കൊറോണക്കാലത്തെ സിനിമ: ലവ് ട്രെയിലർ എത്തി
Mail This Article
കോവിഡ്കാലത്ത് ഷൂട്ടിംഗ് ആരംഭിച്ചു അവസാനിച്ച അപൂർവം സിനിമകളിൽ ഒന്നായ ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ലവ് ' എന്ന സിനിമയുടെ ട്രെയിലർ എത്തി. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾ സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് അഞ്ചാം പാതിരയുടെ നിർമാതാവ് ആഷിഖ് ഉസ്മാനാണ്.
രജിഷ വിജയൻ നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 22 -നാണു ആരംഭിച്ചത്. ജൂലൈ 15 ന് ചിത്രീകരണം അവസാനിക്കുകയും ചെയ്തു. വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് സൂചനകളില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളുമായി നിർമാതാക്കളുടെ ചർച്ച പുരോഗമിക്കുകയാണെന്നാണ് സൂചന.