‘ആ എടുത്തു പൊക്കുന്നത് മലയാള നടിയെ തന്നെ’; കോളജ് ഓർമകളുമായി മാലാ പാർവതി
Mail This Article
നടി മാലാ പാർവതിയുടെ കോളജ് കാലഘട്ടത്തിലെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 1989 കാലഘട്ടത്തിൽ കോളജ് ചെയർപേഴ്സണായി മത്സരിച്ചു വിജയിച്ചു നിൽക്കുന്ന നടിയെ കൂട്ടുകാർ ചേർന്ന് എടുത്ത് ഉയർത്തുന്ന ചിത്രമാണിത്. ആ ചിത്രം വീണ്ടും ചർച്ചയാകുമ്പോൾ പഴയകാല ഓർമകളുമായി മാലാ പാർവതിയും. ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യവും ചെയർപേഴ്സണായി മത്സരിക്കാനുണ്ടായ കാരണങ്ങളുമൊക്കെ വിശദമായ കുറിപ്പിലൂടെ താരം പറയുന്നു.
മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം:
വീണ്ടും ചില ഓർമകൾ..! ഫോട്ടോയുമായി ബന്ധപ്പെട്ട്.. അല്ല ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ട്...!
കഴിഞ്ഞ ദിവസമാണ്, തിരുവനന്തപും വിമൻസ് കോളജ് ഇലക്‌ഷൻ ജയിച്ചതിന് ശേഷം എടുത്ത ഒരു ഫോട്ടോ എനിക്ക് കിട്ടിയത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ കൂടെ ഒരു കുറിപ്പും എഴുതിയിരുന്നു. പ്രേംസുജ കമന്റിൽ വന്ന് ഓർമ്മകൾ ഇനിയും പോരട്ടെ എന്ന് ഒരു കമന്റിട്ടു. അതങ്ങനെ മനസ്സിൽ കിടന്നത് കൊണ്ടാവും ആ കാലത്തെ കുറച്ചു കൂടി ഓർമകൾ എഴുതാൻ തോന്നുന്നത്.
1989-ൽ ചെയർപേഴ്സണായി മൽസരിക്കാൻ വിചാരിച്ചതല്ല. കാരണം 1988-ൽ വൈസ് ചെയർപേഴ്സണായി മൽസരിക്കുന്ന സമയത്ത് തന്നെ ആ വർഷം കൊണ്ട്, ഈ മാതിരി പരിപാടിയൊക്കെ നിർത്തി, നല്ല കുട്ടിയായി, പഠിത്തത്തിൽ ശ്രദ്ധിച്ചോളാം എന്ന് വീട്ടിൽ സത്യവാങ്മൂലം കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യത്തെ വർഷം ഇലക്‌ഷന് നിൽക്കാനുള്ള അനുവാദം കിട്ടിയത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ കാരണം വീണ്ടും മൽസരിക്കേണ്ടി വന്നു എന്ന് പറയുന്നതാവും ശരി.
1988- 89 യൂണിയനിലെ ജനറൽ സെക്രട്ടറി ഒരു ‘കെഎസ്‌യു’കാരി ആയിരുന്നു. (പേര് പറയുന്നില്ല). ഫിലിം ഫെസ്റ്റിവലിന്റെ ചാർജ് സാധാരണ ഉണ്ടാകാറുള്ളത് പോലെ ജനറൽ സെക്രട്ടറിക്കാണ് നൽകിയിരുന്നത്. ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ ഞാൻ കോട്ടയത്തായിരുന്നു. കേരള കലോൽസവത്തിന് ടീമിനെയും കൊണ്ട് പോയതായിരുന്നു. ആർട്ട്സ് ക്ലബ് സെക്രട്ടറിയായിരുന്ന മിനുവിനും (KSU) വൈസ് ചെയർപേഴ്സണായ എനിക്കും ആയിരുന്നു അതിന്റെ ഉത്തരവാദിത്വം.
തിരിച്ച് വന്നതിന്റെ പിറ്റേന്ന് ഞങ്ങളുടെ സ്റ്റാഫ് അഡ്വൈസർ ആയിരുന്ന വിലാസിനി ടീച്ചർ എന്നെ വിളിക്കുന്നു എന്ന് ആരോ വന്നു പറഞ്ഞു. മലയാളം ഡിപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ, വേറെയും ചില യൂണിയൻ ഭാരവാഹികൾ അവിടെ നിൽക്കുന്നു.
ടീച്ചർ ഞങ്ങളെയും കൊണ്ട് പ്രിൻസിപ്പാളിനെ കാണാൻ പോയി. കിറ്റി ലോപസ് ടീച്ചർ ആണ് അന്ന് പ്രിൻസിപ്പാൾ. ഗുരുതരമായ ഒരു പ്രശ്നം ടീച്ചറിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ഫിലിം ഫെസ്റ്റിവലിന്റെ കണക്കിൽ തിരിമറി! 25 പാസ് വീതമുള്ള 50 ബുക്കുകൾ അടിക്കാനാണ് സ്റ്റാഫ് കൗൺസിൽ തീരുമാനം എടുത്തിരുന്നത്. എന്നാൽ 50 ന് പകരം 80 ബുക്കുകൾ പ്രിന്റ് ചെയ്യിച്ചിരുന്നു.
എന്നല്ല അതിൽ കണക്കിൽപെടാത്ത ബുക്കുകളിലെ പാസ്സുകളാണ് അധികം വിറ്റ് പോയിരുന്നതും. ചെയർമാനായ യമുനയ്ക്കോ, ഭാരവാഹികളായിരുന്ന മറ്റ് മെമ്പർമാർക്കോ ഈ ബുക്കുകളെ കുറിച്ച് ധാരണയും ഇല്ല. ക്യാംപസിലെ കുട്ടികൾക്കായി നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ മിഥുൻ ചക്രവർത്തിയുടെ 'കമാൻഡോ' എന്ന ചിത്രം ഉണ്ടാകും എന്ന പ്രചരണമുണ്ടായിരുന്നതിനാൽ കുട്ടികളൊക്കെ ടിക്കറ്റ് വാങ്ങിയിരുന്നു.
ഫെസ്റ്റിവലിൽ കമാൻഡോ എന്ന പടം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല തട്ടിപ്പും നടന്നിരിക്കുന്നു. സ്വതവേ സ്നേഹമയിയായ വിലാസിനി ടീച്ചർ, ആ സമയത്ത് ദേഷ്യവും സങ്കടവും ഒക്കെ വന്ന് ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. എവിടെ നിന്നെങ്കിലും ആ കുട്ടിയെ പോയി കൊണ്ട് വരണം. ടീച്ചർ ഒരു ഉത്തരവിന്റെ സ്വരത്തിൽ പറഞ്ഞു. അന്വേഷിച്ചപ്പോൾ ക്യാപംസിലില്ല.
ആകാശവാണിയിൽ ഒരു ഡിസ്ക്കഷന് പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു കക്ഷി. ഞങ്ങൾ മൂന്ന് പേര് അങ്ങോട്ട് പുറപ്പെട്ട്. ഓട്ടോയിൽ തൈക്കാട് ആകാശവാണിയിൽ അന്ന് എന്റെ അപ്പച്ചി ( സരസ്വതി അമ്മ) ഉണ്ട്. ആ സ്വാധീനം ഉപയോഗിച്ച് പ്രത്യേക പെർമിഷൻ ഒക്കെ വാങ്ങി റിക്കോഡിങ് സ്റ്റുഡിയോയുടെ മുന്നിൽ ഇരുന്നു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ ചർച്ച കഴിഞ്ഞ് അവർ പുറത്തിറങ്ങി.
പുള്ളിക്കാരീടെ രണ്ട് വശത്തും രണ്ട് പേർ. പുറകിലൊരാൾ. ഞങ്ങളുടെ കൂടെ കോളജിൽ വരണം എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് കൊണ്ട് വരുന്നത് പോലെ ഓട്ടോയിൽ കയറ്റി ക്യാംപസിൽ കൊണ്ടു വന്നു. കുറ്റം പുള്ളിക്കാരിത്തി ഏൽക്കാതിരുന്നില്ല. കോളജിന്റെ ചാർജുള്ള KSU ക്കാര്‍ പറഞ്ഞിട്ടാണെന്നും, പണം അവരെ ഏൽപ്പിച്ചു എന്നും അവർ പറഞ്ഞു. ആ വർഷത്തെ അധ്യയനം ഏതാണ്ട് കഴിയാറായിരുന്നതിനാൽ പ്രത്യേകിച്ച് നടപടി ഒന്നുമുണ്ടായില്ല. ടീച്ചേഴ്സ് എല്ലാം ചേർന്ന് ഉപദേശിച്ച് വിട്ടു എന്നാണ് ഓർമ.
പക്ഷേ ഞങ്ങളുടെ ദേഷ്യം തീർന്നിരുന്നില്ല. അടുത്ത വർഷം ഇലക്‌ഷന് പ്രസ്തുത കക്ഷി ചെയർമാനായി നോമിനേഷൻ കൊടുത്തു എന്ന് കേട്ട് ഞങ്ങൾ ഞെട്ടി. SFl - പ്രവർത്തകരുടെ ആത്മരോഷം ഉണർന്നു. എങ്ങനെയും അവരെയും ആ പാനലും തോൽപ്പിക്കാൻ തീരുമാനിച്ചു. ഞങ്ങൾ ജയിക്കുന്നവരെ മാത്രം വച്ചൊരു പാനൽ ഉണ്ടാക്കിയത്. SFI-യുടെ പാനലിൽ തന്നെ വേണം എന്ന് തീരുമാനവുമായി.
അന്നൊക്കെ..,അന്നൊക്കെ എന്നല്ല, എന്നും വിമൻസ് കോളജിൽ കുട്ടികൾ ഇരിക്കുന്നത് പല പല മരത്തിന്റെ മൂടുകളിലാണ്. കാലക്രമേണ ഓരോ അധ്യയന വർഷത്തിലും,ചില ഇടങ്ങൾ ചിലർക്കായി ഉണ്ടായി വരും, ചിലത് ചിലരുടെ പേരുകളിൽ അറിയപ്പെടുകയും ചെയ്യും. ..ഞങ്ങളുടെ സമയത്തും വ്യത്യസ്തമല്ല. രാജശ്രീടെ മരം. എന്നാൽ രാജശ്രീ വാര്യർ, നടി സുചിത്ര.. (No 20 Madras Mail -ലെ നായിക) മഞ്ജു തുടങ്ങിവരുടേത്.
ഓപൺ എയർ ഓഡിറ്റോറിയത്തിന് ചുറ്റും ധാരാളം മരങ്ങളും, അവയുടെ കീഴിൽ ആ മരത്തിന് അധികാരികളായ കുട്ടികളും കാണും. ചിത്രയുടെ മരം, സജിതയുടെ മരം, റാണിയുടെ(റാണി എബ്രഹാം) മരം, ദേവിയുടെ മരം (Devi Ajith) എന്നൊക്കെ അറിയപ്പെട്ടിരുന്നു. അവിടെ തന്നെയുള്ള നാലാമത്തെ മരമായിരുന്നു ഞങ്ങളുടേത്. സൈക്കോളജി ഡിപ്പാർട്ട്മെൻ്ററിൽ നിന്ന് നോക്കിയാൽ കൃത്യമായി ഞങ്ങളെ കാണാമായിരുന്നു.
ക്ലാസ്സിൽ കയറാതെ അവിടെ ഇരിക്കുന്ന എന്നെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻ്റായിരുന്ന കുമാരി ഭഗവതി ടീച്ചർ അവിടെ നിന്ന് കൈ കൊട്ടി വിളിക്കുമായിരുന്നു.' ക്ലാസ്സിൽ വരുന്നില്ലേ' ? യൂണിയൻ മെമ്പർ എന്ന സ്വാതന്ത്യമെടുത്ത് മീറ്റിങുണ്ട് എന്നൊക്കെ പച്ചപുളു പറഞ്ഞിട്ടുമുണ്ട്. ഞങ്ങടെ മരമ്മൂട്ടിൽ കുടുംബത്തിന് ഞങ്ങൾ ഇട്ടിരുന്ന പേര് ഫ്രെഷീസ് എന്നാണ്. മ്യൂസിക്ക് ഡിപ്പാർട്ട് മെൻ്റിൽ നിന്ന് വൃന്ദയും വീണയും, ഫിലോസഫി ഡിപ്പാർട്ട്മെൻ്റിൽ നിന്ന് കാത്തു. ഹിസ്റ്ററി ഡിപ്പാർമെൻറിൽ നിന്ന് റാണി പ്രദീപ് ,ശ്രീകുട്ടിയും. ബാക്കി ഏതാണ്ടെല്ലാവരും ഹോം സയൻസ് ഡിപ്പാർട്ട്മെൻ്റിൽ നിന്നാണ്. റെബേക്ക തോമസ്, നർത്തകിയും ഞങ്ങടെ അഭിമാന താരവുമായിരുന്ന ജാനു , ചിപ്പി ( Lekha Bose), Beena, Anjana, Priya, Mini തുടങ്ങി 14 പേർ. ഞങ്ങൾക്ക് ആ മരംമൂട്ടിൽ പല നിയമങ്ങളും ഉണ്ടായിരുന്നു. (ഇലക്‌ഷൻ കഥയിൽ നിന്ന് വിട്ട് പോകുനു എന്ന് തോന്നിയേക്കാം. പക്ഷേ അല്ല. ഇത് പറയാതെ അത് നടക്കില്ല. അതാ... )
അന്ന് എന്തിനും പാരഡി പാട്ടെഴുതുകയായിരുന്നു ശീലം. മരംമൂട്ടിൽ ഞങ്ങൾക്ക്, പല നിയമങ്ങൾക്ക് പുറമേ.. അറ്റൻഡൻസ് റജിസ്റ്റർ വരെ ഉണ്ടായിരുന്നു! ഒരു കടും നീല കളറിലെ വലിയ റജിസ്റ്റർ. ക്ലാസ്സിൽ പോയാലും ഇല്ലേലും മരം മൂട്ടിലെ രജിസ്റ്ററിൽ ഒപ്പിട്ടിരിക്കണം. ഞങ്ങടെ ഗ്യാംഗിന് ഒരു പാട്ടും ഉണ്ടായിരുന്നു. ഒരു ആന്തം.. എന്ന് വേണമെങ്കിലും പറയാം.
(ആലായാൽ തറ വേണം എന്ന മട്ട്)
കോളജായാൽ മരം വേണം
മരമ്മൂട്ടിൽ കുട്ടികൾ വേണം
കുട്ടികളായാൽ ഫ്രെഷീസ് പോലൊരു ഗ്യാങും വേണം.
ഇതിൽ ഞങ്ങടെ ഫിലോസഫി അടക്കം ഉണ്ടായിരുന്നു.. അതായത്..
'ക്ലാസ്സുണ്ടെങ്കിൽ കട്ട് ചെയ്യണം
മരംമൂട്ടിൽ ഇരുന്നിടേണം
മെയിനും സബ്ബും കയറാനുള്ളൊരു മനസ്സും വേണം."
( ദീർഘമായതിനാൽ, ഇത്രേം മതി)
അങ്ങനെ എന്തിനും ഏതിനും പാരഡി എഴുതുന്ന ഞങ്ങൾ ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 1988-ലെ വെട്ടിപ്പ് നടത്തിയ ആ.. ജനറൽ സെക്രട്ടറി, വിലാസിനി ടീച്ചറിനെ വിഷമിപ്പിച്ച ആ ജനറൽ സെക്രട്ടറി, കോളജിനെ പറ്റിച്ച ആ സെക്രട്ടറി ഇനി ഭാരവാഹി ആകരുത്! ആ വർഷമാണ് ഇലക്‌ഷന് പാരഡി പാട്ടിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നത്. Meet the Candidate നടക്കുന്നതിന് മുമ്പ് പാട്ടുകൾ തയ്യാറായിരുന്നു. കുറച്ചധികം പേരെ പഠിപ്പിച്ച് ഗ്യാങായി ആണ് ആലാപനം!
ഒരെണ്ണം..നീലപൊൻമാൻ എന്ന ചിത്രത്തിലെ പൂവെ വാ എന്ന ഈണത്തിലാണ് പാട്ട്. വരികൾ ഏതാണ്ടിങ്ങനെയാണ്.
കൂവാൻ വാ,
കൂവി തകർക്കാൻ വാ
ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ .
മീറ്റ് ദ കാൻഡിഡേറ്റ്..
കൂവാൻ വാ.. വാ.. കൂവാൻ വാ
ആഞ്ഞാഞ്ഞ് കൂവ്
അരെ കൂവി കൂവി തള്ള്
ആയിരങ്ങൾ വെട്ടിച്ച കള്ളിയെ കൂവി, തകർക്ക്.. "
തുടങ്ങി പലതും.
ആ ഗംഭീര ഗാനങ്ങൾ ആലപിക്കുന്നതിനിടയിൽ കൂട്ടുകാരികൾ കൂവുന്നതും , ചെരിപ്പ് കാണിക്കുന്നതും, കല്ലെറിയുന്നത് പോലെ ആംഗ്യം കാണിക്കുന്നതും ഒക്കെ സ്വാഭാവികമായിട്ടാണ് നമുക്ക് തോന്നിയതെങ്കിലും.. ഇതെല്ലാം മറ്റൊരാൾ കാണുമെന്നും, പടമെടുക്കുമെന്നും,അത് പത്രത്തിൽ കൊടുക്കുമെന്നും ആരും കരുതിയിരുന്നില്ല.
മലയാള മനോരമ പത്രത്തിലെ ഫോട്ടോഗ്രാഫർ ജയചന്ദ്രൻ ചേട്ടൻ ഇതെല്ലാം കാണുകയും, കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ശത്രുവിനെ തോൽപ്പിക്കുക എന്ന ഏക ഉദ്ദേശത്തിൽ മുഴുകിയിരുന്നതിനാൽ ഫോട്ടോ എടുത്തത് ആരും ശ്രദ്ധിച്ചില്ല. പ്രിയപ്പെട്ട ജയചന്ദ്രൻ ചേട്ടൻ ആ 'കൊലവെറി' ക്യാമറയിൽ പകർത്തി എന്ന് മാത്രമല്ല അത് പത്രത്തിലും കൊടുത്തു.
പാവാടയും ബ്ലൗസും, ഹാഫ് സാരിയും ഒക്കെയുടുത്ത്, ചന്ദന പൊട്ടൊക്കെ തൊട്ട്, കുപ്പിവളയും. മുല്ലപ്പൂവും ഒക്കെ കൂടി കുലീനകളായി വീട്ടിൽ നിന്നിറങ്ങി വരുന്ന മക്കളുടെ തനി രൂപം പത്രത്തിൽ കണ്ട് രക്ഷിതാക്കൾ ഞെട്ടി. ആ ഞെട്ടലിൽ, വീട്ടിൽ ഉണ്ടായ അപ്രതീക്ഷിത പ്രത്യാഘാതത്തിൽ ചിലർ രണ്ട് ദിവസത്തേക്ക് കോളജിലേയ്ക്കേ വന്നില്ല. പക്ഷേ തിരിച്ചു വന്ന്, മരമ്മൂട്ടിൽ ഇരുന്നതും. ഉശിര് ഇരട്ടിയായി. ഇലക്‌ഷൻ കവർ ചെയ്യാൻ വന്ന ജയചന്ദ്രൻ ചേട്ടനായിരുന്നു ടാർഗറ്റ്. വീണ്ടും പാരഡി നോട്ട് ബുക്ക് കൈയ്യിലെടുത്തു..
ജയ ജയ ജയ ജന്മ ഭൂമി എന്ന ഈണത്തിലായിരുന്നു ജയചന്ദ്രൻ ചേട്ടനെതിരെ എഴുതിയ പാരഡി.
എടയെടയെട താടിക്കാരാ..
എട താടിക്കാരാ ക്യാമറക്കാരാ..
എവിടെ നോക്കിയാലും
താനും തൻ്റെ ക്യാമറയും
തിരിയാനും പിരിയാനും പറ്റീല്ല ക്യാമറക്കാരാ
ക്യാമറക്കാരാ.. കൊച്ചു കള്ളാ
ആരു പറഞ്ഞു തന്റടുത്ത് പേപ്പറിലിടാൻ..
ഞങ്ങടെ ഒക്കെ മുഖച്ചിത്രം പേപ്പറിലിടാൻ.."
വരികൾ മുഴുവൻ ഓർമ്മ കിട്ടുന്നില്ല. എങ്കിലും... 'ഭാഗ്യം കൊണ്ട് പഠിത്തം നിർത്തിയില്ല' എന്നും 'നിർത്തിയെങ്കിൽ തന്റെ ഷേപ്പ് മാറിയേനെ' എന്നുമൊക്കെ എഴുതി പിടിപ്പിച്ചിരുന്നു. എഴുതുക മാത്രമല്ല ജയചന്ദ്രൻ ചേട്ടൻ ഇലക്‌ഷൻ കവർ ചെയ്യാൻ വന്നപ്പോൾ യൂത്ത് ഫെസ്റ്റിവലിനൊക്കെ പാടാൻ നിൽക്കുന്ന പോലെ അദ്ദേഹത്തിനടുത്ത് പോയി, വൃത്തിയായിട്ട് നിന്ന്.. 1.2,3,4 എന്ന് പറഞ്ഞ് പാട്ട് തുടങ്ങും.
അദ്ദേഹം കേൾക്കാത്ത മട്ടിൽ മാറി പോകും. പാട്ട് സംഘം അവിടെ എത്തും. പാട്ട് തുടങ്ങും. സഹിക്കാൻ വയ്യാതെ ജയചന്ദ്രൻ ചേട്ടൻ എന്റയടുത്ത് വന്നു.എങ്ങനേലും ഇതൊന്ന് ഒതുക്കി തരണമെന്ന് പറഞ്ഞു. എന്നോട് വന്ന് പറഞ്ഞപ്പോൾ, ആ മുഖം കണ്ട് ഞാൻ തകർന്നു പോയി. പാവം! അവരെ പറഞ്ഞൊതുക്കാൻ ഞാൻ കുറേ പാട് പെടേണ്ടി വന്നു.
ആ ദിവസമാണ് ഇലക്‌ഷൻ റിസൾട്ട് വന്നത്. SFI മുഴുവൻ സീറ്റുകളിലും വിജയിച്ചു.
അന്നത്തെ ഇലക്‌ഷൻ റിസൾട്ട് അനൗൺസ്മെന്റിന് ശേഷം ജയചന്ദ്രൻ ചേട്ടൻ എടുത്ത പടമാണിത്.പിന്നീട് മലയാള മനോരമയുമായി ചേർന്ന്. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ചും, പൂവാല ശല്യത്തെ കുറിച്ച് ബോധ്യപ്പെടുത്താൻ നടത്തിയ രാത്രിയാത്രയിൽ, ഗാന്ധി പാർക്കിന്റെ മുമ്പിൽ വച്ചൊരാൾ കൈയ്യിൽ പിടിച്ച് വലിക്കാൻ നോക്കിയപ്പോൾ ദൈവദൂതനെ പോലെ ജയചന്ദ്രൻ ചേട്ടൻ എന്റെ മുന്നിലെത്തി. അയാളെ തള്ളി മാറ്റി. പേടിച്ച് വിളറിയ അവസ്ഥയിലായിരുന്നു ഞാൻ. മതി പരീക്ഷണം, വീട്ടിൽ പോ എന്ന് എന്നോട് ദേഷ്യപ്പെട്ടത്, ഏറ്റവും സ്നേഹമുള്ള കരുതലായി ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ക്യാംപസും കൂട്ടുകാരും ജീവതത്തിലെ പച്ചപ്പാണ്. ഏത് ലോക്ഡൗൺ കാലത്തും നമ്മുടെ ഞരമ്പുകളെ പച്ചയായി നില നിർത്താൻ അവയ്ക്ക് സാധിക്കും.