ADVERTISEMENT

അന്തരിച്ച നടന്‍ ശശി കലിംഗയെ അനുസ്മരിച്ച് പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കര. പറഞ്ഞു ഉറപ്പിച്ചിരുന്ന രണ്ട് വേഷങ്ങൾ ചെയ്യാതെയാണ് അദ്ദേഹം യാത്രയായതെന്ന് ഷാജി പറയുന്നു.

 

ഷാജി പട്ടിക്കരയുടെ കുറിപ്പ് വായിക്കാം

 

പ്രിയപ്പെട്ട ശശിയേട്ടന് വിട. സിനിമയ്ക്കകത്തും, പുറത്തും നല്ലൊരു വ്യക്തിബന്ധം കാത്തു സൂക്ഷിച്ച പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ഇപ്പോൾ കോഴിക്കോട് ആയത് കൊണ്ട് സിനിമയില്ലാത്ത അവസരങ്ങളിലും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു.

 

കണ്ടില്ലെങ്കിലും കഴിയുന്നതും എല്ലാ ദിവസവും അങ്ങോട്ടോ ഇങ്ങോട്ടോ വിളിക്കും. ജയൻ ശിവപുരം സംവിധാനം ചെയ്ത ' യാത്ര തുടരുന്നു' എന്ന ചിത്രത്തിലാണ് ഞങ്ങൾ ഒരുമിച്ച് ആദ്യമായി വർക്ക് ചെയ്യുന്നത്.

 

പ്രാഞ്ചിയേട്ടൻ റിലീസായതിന് തൊട്ടു പിന്നാലെ ആയിരുന്നു അത്. പ്രാഞ്ചിയേട്ടനിലെ അഭിനയം കണ്ടാണ് അതിലേക്ക് കാസ്റ്റ് ചെയ്തത്. പിന്നീട് ഗുണ്ട,ദം,ബെന്‍ ,എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, ഗാന്ധി നഗറിൽ ഉണ്ണിയാർച്ച, തേനീച്ചയും പീരങ്കിപ്പടയും, തുടങ്ങിയ സിനിമകൾ.

 

വയനാട്ടിൽ ചിത്രീകരണം നടന്ന ' മയിൽ ' എന്ന ചിത്രത്തിൽ ഒരു ആദിവാസി മൂപ്പന്റെ വേഷം ചെയ്തിരുന്നു.ചിത്രീകരണം പകുതി കഴിഞ്ഞ ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാഗം പൂർത്തിയാക്കിയിരുന്നു.

 

ഈ അടുത്ത് ചിത്രീകരണം തുടങ്ങാനിരുന്ന, കോവിഡ് മൂലം മാറ്റിവച്ച ഒരു ചിത്രത്തിൽ ശ്രീനിവാസനൊപ്പം ഒരു മുഴുനീള കഥാപാത്രം പറഞ്ഞിരുന്നതാണ് പാപ്പച്ചൻ പത്തനാപുരം എന്ന നാടകക്കമ്പനി മാനേജരുടെ വേഷം !

 

ഇടയ്ക്കിടെ എന്നെ കാണാൻ ഫ്ലാറ്റിലെത്തുമായിരുന്നു. വരുമ്പോൾ, എനിക്കേറെ ഇഷ്ടപ്പെട്ട ഈന്തപ്പഴം അടങ്ങിയ ഒരു പൊതി കയ്യിലുണ്ടാകും.എപ്പോൾ വന്നാലും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടേ പിരിയുകയുള്ളൂ. ഏറെ മൽസ്യപ്രിയനായിരുന്നു ശശിയേട്ടൻ.

 

അദ്ദേഹത്തിന് പ്രിയപ്പെട്ട മൽസ്യം വാങ്ങിക്കൊടുക്കുന്നതിനായി ഞങ്ങൾ ഒരുമിച്ച്പുതിയാപ്പ ഹാർബറിലും പോകാറുണ്ടായിരുന്നു. ഹോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടാണ് ശശിയേട്ടൻ വിടവാങ്ങിയത്. ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല.

 

ഞാൻ ഇവിടെ ഈ കോഴിക്കോട് ഉണ്ടായിട്ടുപോലും അവസാനമായി ഒന്നു കാണാൻ കഴിയാത്ത അവസ്ഥയുടെ സങ്കടം. ശശിയേട്ടന്റെ അകാല വിയോഗത്തിൽ ദു:ഖത്തോടെ, ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട്,

 

ഷാജി പട്ടിക്കര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com