'നഴ്സിങ് എന്നാ സുമ്മാവാ'?; പൊട്ടിച്ചിരിപ്പിച്ച് പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കി
Mail This Article
രസകരമായ മിനി വെബ് സീരിസുമായി നടി പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കി റോബിൻ. നഴ്സിങ് പഠനകാലത്തെ ചിരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് പിങ്കിയുടെ വെബ് സീരിസ് പങ്കുവയ്ക്കുന്നത്. വിഡിയോയിൽ ഇരട്ടവേഷത്തിലെത്തുന്ന പിങ്കി ഒരു ചിരിപ്പൂരം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.
സീനിയേഴ്സിന്റെ നോട്ടപ്പുള്ളിയായ ജൂനിയറിന്റെ അനുഭവമാണ് സരസമായി പിങ്കി അവതരിപ്പിക്കുന്നത്. സൈക്കോ സീനിയറായും ജൂനിയർ കുട്ടിയായ മോണാലിസയായും പിങ്കി പ്രത്യക്ഷപ്പെടുന്നു. ഒരുപാടു പ്രതീക്ഷകളുമായി ബെംഗളൂരുവിൽ നഴ്സിങ് പഠിക്കാനെത്തിയ ഒരു പെൺകുട്ടിക്ക് ആദ്യ ദിവസങ്ങളിൽ കോളജിൽ നേരിടുന്ന വെല്ലുവിളികളാണ് സ്വാഭാവിക നർമ്മത്തിലൂടെ പിങ്കി അവതരിപ്പിക്കുന്നത്. ഇത്തരമൊരു അനുഭവം ഇല്ലാത്ത പഠനകാലം ഒരു നഴ്സിന്റെ ജീവിതത്തിലും ഉണ്ടായിക്കാണില്ലെന്ന് വിഡിയോയ്ക്ക് മറുപടിയായി നിരവധി പേർ കുറിച്ചു. നഴ്സിങ് പഠനകാലത്ത് സ്ഥിരമായി സീനിയേഴ്സ് ചെയ്യിപ്പിച്ചിരുന്ന 'പണികൾ' പലരും ഓർത്തെടുത്തു.
വെബ് സീരീസിന്റെ ആശയവും ആവിഷ്കാരവും നിർവഹിച്ചിരിക്കുന്നത് പിങ്കിയാണ്. രണ്ടു സിനിമകളിൽ നായികയായി അഭിനയിച്ച പിങ്കി, വിവാഹശേഷം ഇപ്പോൾ ഓസ്ട്രേലിയയിലാണ് താമസം. നഴ്സിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമായിരുന്നു പിങ്കിയുടെ വിവാഹം.