ADVERTISEMENT

തൃശൂർ ടൗണിലേക്കുള്ള ബസിൽ കയറി, കാഴ്ചകൾ കണ്ട് രസിച്ചങ്ങനെ ടൗണിലെത്തി, കൂട്ടുകാരന്റെ കൂടെപ്പോയി ഒരു ലൈം സോഡ കഴിക്കാൻ തോന്നുന്ന ഒരു ഇത്– ഈ ലോക്ഡൗൺ കാലത്ത് എന്തെങ്കിലുമൊക്കെ സംവിധായകൻ അനൂപ് സത്യന് മിസ് ചെയ്യുന്നുണ്ടെങ്കിൽ, അത് ഈ പറഞ്ഞതു മാത്രമാകും. ബാക്കിയെല്ലാം പഴയ പടി തന്നെ.

 

sathyan-anthikkad-kids

ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ അന്തിക്കാട്ടെ വീട്ടിലെ ഈ അടച്ചിരിക്കൽ അനൂപിന് ശീലമാണ്. അനേക ജീവജന്തുജാലങ്ങൾ തട്ടുപൊളിപ്പനായി വാഴുന്ന രണ്ടേക്കർ പുരയിടത്തിലെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം തനി വീട്ടുകുട്ടിയായി! ലോക്ഡൗണിൽ വന്ന ഒരു മാറ്റം ജ്യേഷ്ഠന്റെ കുടുംബവും വീട്ടിലെത്തി എന്നതാണ്. അതോടെ ഒരു കാര്യത്തിൽ പൂട്ടു വീണു... നേരവും കാലവും നോക്കാതെയുള്ള പകലുറക്കങ്ങൾ! "എന്റെ പകൽസമയം കൂടുതലും എടുക്കുന്നത് കുട്ടികളാണ്," പുഞ്ചിരിയോടെ അനൂപ് പറയുന്നു. 

 

anoop-kids

'ഒറ്റമകൻ ഫീലാണ് വീട്ടിൽ'

 

anoop-sathyan-selfie

വീട്ടിൽ നിൽക്കുന്നത് എനിക്ക് പുതിയ കാര്യമല്ല. എനിക്കിത് ശീലമാണ്. കാരണം, വീട്ടിൽ അമ്മ തനിച്ചാണ്. സഹോദരങ്ങൾ വിവാഹിതരാണ്. അരുൺ കോഴിക്കോടും ട്വിൻ ബ്രദർ അഖിൽ മദ്രാസിലുമാണ്. ഫഹദിനെ വച്ചൊരു സിനിമ ചെയ്യുന്ന പണികളിലാണ് അഖിൽ. വീട്ടിൽ സഹായത്തിന് ആരെയും നിറുത്തിയിട്ടൊന്നുമില്ല. ഞാനും അച്ഛനും മാറി മാറിയാണ് അമ്മയ്ക്കൊപ്പം മുഴുവൻ സമയവും ഉണ്ടാവാറുള്ളത്. ‍ഞങ്ങൾ മൂന്നു മക്കളാണെങ്കിലും ഇപ്പോൾ എനിക്കൊരു ഒറ്റമകൻ ഫീലാണ് വീട്ടിൽ! 

 

'പടമെടുക്കലാണ് മെയ്ൻ പരിപാടി'

anoop-sathyan-boys

 

ഞാൻ പൊതുവെ രാത്രികളിലാണ് കൂടുതൽ സമയം ആക്ടീവ്. രാവിലെ ഉണരാൻ വൈകും. വൈകീട്ട് ഞങ്ങളെല്ലാവരും കൂടിയാണ് പറമ്പു നനയ്ക്കുക. വൈകിട്ട് നാലു നാലര ആകുമ്പോൾ ഞാനും അച്ഛനും അമ്മയും കൂടി നനയ്ക്കാനിറങ്ങും. അത് ഏഴര വരെ പോകും. ഇതാണ് പൊതുവെയുള്ള എന്റെ റൂട്ടീൻ. ഇപ്പോൾ ഉള്ള ഒരു വ്യത്യാസം വീട്ടിൽ ചേട്ടൻ അരുണും കുടുംബവുമുണ്ട്. കോഴിക്കോടാണ് അരുൺ ജോലി ചെയ്യുന്നത്.

sathyan-kids

 

ലോക്ഡൗണിനു മുൻപ് അവർ അന്തിക്കാട്ടെ വീട്ടിലെത്തിയിരുന്നു. അവർക്ക് രണ്ടു മക്കളുണ്ട്. ഒരാൾക്ക് ഒന്നര വയസും മറ്റേ ആൾക്ക് നാലഞ്ചു വയസുമാണ് പ്രായം. ഇവരാണ് എന്റെ പകൽസമയം കൊണ്ടു പോകുന്നത്. ഇവരുടെ ഈയൊരു കാലം ഡോക്യുമെന്റ് ചെയ്യലാണ് എന്റെ പ്രധാന പണി. അവരുടെ ഈ കുട്ടിക്കാലം കൃത്യമായി ഡോക്യുമെന്റ് ചെയ്യാൻ കഴിഞ്ഞതാണ് ഈ സമയത്തെ വലിയ സന്തോഷം. 

 

anoop-sathyan-lal-jose

പിടിച്ചു നിൽക്കാൻ അൽപം അഭിനയം

 

രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോഴാണ് എന്റെ 'മീ ടൈം' തുടങ്ങുക. ആദ്യമൊക്കെ പുലർച്ചെ രണ്ടു രണ്ടര വരെയൊക്കെ ആകുമ്പോൾ ഉറങ്ങുമായിരുന്നു. ഇപ്പോഴത് മൂന്നു–നാലു മണിവരെയൊക്കെയായി. രാവിലെ അതുകൊണ്ടു തന്നെ ഞാൻ വൈകിയാണ് ഉണരുക. ഒരു പത്തുമണി വരെയൊക്കെ ഉറങ്ങുന്നതിൽ അച്ഛന് പ്രശ്നമില്ല. പക്ഷേ, ആ സമയം കഴിഞ്ഞാൽ പതുക്കെ അമ്മ ചീത്ത പറഞ്ഞു തുടങ്ങും. അതുകൊണ്ട് വേറൊരു വഴി ഞാനിപ്പോൾ കണ്ടെത്തി. പത്തു മണി ആകുമ്പോൾ ഞാൻ ഉണർന്ന പോലെ അഭിനയിക്കും. ഞാൻ എണീറ്റതായി അവരെ വിശ്വസിപ്പിക്കും. നേരത്തെ എണീറ്റ ആളാണ് എന്ന മട്ടിൽ അവിടെയും ഇവിടെയും ഒക്കെ ഓടിച്ചാടി നടന്നിട്ട് പതുക്കെ മുങ്ങും. ആ മോഡിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.

anoop-sathyan-family

 

അച്ഛനൊപ്പമുള്ള വീട്ടുനേരങ്ങൾ

 

പാട്ടുകളുടെ അച്ഛന്റെ പ്ലേലിസ്റ്റ് ഈയിടയ്ക്കാണ് ഞാൻ കേട്ടത്. ഞാൻ ഇതുവരെ കേൾക്കാത്ത പാട്ടുകളൊക്കെയുണ്ട് അതിൽ. പാട്ടു കേൾക്കുമ്പോൾ അതിന്റെ വരികളെക്കുറിച്ച് അച്ഛൻ ഓരോ കഥകൾ പറയും. നല്ല സംഗീതം ആണെങ്കിലും, വരികൾ കൂടി നന്നായാലേ അതു ആളുകളുടെ മനസിലേക്ക് കേറൂ. 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന പാട്ടിന്റെ വരികൾ ആദ്യം അതായിരുന്നില്ല. പിന്നെ, മാറ്റി എഴുതിയതാണ്. അങ്ങനെ കുറെ കഥകൾ അച്ഛൻ പറയും.

 

ഭാസ്കരൻ മാഷിന്റെയും ശ്രീകുമാരൻ തമ്പിയുടെയും വരികളെക്കുറിച്ച്... അങ്ങനെ ലളിതമായി എഴുതിയതുകൊണ്ടാണ് ആ പാട്ടുകൾ ഇന്നും നിലനിൽക്കുന്നത്. അങ്ങനെ അച്ഛനുമായുള്ള കുറെ വർത്തമാനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. സിനിമയെക്കുറിച്ച് മാത്രമല്ല... അതിനു പുറത്തുമുള്ള ഒരുപാടു കാര്യങ്ങൾ. 

 

ഓർമകൾ ഫോൾഡറിലേക്ക്

 

ലാപ്ടോപ്പിലും മൊബൈലിലും ഉള്ള പഴയ ഫോട്ടോകൾ എല്ലാം കൃത്യമായി തരംതിരിക്കാൻ ചെയ്യാൻ ഇപ്പോൾ സമയമുണ്ട്. അതു എനിക്കൊരു മൊമന്റ് (moment) ആണ്. ഒരു ഫോട്ടോ കാണുമ്പോൾ ആ ടൈം ഓർമ്മ വന്നു തുടങ്ങി. അന്നുണ്ടായ തമാശകളും സംഭവങ്ങളും നോട്ട് ചെയ്തു തുടങ്ങി. ലാൽ ജോസ് സാറിന്റെ പടത്തിൽ വർക്ക് ചെയ്തപ്പോൾ ആദ്യം ക്ലാപ്പടിക്കുന്ന ഒരു ഫോട്ടോ ഉണ്ട്. അന്നത്തെ ടെൻഷൻ എനിക്കിപ്പോഴും ഓർമയുണ്ട്.

 

ഷൂട്ടിന്റെ മൂന്നാം ദിവസമാണ് സർ എന്നെ ചീത്ത പറയുന്നത്. അതുവരെ ചീത്ത പറഞ്ഞിരുന്നില്ല. മൂന്നാം ദിവസം ക്ലാപ്പ് അടിച്ചപ്പോൾ സർ ഷൗട്ട് ചെയ്തു. അതോടെ ഞാൻ റിലാക്സ്ഡ് ആയി. എന്നെ നോർമൽ ആയി കണ്ടു തുടങ്ങിയല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം. അതിന്റെയൊക്കെ സ്റ്റിൽസ് ഇപ്പോൾ കാണുമ്പോൾ ആ സമയം വീണ്ടും ഓർമ വരും. കയ്യിലുള്ള ഫോട്ടോയും വിഡിയോസുമെല്ലാം തരംതിരിക്കാൻ ഇപ്പോഴാണ് സമയം കിട്ടിയത്. 

 

ലാൻഡ് ഫോൺ എന്റെ ലോക്ഡൗൺ ചങ്ങാതി

 

യൂറോപ്പിലേക്ക് ഒരു സോളോ ട്രാവൽ പ്ലാൻ ഉണ്ടായിരുന്നു. അത് ഇനി എന്തായാലും പെട്ടന്ന് നടക്കില്ല. ഒരു ഡോക്യുമെന്ററി ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. അതും പുറത്തായതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചെയ്യാൻ കഴിയില്ല. അച്ഛന്റെ ഒരു പടത്തിൽ അസോസിയേറ്റ് ആയി വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ, പടം കുറച്ചു കഴിഞ്ഞേ തുടങ്ങൂ. അതിനാൽ വേറെ വഴിയില്ലാത്തതുകൊണ്ട് സ്വന്തമായി സിനിമ ചെയ്യുക എന്ന ഓപ്ഷൻ മാത്രമേ മുന്നിലുള്ളൂ. ഒരു സബ്ജകറ്റ് ആലോചനയിലാണ്. എഴുതാൻ എനിക്ക് മടി ആയതുകൊണ്ട് ആളുകളെ ഫോണിൽ വിളിച്ചു കഥ പറയും.

 

വീടിന് അകത്ത് മൊബൈലിന് റേഞ്ച് കുറവാണ്. അതുകൊണ്ട്, പഴയ ലാൻഡ് ഫോൺ ഒന്നു ഉഷാറാക്കി. ഇപ്പോൾ ലാൻഡ് ഫോണുമായി അറ്റാച്ച്മെന്റ് കൂടി. മൊബൈലിനെപ്പോലെ ഇടയ്ക്കിടെ എടുത്തു നോക്കാൻ തോന്നില്ല എന്നൊരു മെച്ചമുണ്ട്. ഇതും എന്റെ ലോക്ഡൗൺ മൊമന്റ് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com