നടന്‍മാരോട് യാചിക്കേണ്ട അവസ്ഥ എനിക്കില്ല, പക്ഷേ അവർ എന്നെ ഒഴിവാക്കി: പ്രിയദർശൻ
Mail This Article
പുതിയ ചിത്രമായ ഹംഗാമ 2വിനു വേണ്ടി സമീപച്ചപ്പോള്‍ പല മുന്‍നിര ബോളിവുഡ് നടന്‍മാരും ഈ സിനിമ നിരസിച്ചതായി സംവിധായകന്‍ പ്രിയദര്‍ശന്‍. 2003-ല്‍ പുറത്തിറങ്ങിയ ‘ഹംഗാമ’ എന്ന ചിത്രത്തിന് സീക്വല്‍ ഒരുക്കുന്ന കാര്യം പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍ എന്നിവരെ സമീപിച്ചിരുന്നതായും അവരെല്ലാം നിരസിച്ചതായി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
‘നേരിട്ട് എത്തിയില്ലെങ്കിലും ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരോട് ഈ സിനിമയുടെ ആശയം ഞാൻ വിവരിച്ചിരുന്നു. അവരെല്ലാം ഈ ഓഫർ നിരസിച്ചു. നടന്‍ മീസാനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഔട്ട്‌ഡേറ്റഡ് ആയ സംവിധായകനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. മാത്രമല്ല കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹിന്ദി സിനിമാ രംഗത്തില്ലല്ലോ”.– പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.
‘ഈ പ്രോജക്ടിനായി അവര്‍ ഒട്ടും താത്പര്യം കാണിച്ചില്ല. മുഖത്ത് നോക്കി പറഞ്ഞില്ലെന്നു മാത്രം. നടന്‍മാരോട് യാചിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യം. സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് കുറേ തവണ നിര്‍ബന്ധിക്കുകയാണെങ്കില്‍ അവര്‍ ബഹുമാനത്തോടെ ഒരു കോഫി ഓഫര്‍ ചെയ്യും നിങ്ങളെ പതുക്കെ ഒഴിവാക്കും. അവര്‍ നിങ്ങളെ വിശ്വസിക്കാത്തതിനാലാവാം ഇങ്ങനെ ചെയ്യുന്നത്.’–പ്രിയദര്‍ശന്‍ പറഞ്ഞു.
1984 ൽ എത്തിയ പൂച്ചക്കൊരു മൂക്കുത്തിയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഹംഗാമ. ആദ്യ ഭാഗത്തിന്റെ തീം തന്നെയാണ് തുടർഭാഗത്തിലും ഉപയോഗിക്കുന്നതെന്ന് പ്രിയൻ പറയുന്നു. 2003 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിൽ പരേഷ് റാവൽ, അക്ഷയ് ഖന്ന, അഫ്താബ് ശിവ്ദാസനി, റിമി സെൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
രണ്ടാം ഭാഗത്തിൽ മീസാൻ, പരേഷ് റാവൽ, ശിൽപ ഷെട്ടി, പ്രണിത സുഭാഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു.