് ഒരു നടനെന്നനിലയിൽ ശശിക്ക് ആദ്യ അംഗീകാരം നേടിക്കൊടുത്തത്. അതിലെ ശേഷാമണി ജനസമ്മതിനേടി. തൊള്ളായിരത്തിലേറെ വേദികളിൽ കളിച്ച് ചരിത്രം സൃഷ്ടിച്ച നാടകമായിരുന്നു അത്.
വെൺകുളം ജയകുമാർ, ജയപ്രകാശ് കുളൂർ, ജമാൽ കൊച്ചങ്ങാടി തുടങ്ങിയവരെഴുതിയ നാടകങ്ങളിലെ മിന്നുന്ന പ്രകടനങ്ങളാണ് തുടർന്നു വന്നത്. രണ്ടു പതിറ്റാണ്ട് സ്റ്റേജ് ഇന്ത്യയിൽ തുടർന്ന ശശി 2000ൽ മറ്റു പ്രഫഷനൽ നാടകസമിതികളുമായും സഹകരിച്ചു. ആറ്റിങ്ങൽ രചന, ഗുരുവായൂർ ബന്ധുര, തിരുവനന്തപുരം അക്ഷരകല, വടകര സങ്കീർത്തന, വടകര വേദവ്യാസ, സങ്കീർത്തന തുടങ്ങിയ ട്രൂപ്പുകളിൽ.
‘തകരച്ചെണ്ട’ എന്ന സിനിമയ്ക്കുശേഷം അവസരങ്ങൾ തേടിയെത്താത്തതിനാൽ അദ്ദേഹം തിരികെ നാടകത്തിലേക്ക് വന്നു. ഒരു വർഷത്തോളം 'ഏഷ്യാനെറ്റി'ലെ 'മുൻഷി'യിൽ 'പണ്ഡിറ്റാ'യി വേഷമിട്ടു. പിന്നീട് 'തൃശൂർ അഭിനയ'യ്ക്കുവേണ്ടി 'സ്വപ്നസമുദ്ര'മെന്ന നാടകം സംവിധാനം ചെയ്തു. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തീയതിയാണ്' എന്ന സിനിമയിൽ നായകനുമായി.