രശ്മി ബോബനെ ഫ്രെയ്മിലാക്കി ഫൊട്ടോഗ്രാഫര്‍ സീമ സുരേഷ്
Mail This Article
'ഇത്ര സുന്ദരിയായി രശ്മി ബോബനെ ഇതിനു മുന്‍പു കണ്ടിട്ടില്ല', വൈല്‍ഡ്‍ലൈഫ് ഫൊട്ടോഗ്രാഫര്‍ സീമ സുരേഷ് പങ്കുവച്ച രശ്മി ബോബന്റെ ചിത്രം കണ്ട് ആരാധകര്‍ കുറിച്ചതിങ്ങനെയായിരുന്നു. സാങ്കേതികമായി ഒരു ഫോട്ടോഷൂട്ട് പോലും അല്ലാതിരുന്നിട്ടും അതിനേക്കാളെറെ പ്രതികരണങ്ങളാണ് സീമ സുരേഷ് എടുത്ത രശ്മി ബോബന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. 'ഇതെന്താ സംഭവം' എന്ന് അന്വേഷിച്ചവരോട് രശ്മിക്ക് പറയാനുള്ളത് ഇത്രമാത്രം, രണ്ടു കൂട്ടുകാരികള്‍ ഒത്തുചേര്‍ന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ച ക്ലിക്ക് ഏതു ഫോട്ടോഷൂട്ട് ചിത്രത്തേക്കാളും മനോഹരമാകില്ലേ?
'ഇന്ന് ക്യാമറ ഫ്രെയ്മിലേക്കെത്തിയ കൂട്ടുകാരി,' എന്ന ക്യാപ്ഷനോടെയാണ് രശ്മി ബോബന്റെ രണ്ടു ചിത്രങ്ങള്‍ സീമ സുരേഷ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഒട്ടും മെയ്ക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ 'ഫ്രഷ് ലുക്കി'ല്‍ പ്രത്യക്ഷപ്പെട്ട രശ്മി ബോബന്റെ ആ ചിത്രങ്ങള്‍ ശ്രദ്ധ നേടിയത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു.
ആ ക്ലിക്ക് സംഭവിച്ച നിമിഷത്തെക്കുറിച്ച് രശ്മി ബോബന്‍ പറയുന്നതിങ്ങനെ- "സീമ എന്റെ വളരെക്കാലമായുള്ള കൂട്ടുകാരിയാണ്. എനിക്ക് ഓണപ്പരിപാടികള്‍ക്ക് ഉടുക്കാന്‍ ഒന്നു രണ്ടു സെറ്റുമുണ്ട് വേണമായിരുന്നു. കടയില്‍ പോയി വാങ്ങുന്നത് ഈ സമയത്ത് അത്ര സുരക്ഷിതമല്ലല്ലോ. സീമയോട് പറഞ്ഞപ്പോള്‍ നേരെ വീട്ടിലേക്ക് വരൂ എന്നായിരുന്നു മറുപടി. അങ്ങനെ സീമയുടെ സെറ്റുമുണ്ട് കലക്ഷനില്‍ നിന്ന് തല്‍ക്കാലം കടമെടുക്കാന്‍ പോയതാ. എന്നെ കണ്ടപ്പോള്‍ ചുമ്മാ ഒരു ഫോട്ടോ എടുത്താലോ എന്നായി സീമ. അങ്ങനെ, ഇട്ടുചെന്ന വേഷത്തില്‍ പ്രത്യേകം ഒരുക്കങ്ങള്‍ ഒന്നുമില്ലാതെ എടുത്ത ഫോട്ടോകളാണ് അവ. നമുക്ക് നന്നായി അറിയുന്ന കൂട്ടുകാരുടെ കൂടെ ആകുമ്പോള്‍ എക്സ്പ്രഷന്‍സ് നന്നാകില്ലേ. അതാണ് ആ ഫോട്ടോയില്‍ സംഭവിച്ചത്. അതിന് നല്ല കമന്റ്സ് ലഭിച്ചപ്പോള്‍ ഇരട്ടി സന്തോഷം."
രശ്മി ബോബന്റെ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നു ലഭിച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ രശ്മിയെയും ഭര്‍ത്താവും സംവിധായകനുമായ ബോബന്‍ സാമുവലിനെയും വച്ച് ഓണം സ്പെഷല്‍ ഫോട്ടോഷൂട്ട് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫൊട്ടോഗ്രഫര്‍ സീമ സുരേഷ്.