ADVERTISEMENT

ലോക്ഡൗൺ കാലത്ത് താനും ഒരു ഓൺലൈൻ കോഴ്സ് പൂർത്തിയാക്കിയെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. സിനിമയിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുക ലക്ഷ്യമിട്ട് രൂപീകരിച്ച കമ്യൂണിറ്റി സിനിമ കലക്ടീവ്(സിസിസി) സംഘടിപ്പിച്ച തിരക്കഥാ പരിശീലനത്തിന്റെ ഡിപ്ലോമ സർട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നതിന് സംഘടിപ്പിച്ച ഓൺലൈൻ ചടങ്ങിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. കോവിഡ് കാലത്ത് ഇതുപോലെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ വെല്ലുവിളികളെ നേരിട്ട സിസിസി അംഗങ്ങൾക്ക് പാർവതി ആശംസ അറിയിച്ചു. 

 

സ്ത്രീകളുടെ കാഴ്ചപ്പാടിലുള്ള സിനിമ ഉണ്ടാക്കാന്‍ കഴിവുള്ള സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ദൗത്യമാണ് സിസിസി ഏറ്റെടുത്തിരിക്കുന്നതെന്ന് സിസിസി സ്ഥാപക അംഗവും എസ്എച്ച് കോളേജിലെ സിനിമാ വകുപ്പ് ഡീനുമായ ഡോ. ആശാ ആച്ചി ജോസഫ്‌ പറഞ്ഞു. അവരുടെ കഴിവുകളെ ഉപകരിക്കുന്ന രീതിയില്‍ പരുവപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. തന്‍റെ വളരെ നാളത്തെ ഒരാഗ്രഹം പൂവണിഞ്ഞതായി എസ്എച്ച് സ്കൂൾ ഓഫ് കണ്യൂണിക്കേഷൻ പ്രിൻസിപ്പൽ പ്രഫസർ. ഡോ. ഫാദർ പ്രശാന്ത് പലക്കപ്പിള്ളില്‍ പറഞ്ഞു.. കോളേജിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ഒത്തു പോകുന്ന സംഘടനയാണ് സിസിസി. സിനിമയ്ക്ക് സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

സ്ത്രീകളെ സമൂഹത്തിന്‍റെ പൊതുധാരയില്‍ കാണാനാകാത്ത സാഹചര്യം മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലാ സാംസ്കാരിക രംഗത്ത് പ്രാധിനിത്യം ഉറപ്പിക്കാന്‍ CCC മുന്‍കൈ എടുക്കുമെന്ന് സ്ഥാപകാംഗം അനിൽ ജോസ് പറഞ്ഞു. സ്ത്രീകളുടെ മുടങ്ങി കിടക്കുന്ന പ്രൊജക്ടുകൾ ഏറ്റെടുത്തു നടത്തുന്നതിന് തയാറാണ്. സ്ത്രീകള്‍ അധികാരത്തിൽ വന്നാല്‍, അത് സമൂഹത്തിന് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു. 

 

സിസിസിയുടെ ആദ്യ ബാച്ചിലെ ഡിപ്ലോമ കോഴ്സ് 6 മാസം കൊണ്ട് പൂര്‍ത്തിയാക്കിയ 8 പേർ അനുഭവങ്ങള്‍ പങ്കു വെച്ചു. കോട്ടയത്തെ കോവിഡ്‌ ആശുപത്രിയില്‍ ഡോക്ടറായ സാനി വര്‍ഗീസ്, ആർഒവി പ്രവര്‍ത്തകയും, വ്യക്തിവികാസ പരിശീലകയുമായ സജിത റഷീദ്, പത്രപ്രവര്‍ത്തകയായ ശ്രീകല, അധ്യാപികയായ ചിത്ര, കുടുംബശ്രീയുടെ കലാ വിഭാഗമായ രംഗശ്രീയുടെ പ്രവര്‍ത്തകയായ രജനി, സുജാത ബേബി, മോളമ്മ, എഴുത്തുകാരി ആര്‍ദ്ര കൃഷ്ണ എന്നിവരാണ് കോഴ്സ് പൂർത്തിയാക്കി തിരക്കഥയെഴുത്തിന് സജ്ജരായിരിക്കുന്നത്. ഇവരുടെ തിരക്കഥകള്‍ ഉപയോഗിച്ചുള്ള ലഘു ചിത്രങ്ങള്‍ ഒരു ചിത്രസമാഹാരമായി ജനുവരിയോടെ പ്രദര്‍ശന സജ്ജമാകെമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

എസ്എച്ച് സ്കൂൾ ഓഫ് കമ്യുണിക്കേഷനിലെ അധ്യാപികയും ഡബ്ലിയുസിസിസി അംഗവുമായ ജീവ പരിപാടികൾ നിയന്ത്രിച്ചു. എസ്എച്ച് സ്കൂള്‍ ഓഫ് കമ്യുണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ്‌, എസ്എച്ച് കോളജ് കമ്യുണിക്കേഷന്‍ വകുപ്പ് അധ്യക്ഷ, ശാന്തി മത്തായി, സ്വാമി ജോഷി ബോസ്, ഭോപ്പാലിലെ ഏകത കലക്ടീവില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഉബിത തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9447498430

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com