കോവിഡിലും ചിത്രീകരണം നടന്ന ലോകത്തെ ഏക സിനിമ മലയാളത്തിൽ
Mail This Article
കൊറോണ മഹാമാരിയെ തുടർന്ന് നിർത്തിവച്ച ആടുജീവിതം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് സംവിധായകൻ ബ്ലെസി. ജോർദാൻ മരുഭൂമിയിലെ ഒറ്റപ്പെട്ട ജീവിതം സൃഷ്ടിച്ച അനിശ്ചിതത്വത്തെ സർഗാത്മകതയുടെയും ജീവിതാനുഭവങ്ങളുടെയും ജലധാരയാക്കി മാറ്റാനുള്ള ആ ശ്രമത്തെപ്പറ്റി ബ്ലെസി മനോരമയോട് ....
ബെന്യാമിന്റെ ആടുജീവിതം കുളമ്പടിച്ചു കയറുന്നത് റെക്കോർഡിലേക്കോ ?
ഹോളിവുഡും ലോകസിനിമയും പോലും ക്യാമറയ്ക്കു മീതേ മുഖാവരണമിട്ടിട്ടും ആടുജീവിതത്തെ പൂർണമായും ലോക്ഡൗൺ ചെയ്യാനായില്ല. മഹാമാരിക്കാലത്തും സാമൂഹിക അകലം പാലിച്ച് ചിത്രീകരണം. ജോർദാനിലെ വാദിറാം മരുഭൂമിയുടെ അന്തിച്ചുവപ്പു മുഴുവൻ ഒപ്പിയെടുത്ത് നജീബിന്റെ ദാഹാർത്തവും അത്രമേൽ ഏകാന്തവുമായ ജീവിതാനുഭവങ്ങൾക്കു മേൽ ക്യാമറ അതിന്റെ ജൈത്രയാത്ര തുടരുന്നു.
താടിയും ചെമ്മരിപ്പുതപ്പും കൊണ്ട് കോവിഡിനെ ആലയ്ക്കു പുറത്തു നിർത്തി സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും പുതിയൊരു കൂട്ടുകെട്ടിലാണ്. കോവിഡ് കാലത്ത് ചിത്രീകരണം തുടർന്ന ഏക മലയാള സിനിമ എന്ന തലയെടുപ്പിനെ പെട്ടിക്കുള്ളിലാക്കുന്ന തിരക്കിൽ. മുഖ്യകഥാപാത്രമായ നജീബിനെപ്പോലെ ആകാനുള്ള കഠിന ശ്രമത്തിന്റെ ഭാഗമായി പൃഥ്വിരാജ് താടി വളർത്തി. ഭക്ഷണ–ജീവിതചര്യകൾ മാറ്റി. അനുഭാവം പ്രകടിപ്പിച്ച് സംവിധായകൻ ബ്ലെസിയും താടി നീട്ടി.
കൊറോണ തെറ്റിച്ച സിനിമ ഷെഡ്യൂൾ
സൗദി അതിർത്തിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ജോർദാനിലെ വാദിറാം മരുഭൂമിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ലോകത്തിലെ ആടുവൈവിധ്യത്തിന്റെ തലസ്ഥാനം എന്നു പറയാം. ആടുകളെ തേടി ആദ്യം പോയത് മൊറോക്കോയിൽ. അവയ്ക്ക് നായ്ക്കളുടേതുപോലെയുള്ള വാലായതിനാൽ ഉപേക്ഷിച്ചു. പിന്നീട്, തടിച്ചു കൊഴുത്ത ആടുകൾ ധാരാളമുള്ള ജോർദാൻ ലൊക്കേഷനാക്കുകയായിരുന്നു.
ഹോളിവുഡിൽ നിന്നും ഒമാനിൽ നിന്നുമുള്ള നടന്മാരായിരുന്നു അർബാബുമാരുടെ ക്രൂരവേഷം ഇടേണ്ടിയിരുന്നത്. കോവിഡ് കാരണം ഇവരെത്താൻ വൈകി. മാർച്ച് 16 ന് ഒമാൻ താരം വന്നെങ്കിലും ക്വാറന്റീനിലായി. ഒമാൻ സർക്കാർ മൂന്നു വിമാനങ്ങൾ അയച്ചപ്പോൾ അക്കൂട്ടത്തിൽ ഈ നടനും മസ്കത്തിനു തിരികെ പോയി. അറബികളുമൊത്തുള്ള ഭാഗം ഒഴിവാക്കി ചിത്രീകരണം തുടങ്ങിയത് അങ്ങനെയാണ്.
ജോർദാൻ എന്ന സഹായനദി
ജോർദാനിലെ വസ്‌ത്രവ്യവസായി തിരുവനന്തപുരം സ്വദേശിയായ സനൽകുമാറിന്റെ സഹായം കിട്ടിയത് വലിയ ആശ്വാസമായി. കുബൂസും റൊട്ടിയും മാത്രം കഴിച്ച് 45 ദിവസത്തോളം കഴിഞ്ഞ 60 കലാകാരന്മാർക്കും ക്രൂവിനും അത് ആശ്വാസമായി. പൊറോട്ടയും ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ സനലും അദ്ദേഹത്തിന്റെ മക്കളും ചേർന്ന് എത്തിച്ചു. 25000 ജീവനക്കാരുള്ള വ്യവസായിയാണ് കോവിഡ് കാലത്ത് അവരുടെ കാര്യം നോക്കാനുള്ള തിരക്കിനിടയിലും
ഈ സഹായം നൽകിയതെന്നോർക്കണം.
മരുഭൂമിക്കു നടുവിലാണ് ഷൂട്ടിങ്ങും താമസവും. തിരികെ പോകാൻ വിമാനം ചാർട്ടർ ചെയ്യുന്നതിന് സനലും എംബസി സ്ഥാനപതിയും ഉദ്യോഗസ്ഥനായ ജോൺ സെബാസ്റ്റ്യനും മറ്റും വേണ്ട സഹായം ചെയ്യുന്നു. 32 ദിവസത്തോളം ഒന്നും ചെയ്യാതെ ഇരിക്കേണ്ടി വന്നു. ഇപ്പോൾ ഷൂട്ട് പുനരാരംഭിച്ചതിനാൽ മടുപ്പു മാറി. പകൽ ജോലിയുടെ തിരക്ക്. രാത്രി വിശ്രമം. പത്താം തീയതിയോടെ ആദ്യഘട്ടം അവസാനിക്കും.
ഞങ്ങളുടേതും ആടുജീവിതം
ലോകത്ത് ഈ സിനിമയുടെ മാത്രം ഷൂട്ട് നടക്കുന്നു എന്ന അറിവ് ആവേശം കൊള്ളിക്കുന്നു. ഇത്തരമൊരു അവസരം കിട്ടിയത് ഭാഗ്യമായി കാണുന്നു. കഴിഞ്ഞ ആറു മാസമായി പൃഥ്വിരാജ് താടിയും മുടിയും വളർത്തി ആടുജീവിതത്തിലെ നജീബിനെപ്പോലെ മാറാനുള്ള ശ്രമത്തിലായിരുന്നു. ഫെബ്രുവരിയിൽ ആദ്യ ഘട്ട ഷൂട്ടിന് എത്തിയപ്പോൾ സംവിധായകൻ ബ്ലെസിയും താടി നീട്ടാൻ തുടങ്ങി. തണുപ്പിനെ പ്രതിരോധിക്കുന്നതിലുപരി പ്രധാന നടന്റെ ആത്മാർഥതയെ പിന്തുണയ്‌ക്കുന്നതിനു കൂടിയായിരുന്നു അത്.
ഈ ആടുജീവിതത്തിൽ താൻ ഒറ്റയ്‌ക്കല്ലെന്നും സംവിധായകനും തനിക്കൊപ്പം ഉണ്ടെന്ന് അറിയുന്നതും നടനു പ്രചോദനം പകരും. ഈ താടി പൃഥ്വിരാജിനുള്ള മനഃശാസ്‌ത്രപരമായ പിന്തുണയാണ്. ഞങ്ങളുടേതും ഇപ്പോൾ ഒരുതരം ആടുജീവിതമാണല്ലോ–ബ്ലെസി മനസ്സു തുറന്നു. കലാകാരന്മാരെല്ലാം മേക്ക് ഓവർ തിരക്കിലാണ്. പലരും മാറിക്കഴിഞ്ഞു. മുടിയുടെ കാര്യത്തിൽ ചിലർ വമ്പൻ പരീക്ഷണങ്ങളിലാണ്.
കോവിഡ് ജോർദാനിൽ
ജോർദാനിൽ കോവിഡ് തീരെയില്ലെന്നു പറയാം. സൈന്യമാണ് എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്. 5 മന്ത്രിമാരുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ നിർദേശങ്ങൾ തയാറാക്കി നൽകുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പോകണമെങ്കിൽ സൈന്യത്തിന്റെ അനുമതി വേണം. ഒരു കോടിയിൽ താഴെ മാത്രമാണ് ജനസംഖ്യ എന്നതും ആശ്വാസകരമാണ്.
അജ വൈവിധ്യം
ലോകത്തെ ആടുവൈവിധ്യം അദ്ഭുതകരമാണ്. രോമാവൃതമായ തടിച്ച അവ്വാസി ആടിനങ്ങൾക്കു പ്രസിദ്ധമാണ് ജോർദാൻ. കഥയ്‌ക്കും സിനിമയ്‌ക്കും പറ്റിയ ക്യാമറയ്‌ക്കിണങ്ങുന്ന ആടാണിത്. മരുഭൂമിയുടെ നിറവുമായി യോജിക്കുന്നവ. ജോർദാൻ ലൊക്കേഷനാക്കിയതിനു കാരണവും ഈ അജവൈവിധ്യം തന്നെയാണ്.
വാദിറാം മരുഭൂമി
മരൂഭൂമികൾക്കിടയിലെ ശിൽപഗോപുരമാണ് വാദിറാം. ഇവിടുത്തെ അസ്‌തമയം ലോകോത്തരം. വലിയ നക്ഷത്രക്കാഴ്‌ചകളിലേക്കും നിലാവിലേക്കും മിഴി തുറക്കുന്ന മനോഹര രാത്രികളുടെ വെള്ളിത്താഴ്‍വര –മൂൺവാലി. ഭൂമിയിലെ ഏറ്റവും തെളിഞ്ഞ ആകാശവും കത്തുന്ന പകലുകളും. വാർഷികമഴ 5 സെമീ മാത്രം. 2011 ൽ യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച സംരക്ഷിത പ്രദേശം. ഏതാണ്ട് 12000 വർഷത്തെ മാനവ സംസ്‌കാരത്തിന്റെ അവശിഷ്ടം പേറുന്ന അമൂല്യ പുരാവസ്‌തുഭൂമിക. അക്ഷരങ്ങളുടെയും കലകളുടെയും ആദിരൂപങ്ങൾ കോറിയിട്ടിരിക്കുന്ന പാറക്കെട്ടുകൾ, ചെങ്കൽകുന്നുകൾ, സ്വർണം പൊടിച്ചതുപോലെയുള്ള മണൽക്കൂനകൾ. പാറകളിൽ വരച്ചിട്ടിരിക്കുന്ന 25000 ചിത്രങ്ങളും വെട്ടുകൽമലകളിൽ കോറിയിട്ടിരിക്കുന്ന 20000 ചിത്രങ്ങളും. മനുഷ്യസംസ്കാരത്തിന്റെ ആദിഗേഹം. മാനവ സംസ്‌കാരത്തിന്റെ തുടക്കവും തുടിപ്പുമെല്ലാം ഈ മരുഭൂമിയിലെ പിണ്ണാക്കുകല്ലുകളിൽ വായിച്ചെടുക്കാം. പ്രകൃതി തന്നെ ഒരുക്കിയെടുത്ത വലിയൊരു സാംസ്‌കാരിക മരുഭൂമി. 74000 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന വാദിറാം. അറബികൾക്കു വേണ്ടി മൃഗങ്ങളെ പരിപാലിക്കുകയും ഒട്ടകങ്ങളെ മെരുക്കിയെടുക്കുകയും ചെയ്ത ബദൂവിൻ ജനതയുടെ നാടോടി–ഇടയ സംസ്കാരം തലയാടിനെപ്പോലെ കൊമ്പുകുലുക്കി നിൽക്കുന്ന ഇടം. പ്രതിവർഷം ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം 40 ലക്ഷം.
സിനിമയുടെ ഭൂമി
ലോറൻസ് ഓഫ് അറേബ്യ (1962) മുതൽ മേയ് ഇൻ സമ്മർ, ട്രാൻസ്‌ഫോമേഴ്‌സ്, തീബ്, ദ് മാർഷ്യൻ, പ്രൊമിത്യൂസ് തുടങ്ങിയ ലോകോത്തര സിനിമകൾക്ക് കളമൊരുക്കിയ വാദിറാം അങ്ങനെ മലയാളത്തിലേക്കും വിരുന്നെത്തുകയാണ്. ജോർദാനിലെ റോയൽ ഫിലിം കമ്മിഷനും മറ്റും ലോക സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ സഹായകം. ജോർദാനിലെ തന്നെ പെട്ര എന്ന പുരാതന മരുഭൂമിയും പല സ്‌പിൽബർഗ് സിനിമകൾക്കും വേദിയായി.
ശരീരഭൂപടം മാറ്റുന്ന കോവിഡ്
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനോട് ചേർന്ന ബത്ത നഗരത്തിലെ പൊലീസ് സ്റ്റേഷനു മുന്നിൽ ഹമീദ് എന്ന കൂട്ടുകാരനോടൊപ്പം ഇരിക്കുന്ന നജീബിന്റെ ഓർമകളിലൂടെയാണ് ആടുജീവിതം വായനക്കാരന്റെ മനസ്സിലേക്ക് നോവലിന്റെ വാതിൽ തുറക്കുന്നത്. ഒരു നോവലിന് എങ്ങനെ വലിയൊരു നോവാകാമെന്നതിന്റെ നേർസാക്ഷ്യം- ആടുജീവിതം അഭ്രപാളികളിലേക്ക് പകർത്തപ്പെടുന്ന പ്രക്രിയയും അങ്ങനെ തന്നെയാവണമെന്ന് ആരോ നിശ്ചയിച്ചിരുന്നു. ഹക്കീമിനെ രണ്ടാമതു കാണുന്ന നജീബ് പറയുന്ന വാചകമുണ്ട്. – ഒരിക്കലും തിരിച്ചറിയാനാവാത്ത വിധം ഒരു മനുഷ്യന്റെ ശരീര ഭൂപടം മാറ്റിവരയ്‌ക്കാൻ സാഹചര്യങ്ങൾക്കു കഴിയുമെന്നു ഞാൻ അപ്പോൾ ഭീതിയോടെ മനസ്സിലാക്കി.
സംവിധായകനും നടനും താടിവളർത്തി അതുപോലെ മാറിപ്പോരിയിരിക്കുന്നു ആടുജീവിതത്തിലും. ഏതു ദുരിതാവസ്ഥയിൽ നിന്നാണെങ്കിൽ പോലും ആരെയെങ്കിലും ഒരാളെ വേർപെട്ടു പോകുക എന്നതു വേദനാജനകം തന്നെ. നജീബിന്റെ ഇതേ മാനസികാവസ്ഥയിലാണ് ജോർദാനിൽ നിന്നു മടങ്ങാനൊരുങ്ങുന്ന ആടുജീവിതം സിനിമാ സംഘവും. ബാക്കി ചിത്രീകരണത്തിന് വൈകാതെ തിരികെ എത്താമെന്ന പ്രതീക്ഷയിൽ മടക്കയാത്ര.
മനുഷ്യൻ ഒന്നുമല്ല; മരുഭൂമി എന്ന കാട്ടിൽ
മരുഭൂമി ഒരു കാടാണ്. ജീവജാലങ്ങളുള്ള ഒരു ആവാസ വ്യവസ്ഥ. മനുഷ്യന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. മരുഭൂമിയിൽ 50 തരം വിവിധ വിഷപ്പാമ്പുകളാണുള്ളത്. അവയിൽ ചിലത് നജീബിന്റെ ആടുകളെ വിഷം തീണ്ടി കൊല്ലുന്നുമുണ്ട്. ചിലന്തി, പഴുതാര, എന്നിവയുടെ കടിയേറ്റാൽ മതി മരണം ഉറപ്പ്. ഒരു കാലത്ത് നിറഞ്ഞൊഴുകിയിരുന്ന നദിയുടെ അവശിഷ്ടം മരുഭൂമിയിൽ കാണാം. വെള്ളം, അതെത്ര അമൂല്യമാണെന്ന് നജീബിനെ പഠിപ്പിക്കുന്ന മണൽപ്പാടം. മരൂഭൂമിയിൽ പല്ലികളെ കണ്ടാൽ സമീപത്തു ജലസാന്നിധ്യം ഉണ്ടെന്ന് ഇബ്രാംഹി ഖാദരിയുടെ അനുഭവ പരിചയം.
ശിലാഹൃദയൻ അർബാബ്
അവസാന ഭാഗത്ത് കുഞ്ഞിക്കായുടെയും മലയാളി പ്രവാസികളുടെയും രൂപത്തിൽ മാത്രം മനുഷ്യരും മനുഷ്യത്വവും പ്രത്യക്ഷ്യപ്പെടുന്ന കഥയാണ് രണ്ടു മണിക്കൂറുകൊണ്ട് ഒറ്റയിരുപ്പിൽ വായിക്കാവുന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ കൃതികളിലൊന്നായ ആടുജീവിതം. നജീബും മരുഭൂമിയും ആടുകളുമാണ് അതിലെ മുഖ്യകഥാപാത്രം. നജീബിന്റെ ചേതനയെ ജ്വലിപ്പിച്ചു നിർത്തുന്നതു പരമകാരുണ്യവാന്റെ അദൃശ്യ സാന്നിധ്യവും. അപ്പോൾ സിനിമ ചിത്രീകരണവും ആഗോള മഹാമാരിയെന്ന പൊടിക്കാറ്റാൽ മൂടപ്പെട്ടതിൽ അതിശയമില്ല. ഇബ്രാഹിം ഖാദരി എന്ന രക്ഷകൻ സൊമാലിയക്കാരനാണെന്നു പറയുമ്പോഴും ഇടയ്‌ക്കെപ്പോഴോ ഒരു പൊടിക്കാറ്റിൽ അതി നിഗൂഢമായി അയാൾ അപ്രത്യക്ഷനാകുന്നു. ആരായിരുന്നു ഖാദരി എന്നൊരു ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
വിലങ്ങണി(ഴി)ഞ്ഞ ക്ലൈമാക്സ്
കെജിഎ ഫിലിംസിനു വേണ്ടി എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും അമല പോളും കെ. യു. മോഹനനുമൊക്കെ അണിനിരക്കുന്ന ത്രിമാന അനുഭവത്തിൽ നായക- പ്രതിനായക വേഷത്തിലെത്തുന്നതു മറ്റാരുമല്ല, മരുഭൂമി തന്നെ.
ഒടുവിൽ സൗദിയിൽനിന്നു നാട്ടിലേക്കു തിരികെ പോരാനായി ഔട്ട്‌പാസ് ലഭിച്ച 80 പേരെയാണ് വിമാനത്തിലേക്ക് കയറ്റുന്നത്. നജീബിന്റെ ചിന്തയിലൂടെ കടന്നുപോകുന്ന പഞ്ചു ലൈനോടെ നോവലിനു തിരശീല വീഴുന്നു. ‘‘വിലങ്ങണിഞ്ഞ 80 ആടുകളെ ഒരു മസറയിലേക്കു കയറ്റുന്നതുപോലെയാണ് എനിക്കപ്പോൾ തോന്നിയത്. അതിൽ ഒരാട് ഞാനായിരുന്നു’’! ആടുജീവിതം.