അച്ഛന് പോസിറ്റീവ്, എനിക്കും രോഗലക്ഷണങ്ങൾ: ആയുർവേദം രക്ഷിച്ചെന്ന് വിശാൽ
Mail This Article
നടൻ വിശാലിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിവരങ്ങളെ തുടര്‍ന്നാണ് താരം കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കോവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
‘അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജർക്കും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചു. ഞങ്ങളെല്ലാവരും ആയുർവേദ മരുന്നുകൾ കഴിച്ചു. ഒരാഴ്‌ചകൊണ്ട് അപകടനില തരണം ചെയ്‌തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്‌ക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ’വിശാൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.
പലരും വിശാലിന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി സംശയങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്ന് ചിലർ ചോദിച്ചിരിക്കുന്നു. കോവിഡിന് വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആയുർവേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്‌താവനയെ മറ്റു ചിലർ ചോദ്യം ചെയ്‌തിരിക്കുന്നു. എന്നാൽ, ആയുർവേദ മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്നാണ് മറ്റ് ചിലർ ആവശ്യപ്പെട്ടിരിക്കുന്നത്
കോവിഡിനെതിരേ ആയുര്‍വേദ മരുന്ന് ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ആയുര്‍വേദ മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുത്തെന്ന അവകാശവാദവുമായി വിശാല്‍ രംഗത്ത് എത്തിയത്.