സാറിന് കാണണം എന്നു പറഞ്ഞു’; മമ്മൂട്ടിയുടെ വീട്ടിൽ പണിക്കെത്തിയ യുവാവിന്റെ കുറിപ്പ്
Mail This Article
‘ഞാൻ കണ്ട മമ്മൂക്കയ്ക്ക് മുൻകോപവുമില്ല ജാഡയുമില്ല. പറഞ്ഞു കേട്ട ആളേയല്ല അദ്ദേഹം’. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ സൂപ്പർവൈസ് ചെയ്യുന്നതിനായി എത്തിയ ഒരു ശ്രീജിത്ത് എന്ന വ്യക്തി പറയുന്നതാണിത്. മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണാൻ സാധിച്ചതിനെക്കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ കൂടിയായ ശ്രീജിത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ട സുദീർഘമായ കുറിപ്പ് ഇപ്പോൾ വൈറലാണ്.
ശ്രീജിത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
An Autograph
ആദ്യമായി മമ്മുട്ടി എന്ന മഹാനടനെ നേരിൽ കണ്ട ഒരു അനുഭവ കുറിപ്പ് മാത്രമാണിത്. ആ ഒരു എക്സൈറ്റ്മെന്റിൽ കുത്തി കുറിച്ചതാണ് തെറ്റുകുറ്റങ്ങൾ പൊറുക്കുക.
ഈ ലോക് ഡൗൺ കാലത്തേ നീണ്ട ഒരു മാസത്തെ വീട്ടിലിരിപ്പും കഴിഞ്ഞ് തിരികെ വെള്ളിയാഴ്ച്ചയാണ് ജോലിയിൽ പ്രവേശിച്ചത്. അന്ന് തിരിച്ച് വീട്ടിൽ എത്തിക്കഴിഞ്ഞാണ് കമ്പനിയിൽ നിന്നും വിളിച്ചത്. 'ഡാ നാളെ മമ്മൂട്ടി സാറിന്റെ വീട്ടിൽ ആണ് വർക്ക്. രാവിലെ 9 ന് എത്തണം. അതാരുന്നു കാൾ. രാവിലെ 9 ന് തന്നെ എത്തി. ഗേറ്റ് തുറന്ന് അകത്ത് കേറി. മുറ്റം നിറയെ കാറുകൾ ആണ്. ബെൻസ്, പോർഷെ, ബി.എം.ഡബ്ല്യു, ലാൻഡ് റോവർ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഞങ്ങളുടെ വർക്കിന്റെ ഫൈനൽ സ്റ്റേജ് ടെസ്റ്റിങ്ങിനും മറ്റുമായിട്ടാണ് പോയത്. വർക്ക് കഴിഞ്ഞു പോരാനിറങ്ങിയപ്പോൾ അവിടുത്തെ സ്റ്റാഫ് വന്നു പറഞ്ഞു 'പോവരുത് സർ കാണണം എന്ന് പറഞ്ഞു' എന്ന്. ദൈവമേ എന്താവും എന്ന് ആലോചിച്ച് കിളി പോയി നിന്നു കുറച്ച് നേരം. പോരാത്തതിനു സർ ഇന്നു കുറച്ച് ചൂടിൽ ആണെന്ന് രാവിലെ അവിടെ ആരോ പറയുന്നതും കേട്ടു. ഇതിനു മുൻപ് അവിടെ ചെന്നപ്പോൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അടുത്ത് സംസാരിച്ചിരുന്നില്ല. ആ ഒരു പേടി മനസിൽ കയറിക്കൂടി. ഞാൻ എന്റെ സീനിയർനെ വിളിച്ചു സിറ്റുവെഷൻ പറഞ്ഞു. 'നീ ആ മനസിലേ ബിലാൽനേം മന്നാഡിയാരേ യും ഒക്കെ മാറ്റി രാപ്പകലിലെ കൃഷ്ണനേം കാഴ്ചയിലെ മാധവനേം ഒക്കെ മനസ്സിൽ വിച്ചാരിച്ചോ. നിന്നേ കൊണ്ട് പററും. നിന്നെ കൊണ്ടേ പറ്റു.' ഇതായിരുന്നു മറുപടി. ചെറുതല്ലാത്ത ഒരു കോൺഫിഡൻസ് അതിന്ന് കിട്ടിയില്ല എന്ന് പറയാനാവില്ല. പിന്നെ പണ്ട് അദ്ദേഹത്തെ കാണുവാൻ ഷൂട്ടിംഗ് നടക്കുന്നിടങ്ങളിൽ ഒക്കെ ചെന്ന് ഒരു നോക്ക് കാണാൻ പോലും പറ്റാതിരുന്ന ആ അവസ്ഥയെയും അപ്പോഴത്തെ വിഷമത്തേയും ഒക്കെ ഓർത്തു. എല്ലാവർക്കം അങ്ങനെ കിട്ടുന്ന ഒരവസരവും അല്ലല്ലോ. അതും ഇത്രേം അടുത്ത്. അവസരം ഉപയോഗിക്ക തന്നെ.
ഞാൻ അവിടുത്തെ ഒരാളുടെ ഒപ്പം വീട്ടിലേക്ക് ചെന്നു. വാതിൽക്കൽ തന്നെ സാനിറ്റേസർ വച്ചിരുന്നു കൈ വ്യത്തിയാക്കി. മാസ്ക്ക് വച്ച്, ഞാൻ വീടിനു മുമ്പിൽ ഇരുന്നു. ആദ്യം മാഡം വന്ന് സാർ ഇപ്പോ വരും എന്ന് പറഞ്ഞു, സംസാരിച്ചു. അതിനിടയ്ക്ക് പെട്ടെന്നായിരുന്നു സാറിന്റെ എൻട്രി. വെള്ളമുണ്ട് റോസ് ഷർട്ട് ബ്ലാക്ക് ഫ്രയിം കണ്ണട. ഞാൻ നോക്കി നിന്നു പോയി ശരിക്കും. എന്തൊ പറഞ്ഞ് കൊണ്ടാരുന്നു സാറിന്റെ വരവ്. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ ബഹളം, എന്നോടല്ല എന്ന മട്ടിൽ. ഞാൻ ഒരു ഗുഡ്മോർണിങ് പറഞ്ഞു,സാർ എന്നോട് ഇരിക്കാനും. അവിടെ ഞങ്ങളുടെ വർക്ക് നടക്കുന്നു എന്ന് അറിഞ്ഞത് മുതൽ അദ്ദേഹത്തെ കാണേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. ഇത്ര പെട്ടെന്നാവും എന്ന് കരുതിയതല്ല.
ഞങ്ങളുടെ സിസ്റ്റത്തെ പറ്റിയുള്ള കാര്യങ്ങൾ അറിയുവാനാണ് എന്നെ വിളിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. റിനീവബിൾ എനർജിയെ പറ്റിയും ഈ കാലത്ത് അതിന്റെ ആവശ്യകതയേ പറ്റിയും അദ്ദേഹം ഒരു പാട് സംസാരിച്ചു. പിന്നീടത് ടെസ്സ്ലാ കാറുകളിലേക്കും വിദേശ രാജ്യങ്ങളിൽ അദ്ദേഹം കണ്ടതും അറിഞ്ഞതും ആയ ആധുനിക ടെക്നോളജി കളിലേക്കും. എന്തിന് കോറോണയെപ്പറ്റി വരെ ആയി. അദ്ദേഹം പറഞ്ഞ ഓരോ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള ജ്ഞാനം വളരെ അധികം എന്നെ അത്ഭുതപ്പെടുത്തി. തൊട്ട് മുൻപ് വരെ, പലരും പറഞ്ഞിട്ടുള്ള മുൻധാരണകളായിരുന്ന 'മുൻകോപി ,ജാഡക്കാരൻ, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല' അങ്ങനെ പലതും എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാൽ ഞാൻ കണ്ട മമ്മൂക്ക ഇങ്ങനൊന്നുമല്ല കേട്ടോ.
തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ഒരുപോലെ കാണുകയും, നമ്മളോട് ഓരോ കാര്യങ്ങൾ ചോദിക്കുകയും നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കുകയും ഓരോ വാക്കിലും ഉള്ള ആ കരുതലും സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ഏകദേശം ഒരു മണിക്കറോളം ഏതാണ്ട് ഒരു സിനിമയുടെ ഇന്റർവെലോളം അദ്ദേഹത്തോട് സംസാരിച്ചു. പേടിച്ചു കേറിച്ചെന്ന എന്റെ കോൺഫിഡൻസ് തന്നെ മാറ്റിയ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ. അദ്ദേഹം എന്നെയും ഞങ്ങളുടെ കമ്പനിയുടെ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. എനിക്ക് ശരിക്കും സന്താഷമായി.
ഇത്ര നേരം ഞാൻ കാര്യങ്ങൾ സംസാരിച്ചത് എന്റെ കേൾവിക്കാരനായത് ലോകം കണ്ട മഹാനടൻ ആണ്. നമ്മുടെ സ്വന്തം മമ്മുക്ക ആണ്. ഞാനിറങ്ങാൻ തുടങ്ങിയപ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ അനിയൻ ശ്രീകാന്ത് തലയ്ക്ക് പിടിച്ച ഒരു മമ്മുട്ടി ആരാധകനാണ്. എന്നെങ്കിലും ഇതുപോലൊരു സീൻ ഉണ്ടാവും എന്നും അന്ന് അദ്ദേഹത്തെക്കാണിക്കുവാൻ അവന്റെ കുറച്ച് ഫോട്ടോസ്, എന്റെ മൊബൈലിൽ കരുതി വച്ചിരുന്നു. മനസ്സിൽ ഒരു പാട് വട്ടം ആലോചിച്ചും പറഞ്ഞും തഴമ്പിച്ച സീൻ. പൗലോ കൊയ്‌ലോ പറഞ്ഞ പോലെ... 'നാം ശക്തമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലോകവും സകല ജീവജാലങ്ങളും അത് സാധ്യമാക്കുവാൻ നമ്മുടെ കൂടെ നിൽക്കും..' ഞാൻ ചോദിച്ചു ..'എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ മമ്മൂക്ക ‘അനുജൻ വലിയൊരു ആരാധകനാണ്',ഞാൻ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു. അദ്ദേഹം ചിരിച്ചു. 'ആഹാ ഇവൻ എന്ത് ചെയ്യുന്നു'? എന്നോരു മറുപടിയും. ഞാൻ മറുപടി പറഞ്ഞ് ,അപ്പോഴേക്കും എന്റെ ഡയറി കൊടുത്തു, എന്റെ ഡയറിയിൽ ഏപ്പോഴും ഉണ്ടാവാറുള്ള പേന അന്നേരം കാണുന്നില്ല, അദ്ദേഹം സ്വന്തം പേന പറഞ്ഞെടുപ്പിച്ചു. എന്നിട്ട് ചോദിച്ചു 'അവന്റെ പേര് എന്താ?' ഞാൻ പേരു പറഞ്ഞു. ഞാൻ പേരു പറഞ്ഞു. അദ്ദേഹം ഒരു ചെറു ചിരിയോടെ സ്നേഹാന്വേഷണങ്ങൾ കുറിച്ചു.
Dear Sreekanth
with love
Mammootty.
അദേഹം വിച്ചാരിച്ചിട്ടുണ്ടാവുമോ ഒരു സെൽഫിക്കും ഒരു ഫോട്ടോയ്ക്കും പുറകേ ആളുകൾ ക്യൂ നിൽക്കുന്ന ഈ കാലത്ത് എന്തിനാണ് ഒാട്ടോഗ്രാഫ് എന്ന്. എന്തായാലും കോവിഡ് കാലമല്ലേ വെറൈറ്റി പിടിച്ചെക്കാന്ന് വച്ചു. അതിലും എന്നെ വിസ്മയിപ്പിച്ചത് ഇനി നടന്നതാണ്: ഞാൻ ഒരു നന്ദിയും യാത്രയും പറഞ്ഞിറങ്ങുമ്പോൾ മമ്മൂക്ക പറഞ്ഞു 'ഈ കോവിഡും ബഹളവും ഒക്കെ കഴിഞ്ഞ് നീ അവനുമായിട്ട് വാ നമ്മുക്ക് ഫോട്ടോ എടുത്തേക്കാം' എന്ന്. ഇതിലും വലുതായി എന്താ വേണ്ടത്. 'ശരി മമ്മൂക്ക' എന്ന് പറഞ്ഞ് മനസ്സ് നിറയെ സന്തോഷത്തോടെ ഞാൻ അവിടുന്നിറങ്ങി. ശരിക്കും അവനടങ്ങുന്ന ആരാധകരുടെ ആവേശവും ഊർജവും അവരിൽ നിറയ്ക്കുന്നത് ദിനംതോറും അത് അളവറ്റതായി വളരുന്നതും ഓരോ മമ്മുട്ടി സിനിമയ്ക്കു വേണ്ടിയും കാത്തിരുന്ന് ഓരോ സീനും കൈയടിച്ചും ആർപ്പുവിളിച്ചും 'സ്നേഹത്തോടെ 'മമ്മുക്ക... മമ്മുക്ക'.. വിളികളോടെ സ്വികരിക്കുന്നതും. കാരണം മനസ്സിൽ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന നമ്മുടെ സ്വന്തം ആ വൈക്കത്തുക്കാരന്റെ ഓരോരുത്തരോടും ഉള്ള സ്നേഹവും കരുതലും ആണ്.
ഇനിയും ആടാത്ത ഒരു പാട് പകർന്നാട്ടങ്ങൾക്കായി കാത്തിരിക്കുന്നു. നമുക്ക് ചുറ്റിനും ഉള്ള നാം അറിയുന്ന ഒരു പാട് ആളുകൾക്ക് ഇതിലും മനോഹരമായ ഒരു പാട് അനുഭവങ്ങൾ ഉണ്ടാവാം. എന്നാലും എനിക്കെന്റേത് എന്നും വളരെ സ്പെഷൽ ആണ്. ദശാബ്ദങ്ങളായി നാം വെള്ളിത്തിരയിൽ കണ്ടും ആരാധിച്ചും പോന്ന ഈ നടനവിസ്മയത്തെ ഒന്നു കാണാൻ കൊതിക്കാത്ത മലയാളികൾ ഉണ്ടാവില്ലേ ? എന്നെ പോലെ ഒരു സാധാരണക്കാരനു ആ കാഴ്ച്ച നൽകിയ സന്തോഷം മനസ്സിൽ എന്നും മായാതെ തന്നെ നിൽക്കും. ഒരുപാട് വലിയ ആഗ്രഹങ്ങളും അവ ഒരു നാൾ നമ്മളെ തേടി എത്തും എന്ന് വിശ്വസവും ആയി മുന്നോട്ട് പോവുന്ന ഓരോ ആളുകൾക്കും ഇതൊരു പ്രചോദനമാവട്ടെ.. എന്ന് പ്രത്യാശിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങളും സാധിക്കപ്പെടട്ടെ.ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ദിനം സമ്മാനിച്ച സ്വന്തം മമ്മൂക്ക ഒരുപാട് നന്ദി .