ADVERTISEMENT

നിലമ്പൂരിനു സമീപം കരുവാരകുണ്ടിലെ കൽക്കുണ്ടിലേക്കുള്ള ദുർഘടമായ പാതയിൽ ജീപ്പിന്റെ മുന്നിലിരിക്കുകയായിരുന്നു നടി സീനത്ത്. ആടിയും ഉലഞ്ഞും വണ്ടി മുന്നോട്ട്. ആ വഴികളിൽ ജീപ്പ് മാത്രമാണ് ഏക ആശ്രയം. രാത്രി കാട്ടാനകൾ ഇറങ്ങുന്ന പാതയാണ്. അരങ്ങിലും സിനിമയിലും ഒരുപാടു യാത്രകൾ ചെയ്ത സീനത്തിന് ഇതു സംവിധായികയുടെ ആദ്യ റോൾ. സിനിമ – ‘രണ്ടാം നാൾ’. കഥയും തിരക്കഥയും സീനത്ത് തന്നെ. തന്റെ ആദ്യ സിനിമയ്ക്കു സീനത്ത് തിരഞ്ഞെടുത്തത് സ്വന്തം നാടായ നിലമ്പൂരും പരിസരവുമായതു യാദൃച്ഛികമല്ല. സിനിമയിൽ പതിയാത്തൊരിടം തേടിയുള്ള യാത്രകൂടിയായിരുന്നു അത്. 

 

കണ്ടു പഠിച്ച സിനിമ 

 

‘‘സംവിധാനം ചെറിയ കാര്യമല്ലെന്ന് അറിയാം. ആരുടെയും ശിഷ്യത്വം എനിക്കു ലഭിച്ചിട്ടില്ല. എന്നാൽ, മലയാളത്തിലെ പ്രതിഭാധനരായ ഒട്ടേറെ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പലരുടെയും സംവിധാനരീതി എന്നെ ആകർഷിച്ചിട്ടുണ്ട്. അവരുടെയൊക്കെ സംവിധാനശൈലി നിശ്ശബ്ദമായി നോക്കിക്കണ്ടു. അത്രമാത്രം... പഠിക്കാൻ ഇനിയും ഒരുപാടുണ്ട്. എല്ലാം പഠിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, സംവിധാനം ചെയ്യാനുള്ള ധൈര്യം ഉണ്ടാകുമായിരുന്നില്ല. ആ അറിവിലെ കുറവാണ് എന്നിലെ സംവിധായിക.’’ 

 

തിരക്കില്ലാത്തവരുടെ സിനിമ 

 

ഞാൻ സിനിമ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പ്രതിഫലം പറയാതെ വരാൻ പലരും തയാറായിരുന്നു. പക്ഷേ, ഞാൻ ആ സൗഹൃദങ്ങളൊന്നും ഉപയോഗിച്ചില്ല. പ്രതിഫലം കൂടുതൽ കൊടുത്തില്ലെങ്കിലും താമസിക്കാൻ നല്ല ഹോട്ടലെങ്കിലും കൊടുക്കേണ്ടിവരില്ലേ? കരുവാരകുണ്ടിൽ അതിനുള്ള സൗകര്യമില്ലായിരുന്നു... പിന്നെ ഹോട്ടലുള്ളത് നിലമ്പൂരാണ്. അല്ലെങ്കിൽ പെരിന്തൽമണ്ണ. പക്ഷേ, അവിടെയെത്താൻ ഒരു മണിക്കൂറിനടുത്തു യാത്രയുണ്ട്. സമയത്തു ഷൂട്ട്‌ നടക്കില്ല. കാര്യങ്ങൾ കൈവിട്ടുപോകും. കഴിവുള്ള കലാകാരന്മാരെ കണ്ടെത്തി ഷൂട്ട് തുടങ്ങാൻ തീരുമാനിച്ചത് അങ്ങനെയാണ്. 

 

പുതുമുഖങ്ങളാണു സിനിമയിലുള്ളത്. എന്റെ മൂത്തമകൻ ജിതിൻ മുഹമ്മദ് ഒരു കഥാപാത്രം ചെയ്യുന്നു. മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നതു ദിപുൽ മാർത്തോ, അജയ് മാത്യു, അക്രം ലിമുശങ്കർ. നായിക പുതുമുഖം ശ്രീലക്ഷ്മിയാണ്. ഛായാഗ്രഹണം: മഹേഷ് മാധവൻ. വലിയ തിരക്കുള്ള ആരും ഇല്ലാത്തതു കൊണ്ടു കൂടിയാണ് ഈ സിനിമ 16 ദിവസം കൊണ്ടു തീർക്കാൻ പറ്റിയത്. ആരുടെയും ഡേറ്റ് പ്രശ്നം വന്നില്ല. എല്ലാവരും സിനിമയെ സ്നേഹിക്കുന്നവർ.. എല്ലാറ്റിനും എന്റെ കൂടെ നിന്നു. 

 

ഇതൊരു ചെലവു കുറഞ്ഞ സിനിമയാണ്. ചുറ്റിനും മലകളുള്ള ഒരു വീടാണ് കഥയിലെ പ്രധാന ലൊക്കേഷൻ. ഫാമിലി ത്രില്ലറാണു ‘രണ്ടാം നാൾ’. എവിഎ പ്രൊഡക്‌ഷൻസിനു വേണ്ടി എ.വി.അനൂപാണു നിർമാണം. 

 

സ്ത്രീപക്ഷ ചിത്രം 

 

‘രണ്ടാം നാൾ’ സ്ത്രീകൾക്കു പ്രാധാന്യമുള്ള സിനിമയാണ്. അതിൽ ജാനകി എന്ന കഥാപാത്രം ഞാനാണു ചെയ്തത്. നല്ല റോളുകൾ കാത്തിരിക്കുന്ന നടിയാണു ഞാൻ. പലപ്പോഴും പല നല്ല വേഷങ്ങളും നമ്മുടെ ഭാഷപോലും അറിയാത്ത ആളുകൾ അഭിനയിക്കുന്നതു കാണുമ്പോൾ ഉള്ളിൽ വേദന തോന്നിയിട്ടുണ്ട്. 

 

അമ്മ റോൾ ചെയ്യാൻ പ്രായമാകാത്ത സമയത്ത് എനിക്ക് അമ്മവേഷമാണ് ആദ്യം കിട്ടിയത്. കണ്ണിനു താഴെ കറുത്ത നിറം തേച്ച്, കവിൾ ഒട്ടിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ശരിക്കും അമ്മയുടെ പ്രായമായപ്പോൾ വേഷമില്ലാതായി. എനിക്കു ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല വേഷങ്ങളും വേറെ പലരെക്കൊണ്ടും ചെയ്യിച്ചിട്ട് അതൊന്നു ഡബ്ബ് ചെയ്തു തരാമോ എന്ന് ചോദിക്കുന്നവരുമുണ്ട്. അവരിൽ പലരും എനിക്കു വേണ്ടപ്പെട്ടവരാകും. 

 

‘പാലേരിമാണിക്യം’ ശ്വേത മേനോനു വേണ്ടി ഡബ്ബ് ചെയ്തപ്പോൾ പലരും എന്നെ അഭിനന്ദിച്ചു. ശ്വേത അവാർഡ് വാങ്ങിയപ്പോൾ എന്റെ പേരു പറയാനും മറന്നില്ല. പക്ഷേ, എന്നെപ്പോലെ ക്യാരക്ടർ റോൾ ചെയ്യുന്നവർക്കു വേണ്ടി ഡബ്ബ് ചെയ്യാൻ വിളിച്ചാൽ ഞാൻ സലാം പറയും. എന്നാൽ, ഒന്നോ രണ്ടോ സിനിമയിൽ എനിക്ക് അതും ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com