ADVERTISEMENT

നെഞ്ചത്തു കയറി നിരങ്ങുക എന്നു പറയാറുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രശ്നം വന്നപ്പോഴും നിരങ്ങാൻ കിട്ടിയതു സിനിമയുടെ നെഞ്ച്.

 

ചുള്ളിക്കാടിനോടു സാഹിത്യ കുതുകിയായ ആൾ ചോദിക്കുന്നതു സിനിമയുടെ കപട ലോകത്തുനിന്നു എന്നാണു കവിതയിലെക്കു മടങ്ങി വരിക എന്നാണ്.അടുത്ത ചോദ്യം സിനിമയുടെ കപട ലോകത്തുനിന്നും കവിതയിലേയ്ക്ക് എത്ര ദൂരമുണ്ട്. എനിക്കു വരാൻ സൗകര്യമില്ലെന്നു ചുള്ളിക്കാടു പറഞ്ഞതിൽ പിടിച്ചു പലരും അദ്ദേഹത്തെ ഓടിച്ചിട്ടു പിടിക്കുകയാണ്. ദൂരമളക്കാൻ ഞാൻ സർവെയറല്ല എന്നു കൂടി പറയേണ്ടതായിരുന്നു.

 

ചുള്ളിക്കാടു പറഞ്ഞതു നന്നായോ പൊട്ടയായോ എന്നതു വേറെക്കാര്യം. പക്ഷേ ചോദ്യം ചോദിക്കുമ്പോൾ സിനിമയുടെ നെഞ്ചത്തു ചവിട്ടിവേണോ സാഹിത്യ കുതുകിക്കു പോകാൻ. സിനിമ കാപട്യം കാണിക്കൽതന്നെയാണ്. അല്ലാതെ ഒറിജിനലല്ല. ആയിരുന്നെങ്കിൽ വില്ലന്മാരെ കൊന്ന കേസിൽ മോഹൻലാലും മമ്മൂട്ടിയും രജനീകാന്തുമെല്ലാം ജയിലിൽ കിടന്നേനെ. പിന്നെ അതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ കാപട്യക്കാരാണോ എന്നതാണ് ചോദ്യം. ഒരു സിനിമയിൽപ്പോലും ആളെ എടുക്കുമ്പോൾ കാപട്യക്കാർക്കു മുൻഗണന എന്നു കണ്ടിട്ടില്ല. ഈ നാട്ടിലുള്ള സാധാരണ മനുഷ്യന്മാർതന്നെയല്ലെ അവിടെയും പണിയെടുക്കുന്നത്.

 

സ്വപ്ന സുരേഷിന്റെ കാര്യം വന്നപ്പോഴും ചർച്ച നടന്നതു സിനിമയിൽ കള്ളപ്പണം ഉണ്ടോ ഇല്ലയോ എന്നാണ്.സിനിമയിൽ നിക്ഷേപിക്കാൻ മാത്രമായി ആരെങ്കിലും കള്ളപ്പണവും കെട്ടുകെട്ടി ഇവിടെ വരുമോ. മറ്റെല്ലാ ബിസിനസിനും കള്ളപ്പണം ഇറക്കുന്നുണ്ടെങ്കിൽ സിനിമയിലും കാണും. നമ്മുടെ നാട്ടിലെ എത്രപേർ ഭൂമിയോ വീടോ വാങ്ങിയാൽ ഒറിജിനൽ വില രേഖയിൽ കാണിക്കും. സ്വർണം വാങ്ങുമ്പോൾ എത്രപേർ 5% നികുതി കൊടുത്തു ബില്ലു പോക്കറ്റിലിടും. ഇതെല്ലാം ചെയ്യുന്നവരാണു സിനിമയിലെ കള്ളപ്പണത്തെക്കുറിച്ചു ചോദിക്കുന്നത്.

 

ഈ പറയുന്ന സാഹിത്യത്തിൽ ഉള്ളിടത്തോളം കാപട്യം സിനിമയിലില്ല. സിനിമ മോശമാണെങ്കിൽ മാറ്റിനി കഴിഞ്ഞാൽ പെട്ടിയിലിരിക്കും. നല്ലതാണെന്നു എഴുതിയിട്ടൊന്നും കാര്യമല്ല. എത്രയെത്ര പീറ പുസ്തകങ്ങളാണു മഹത്താണെന്നു പറഞ്ഞ് എഴുതി മനുഷ്യനെക്കൊണ്ടു വാങ്ങിപ്പിച്ചിട്ടുള്ളത്.മഹത്തായ രചന എന്നു പലരും എഴുതിയതുകണ്ടു വാങ്ങിയ കിത്താബുകളിൽ പലതും മണ്ണാങ്കട്ടയാണ്.

 

സിനിമയിൽ ജീവിക്കുന്നതു ലക്ഷക്കണക്കിനു പാവപ്പെട്ടവരാണ്. അവർക്കു യുജിസി സ്കെയിൽ പോയിട്ടു സാദാ എഞ്ചുവടിപോലുമില്ല. ഇവരൊക്കെ കാപട്യമെന്നു പറയുന്നതു സത്യത്തിൽ അസൂയയകൊണ്ടാണ്. ഇവരുടെ കുട്ടികളും പേരക്കുട്ടികളും ഏതെങ്കിലും നാലാംനിര താരത്തെ കണ്ടാൽപോലും വിരലു രണ്ടു വിടർത്തിക്കാണിച്ചു സെൽഫിയെടുക്കും. മുത്തച്ഛൻ അതിന്റ താഴെ നാലു ലൈക്കുമടിക്കും.

 

ബാലചന്ദ്രൻ ചുള്ളിക്കാട് നല്ല നടനാണെന്നു അദ്ദേഹം പോലും പറയില്ല. ചുള്ളിക്കാടിനെ അഭിനയിപ്പിച്ചതു അദ്ദേഹത്തിന്റെ പേരു മുതലെടുക്കാൻ വേണ്ടിതന്നെയാണ്. അതാണ് കച്ചവടം. അതറിയാവുന്നതുകൊണ്ടാണു ചുള്ളിക്കാടു നിന്നു കൊടുക്കുന്നതും. അദ്ദേഹത്തിന്റെ കവിത അച്ചടിച്ച മാഗസിൻ 10 രൂപയ്ക്കു വാങ്ങി കവിത പഠിച്ചു 100 സ്ഥത്തു ചൊല്ലും. അതു ചെയ്യുന്ന ആർക്കെങ്കിലും ബാലചന്ദ്രനു 50 രൂപയുടെ മണി ഓർഡർ അയച്ചു കൊടുക്കാൻ തോന്നിയിട്ടുണ്ടോ. ബാലചന്ദ്രനു സിനിമയിൽനിന്നും സീരിയലിൽനിന്നും നല്ല ചില്വാനം കിട്ടുന്നുണ്ട്. അദ്ദേഹത്തെ അഭിനയിപ്പിക്കുന്നതു കംഫർട്ടബിൽ ആയതുകൊണ്ടും ബഹുമാനമുള്ളതുകൊണ്ടും വീണ്ടും വീണ്ടും വിളിക്കുന്നു. പണ്ടത്തെ ചുള്ളിക്കാടായിരുന്നുവെങ്കിൽ ആദ്യത്തെ സിനിമയോടെ പ്രൊഡക്‌‌ഷൻ എക്സിക്യൂട്ടീവ് കവിയെ വീട്ടിലിരുത്തിയേനെ.

 

സാഹിത്യത്തിലെ പല അവാർഡുകളും കേട്ടപ്പോൾ ഞെട്ടി ഇരുന്നിട്ടുണ്ട്. കുടിക്കാനെടുത്ത ചായ തണുത്തിട്ടുപോലും ബോധം വന്നിട്ടില്ല. ഇതെല്ലാം ക്വട്ടേഷൻ എടുത്തു വാങ്ങുന്നതാണെന്നു അറിയാനുള്ള ബോധം മലയാളിക്കുണ്ട്. അത്രയും പോക്കിരിത്തരം എന്തായാലും സിനിമയിൽ നടക്കില്ല. പ്രേക്ഷകർ അംഗീകരിച്ചാൽ മാത്രമെ അടുത്ത പ്രോജക്റ്റ് കിട്ടൂ. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം എത്ര ചവറ് എഴുതിയാലും നല്ല ആസൂത്രണമുണ്ടെങ്കിൽ വീണ്ടും എഴുതി കിത്താബാക്കി ആളുകളെ പറ്റിക്കാം. 

പുസ്തകത്തിന്റെ കവർ വരെ പ്രകാശനം ചെയ്തു ചില്വാനമുണ്ടാക്കിയവരില്ലെ. കഴിഞ്ഞ ദിവസം ഒരാളുടെ സന്ദേശം കണ്ടു എഴുത്തിനു തിരി കൊളുത്തുകയാണെന്ന്. എന്നുവച്ചാൽ ആരോ എഴുത്ത് ഉദ്ഘാടനം ചെയ്യുന്നു എന്നർഥം. ഇനി ഗുരു എഴുത്തുകാരനെ മടിയിൽ ഇരുത്തി നോവലിന്റെ ആദ്യ അക്ഷരം എഴുതിക്കുകയാണോ എന്നും അറിയില്ല. തിരി കൊളുത്തുകയാണ് എന്നുപറയുമ്പോൾത്തന്നെ വരുന്നതു ഗുണ്ടാണെന്ന സൂചനയമുണ്ട്.

 

അതെല്ലാം വിടാം. അടുത്ത സാഹിത്യ അരങ്ങിൽ ചോദിക്കേണ്ടതു, എന്നാണു ബാലചന്ദ്രൻ സിനിമയുടെ സാദാ ലോകത്തുനിന്നു സാഹിത്യത്തിന്റെ കപട ലോകത്തേക്കു വരുന്നത് എന്നാകട്ടെ. എന്തേയ് മൊയ്തീനെ.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com