ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും; ആ കുടിപ്പകയുടെ കഥ; വൈറൽ കുറിപ്പ്
Mail This Article
അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും! മലയാളിസിനിമാപ്രേമികളുടെ മനസിൽ എന്നും മായാതെ നിൽക്കുന്ന രണ്ട് കഥാപാത്രങ്ങൾ. എൻ.എൻ. പിള്ളയുടെയും ഫിലോമിനയുടെയും ഗംഭീര പ്രകടനവും ഈ കഥാപാത്രങ്ങൾക്കു കരുത്തായി. ഗോഡ്ഫാദർ സിനിമയും അതിലെ കഥാപാത്രങ്ങളും രംഗങ്ങളുമൊക്കെ ഇന്നും കാണാപാഠം. എന്നാൽ എങ്ങനെയാണ് ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള കുടിപ്പക ആരംഭിക്കുന്നതെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? ആ കഥ പറഞ്ഞുകൊണ്ടുള്ള നാരായണൻ നമ്പു എന്ന പ്രേക്ഷകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നാരായണൻ നമ്പു എഴുതിയ കുറിപ്പ് വായിക്കാം:
ഗോഡ്ഫാദർ : ആ കുടിപ്പകയുടെ കഥ...!!
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ. എന്തുകൊണ്ട് ആനപ്പാറ കുടുംബവും അഞ്ഞൂറാന്റെ കുടുംബവും ശത്രുതയിൽ ആയി..?
സിനിമയിൽ പറയാതെ പറയുന്ന പല കാര്യങ്ങളും ഉണ്ട്. ആദ്യം അഞ്ഞൂറാന്റെ സംഭാഷണത്തിലൂടെയും, പിന്നെ ആനപാറയിലെ വീരഭദ്രന്റെ വാക്കുകളിലൂടെയും, അവസാനം ബലരാമന്റെ സംഭാഷണത്തിലൂടെയും ആ കഥ വിവിധ ഘട്ടങ്ങളിൽ ആയി സിദ്ദിഖ്–ലാൽ വിശദീകരിക്കുന്നുണ്ട്. ആ സംഭാഷണങ്ങൾ സിനിമയിൽ ഉണ്ടാക്കിയ ഇംപ്കാട് വളരെ വളരെ വലുതാണ്. ആ കുടിപ്പകയുടെ തീവ്രത എത്രതോളം ആണെന്ന് ആ സംഭാഷണങ്ങളിൽ നിന്നും, അത് പറയുന്നവരിൽ നിന്നും വ്യക്തമാക്കി തരികയാണ് സംവിധായകൻ.
1. അഞ്ഞൂറാന്റെ (എൻ. എൻ. പിള്ള ) വാക്കുകളിലൂടെ :
കൊല്ലം തുളസി വക്കീൽ : " ഇനി ഇങ്ങനെ വാശി പിടിക്കണോ? കൊല്ലം പത്തിരുപതായില്ലേ അതൊക്കെ കഴിഞ്ഞിട്ട്? ഇനിയെങ്കിലും അതൊക്കെ അവസാനിപ്പിച്ചുടെ? പഴയതൊക്കെ മറന്നൂടെ? "
അഞ്ഞൂറാൻ : " മറക്കണോ..? കഴിഞ്ഞതൊക്കെ ഞാൻ മറക്കണോ? എന്തൊക്കെയാടോ ഞാൻ മറക്കണ്ടേ? എന്റെ ലക്ഷ്മി.. ഈ വീടിന്റെ മഹാലക്ഷ്മി.. എന്റെ കൺമുമ്പിലാ വെട്ട് കൊണ്ട് വീണത്. ഈ കൈകളിൽ കിടന്നാ അവസാനം അവൾ പിടഞ്ഞു പിടഞ്ഞു മരിച്ചത്. അത് ഞാൻ മറക്കണോ? പിന്നെ ഞാൻ പതിനാലു കൊല്ലം പൂജപ്പുര സെൻട്രൽ ജയിലിൽ കരിങ്കല്ലുടച്ചത് മറക്കണോ? മറക്കണോ? മറക്കണോന്ന്...ഇതൊന്നും ഈ അഞ്ഞൂറാൻ മറക്കുകേലെടോ.. മറക്കുകേല.. ആ തള്ളേം മക്കളേം നശിപ്പിച്ചേ ഈ അഞ്ഞൂറാന്റെ ശവം ചാമ്പലാവൂ...... (with that എപിക് ബിജിഎം )... "
2. ആനപ്പാറയിലെ വീരഭദ്രന്റെ (സിദ്ദിഖ് ) വാക്കുകളിലൂടെ :
"ഇനി ഇപ്പോ നിന്നെക്കൊണ്ട് പ്രതികാരം ചെയ്യിക്കാഞ്ഞിട്ടാണ് നിന്റെ അച്ഛമ്മയ്ക്ക്. ഇപ്പൊ പ്രതികാരം ചെയ്യാൻ നടക്കുന്ന നീ പോലും ആ വീട്ടിൽ ജനിക്കേണ്ട പെണ്ണായിരുന്നു. അഞ്ഞൂറാന്റെ മൂത്തമകൻ ബലരാമന്റെ കല്യാണപെണ്ണായിരുന്നു നിന്റെ അമ്മ. അന്ന് ആ കല്യാണം മുടക്കാൻ നിന്റെ അച്ഛമ്മ ചെയ്തത് എന്താണെന്നറിയുമോ? മുഹൂർത്തത്തിന്റെ തൊട്ട് മുൻപ് നിന്റെ അമ്മയെ പന്തലീന്ന് വിളിച്ചിറക്കി കൊണ്ട് വന്നു നിന്റച്ഛനെകൊണ്ട് ഈ അച്ഛമ്മ താലി കെട്ടിച്ചു.. അന്ന് നിന്റെ അമ്മയ്ക്കു വേണ്ടിയിട്ടുള്ള ലഹളേല്‍ അഞ്ഞൂറാന് അഞ്ഞൂറാന്റെ ഭാര്യയെ നഷ്ടപെട്ടപോ ഞങ്ങൾക്ക് നഷ്ടപെട്ടത് ഞങ്ങടെ അച്ഛനെയാ. പെരുവഴിയിൽ കിടന്ന് അഞ്ഞൂറാന്റെ ഭാര്യേടെ ജീവൻ പിടഞ്ഞു പിടഞ്ഞു ഇറങ്ങുമ്പോ ഞങ്ങടെ അച്ഛനെ തുണ്ടം തുണ്ടം ആക്കുകയായിരുന്നു അഞ്ഞൂറാൻ... "
3. ബലരാമന്റെ (തിലകൻ) വാക്കുകളിലൂടെ :
" പ്രായം ആയില്ലെങ്കിലും പ്രായം കഴിഞ്ഞാലും ഇനി ഈ ജന്മത്തിൽ എനിക്കൊരു കല്യാണം വേണ്ട. ഒരിക്കൽ ഒരുങ്ങികെട്ടി ഇറങ്ങിയവനാ ഞാൻ. അന്ന് ആ കല്യാണം നടക്കാതെ പോയതിൽ എനിക്ക് ദുഖമില്ല. അതൊരു ദുരന്തമായിട്ട് എനിക്കിന്ന് വരെ തോന്നീട്ടുമില്ല. പക്ഷേ.. അത് നടത്താൻ ശ്രമിച്ചപ്പോ ഉണ്ടായ ദുരന്തം ഉണ്ടല്ലോ.. അതെന്റെ മനസ്സിൽ നിന്നൊരിക്കലും പോവില്ല. ഇപ്പൊ കല്യാണം എന്ന് കേൾക്കുമ്പോ നമ്മുടെ അമ്മേടെ പൊതിഞ്ഞു കെട്ടിയ ജഡവും, കയ്യാമം വെച്ച് രണ്ടു വശത്തും പൊലീസുമായി നടന്നു പോകുന്ന അച്ഛനുമാണ് മനസ്സിൽ. അതെല്ലാം മറന്നിട്ടു ഇപ്പൊ ഞാൻ കല്യാണം കഴിക്കണം അല്ലെ? "
ഈ മൂന്ന് സംഭാഷണങ്ങളിലൂടെ വ്യക്തമായി ആ പകയുടെ ഭീകരത സംവിധായകൻ പറഞ്ഞു തരുന്നു. എൻ. എൻ. പിള്ള, സിദ്ദിഖ്, തിലകൻ : മൂന്ന് പേരും ഈ സംഭാഷങ്ങൾ പറയുമ്പോൾ ഉപയോഗിച്ചിട്ടുള്ള മോഡുലേഷൻ അപാരം. പ്രത്യേകിച്ചും എൻ. എൻ. പിള്ള.
ഓരോ സംഭാഷണങ്ങൾ കേൾക്കുമ്പോഴും നമ്മുടെ മനസ്സിൽ അന്ന് അവിടെ നടന്നിട്ടുള്ള ഇരട്ട കൊലപാതകത്തിന്റെയും ലഹളയുടെയും ചിത്രം മനസ്സിൽ തെളിഞ്ഞു വരും. അത് എത്ര തവണ ഈ സിനിമ കണ്ടാലും അതുപോലെ നിറയും.
ശക്തമായ ഈ അടിത്തറ സിനിമയ്ക്ക് ഉള്ളതുകൊണ്ട് തന്നെയാണ് ഗോഡ്ഫാദർ കാലത്തെ അതിജീവിച്ച സിനിമയായി ഇന്നും പ്രേക്ഷക മനസ്സിൽ നിൽക്കുന്നതും, അഞ്ഞൂറാൻ എന്ന കഥാപാത്രം മലയാള സിനിമ ഏറ്റവും ആഘോഷിച്ച കഥാപാത്രങ്ങളിൽ ഒന്നാകാനും കാരണം..
ഗോഡ്ഫാദറിന്റെ സൃഷ്ടാക്കളായ സിദ്ദിഖ് -ലാലുമാരെ ഓർത്തുകൊണ്ട്..,
നിങ്ങൾ എല്ലാവരെയും പോലെ മറ്റൊരു ഗോഡ്ഫാദർ ആരാധകൻ, നമ്പു.