ADVERTISEMENT

മഹാവീര്‍ കര്‍ണ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍. സിനിമയുടെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞെന്നും കോബ്ര, പൊന്നിയന്‍ സെല്‍വ എന്നി ചിത്രങ്ങള്‍ക്ക് ശേഷം വിക്രം മഹാവീർ കർണയുടെ ലൊക്കേഷനിൽ വിക്രം ജോയിന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മഹാവീര്‍ കര്‍ണ തന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങൾക്ക് മുമ്പ് ധർമരാജ്യ എന്ന ചിത്രം ആർ.എസ്. വിമൽ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർതാരം ആയിരിക്കും ഇതിൽ നായകനെന്നും വിമൽ കുറിച്ചിരുന്നു. തുടർന്നാണ് മഹാവീർ കർണ ഉപേക്ഷിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

 

‘എന്തുകൊണ്ടാണ് ഇങ്ങനെയുള്ള വാർത്തകള്‍ വരുന്നതെന്ന് എനിക്ക് അറിയില്ല. വിക്രം സർ മറ്റു ചില സിനിമകളുടെ തിരക്കിലാണ്. അതുകൊണ്ട് തന്നെ കർണൻ തുടങ്ങാൻ ഇനിയും കുറച്ച് സമയമെടുക്കും. അതുകൊണ്ടാണ് മറ്റൊരു പ്രോജക്ടിലേയ്ക്ക് കടക്കാൻ തീരുമാനിച്ചത്.’

 

‘കഴിഞ്ഞ വർഷം കർണൻ സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നു. വിക്രം സാറിന്റെ കഥാപാത്രത്തിന്റെ ഇൻട്രൊ സീൻ വരെ എടുത്തു. മാത്രമല്ല കുറച്ച് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സിനിമയുടെ ട്രെയിലർ വരെ തയ്യാറായി കഴിഞ്ഞു. പ്രശ്നങ്ങളൊക്കെ മാറിയാല്‍ അതും റിലീസ് ചെയ്യും.’–വിമൽ വ്യക്തമാക്കി.

 

എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ വിമലിന്റെ രണ്ടാമത്തെ ചിത്രമാണ് മഹാവീർ കർണ. പൃഥ്വിരാജ് മഹാവീർ കർണനായി എത്തുന്നുവെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് പൃഥ്വി പിന്മാറി. പകരം വിക്രം നായകനായി എത്തിയത് ഒരു വർഷത്തിന് ശേഷമായിരുന്നു. 300 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന മഹാവീർ കർണ ബ​ഹുഭാഷ ചിത്രമാണ്. 

 

2019 ഫെബ്രുവരിയിൽ ഇതിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായാണ് ചിത്രീകരണം. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിന്നിൽ പ്രവർത്തിച്ച ടെക്നീഷ്യൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. 

 

പുതിയതായി പ്രഖ്യാപിച്ച ധർമരാജ്യയുടെ നിർമ്മാണം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ പ്രൊഡക്‌ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്ന്‍മെന്റ്സാണ്. പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്‌ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ധര്‍മരാജ്യയെന്നാണ് അവകാശപ്പെടുന്നത്.

 

ലണ്ടനിലെ ഐസോലൗ സ്റ്റുഡിയോയും പൂജ സ്റ്റുഡിയോയും സംയുക്ത സഹകരണത്തോടെയാണ് വിര്‍ച്വല്‍ സ്‌ക്രീനുകള്‍ തയ്യാറാക്കുക. സിനിമയുടെ സാങ്കേതിക നിര്‍വഹണം പ്രജയ് ജെ. കമ്മത്താണ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ധർമരാജ്യ ഒരുങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com