‘സൗഹൃദങ്ങളുടെ വില അറിയുന്ന ഒരാൾ, സച്ചി’
Mail This Article
പറഞ്ഞു കേൾക്കുന്നത് സത്യമാണ്. ഒരിക്കൽ പരിചയപ്പെടുന്ന ആരും സച്ചിയെ മറക്കില്ല .., തിരിച്ചു സച്ചിയും. ആലപ്പുഴ ബ്രദേർസ് ഹോട്ടലിലെ ബാലനാണ് സച്ചിയെ എനിക്ക് പരിചയപ്പെടുത്തുന്നത്. ബ്രദേഴ്‌സ് ഹോട്ടലിൽ വച്ച്. ആക്ടർ ബിജുമേനോനോടൊത്തുള്ള ഒരു യാത്രക്കിടയിൽ എത്തിപ്പെട്ടതായിരുന്നു അവിടെ. അല്പ സമയത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം ഞങ്ങൾ പിരിഞ്ഞു.
അന്ന് പിരിഞ്ഞു കുറെ നാളുകൾക്കു ശേഷം സച്ചി വിളിച്ചു , കല്യാണം പറയാൻവേണ്ടി ആയിരുന്നു. മുഖാമുഖം കാണുമ്പോൾ മാത്രം സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഒരുപാടുപേർ നിലകൊള്ളുന്ന ഒരു മേഖലയിൽ ഒരിക്കൽ മാത്രം കണ്ട എന്നെ സച്ചി ഓർത്തു വിളിച്ചു. അതും സച്ചിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യത്തിന്. സൗഹൃദങ്ങളുടെ വില അറിയുന്ന ഒരാൾ., അന്നെനിക്ക് തോന്നി.
പിന്നെയും കഴിഞ്ഞ്, അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ അനാർക്കലി കണ്ടിട്ട് ഞാൻ സച്ചിയെ വിളിക്കുകയുണ്ടായി. കണ്ടിറങ്ങിയ ഉടൻ തിയേറ്റർ പാർക്കിങ്ങിൽ കാറിലിരുന്നുകൊണ്ടാണ് ഞാൻ വിളിച്ചത്. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു ദ്വീപിൽ ജീവിച്ചിട്ട് വന്ന ഒരാളുടെ മാനസികാവസ്ഥ എനിക്കുണ്ടായി എന്നു പറഞ്ഞപ്പോൾ, "ശരിക്കും അങ്ങനെ തോന്നിയോ ജയാ, ഞാനതിനുവേണ്ടി ശരിക്കും കഷ്ടപ്പെട്ടിരുന്നു "എന്നു തിരിച്ചു മറുപടിയും പറഞ്ഞു. മാത്രമല്ല സാധരണമായിപ്പോവും എന്നു തോന്നിയിരുന്ന അതിലെ ലവ് സ്വീക്വൻസുകൾ പെട്ടെന്നുള്ള അസാധാരണത്വങ്ങൾ കൊണ്ട് മനോഹരമാക്കിയതിനെപ്പറ്റിയും ഞാൻ സംസാരിച്ചു. പിന്നെയും കുറെയധികം ആ സിനിമയെപ്പറ്റി ഞങ്ങൾ സംസാരിച്ചു. ഒടുവിൽ സംസാരം നിറുത്തുന്നതിനു മുൻപായി സച്ചി വീണ്ടും ചോദിച്ചു, "ജയൻ ആത്മാർഥമായിത്തന്നെ പറഞ്ഞതല്ലേ ", തീർച്ചയായും, ആത്മാർഥമായിട്ടുതന്നെയാണ് ഞാനത് പറഞ്ഞത്.
ഫോൺ വച്ച ശേഷം ഞാൻ ആലോചിച്ചത് മറ്റൊരു വിധത്തിലായിരുന്നു,., എത്രയോ ഹിറ്റ് സിനിമകൾക്ക് തൂലിക ചലിപ്പിച്ച ആളാണ് സച്ചി. എന്നിട്ടും സ്വന്തം സംവിധാന സംരംഭം വന്നപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ എത്ര ആകാംക്ഷയോടെയാണ് ഓരോ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയത്. ശരിക്കും സച്ചിയിലെ എഴുത്തുകാരനെക്കാൾ മേലെ വളരാൻ വെമ്പൽകൊള്ളുന്ന ഒരു ഡയറക്ടറെ അന്നെനിക്ക് കാണാൻ കഴിഞ്ഞു. കാലം അത് തെളിയിക്കുക തന്നെ ചെയ്തു. മലയാളസിനിമക്കു 'അയ്യപ്പനും കോശിയിലുമൂടെ ' ഒരുഗ്രൻ സംവിധായകനെ കിട്ടി. ഇനിയും എത്രയെത്ര അത്ഭുതങ്ങൾ സച്ചി നമുക്ക് സമ്മാനിക്കുമായിരുന്നു...
സച്ചി ഒരത്ഭുതമാണ്, പൂർണതയിൽ യാത്ര അവസാനിപ്പിച്ച അത്ഭുതം.... ഒപ്പം, ഒരു വേദനയും. എന്നാലും ഇത് വല്ലാത്തൊരു പോക്കായിപ്പോയല്ലോടോ ചങ്ങാതി....