ADVERTISEMENT

ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്ന നമ്മൾ പക്ഷെ ഇത്തവണ കരുതലോടെ പെരുമാറേണ്ട അവസ്ഥയിലാണ്.  ഓണം ആഘോഷിക്കാനായി വേണ്ട സാധനങ്ങൾ സ്വരുക്കൂട്ടാനുള്ള തിരക്കിനിടയിൽ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി മറക്കാൻ പാടില്ല.  ആരോഗ്യ വകുപ്പ് അനുശാസിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിച്ചു വേണം ഓരോ മലയാളിയും ഇത്തവണ ഓണത്തെ വരവേൽക്കേണ്ടത്.  പറയുന്നത് മലയാളിയുടെ പ്രിയതാരമായ  ജയസൂര്യയാണ്.

 

ശ്രദ്ധിച്ചാല്‍ വലിയ വിപത്തൊഴിവാക്കാം

 

കോവിഡ് മാത്രമല്ല അതിനു മുകളിൽ പറന്നിറങ്ങിയ കരിപ്പൂർ വിമാന അപകടവും പെട്ടിമുടിയിൽ ഉണ്ടായ അപകടവും പ്രളയം മൂലമുണ്ടായ ദുരിതങ്ങളും മറക്കാറായിട്ടില്ല.  കൊറോണ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയിട്ട് അഞ്ചുമാസമായി അന്നുമുതൽ ചെറുകിട കച്ചവടക്കാരും സിനിമാമേഖലയിൽ ഉൾപ്പെടെയുള്ള ദൈനംദിന ജോലികൾ ചെയ്യുന്നവരും  എല്ലാം കഷ്ടപ്പാടിലാണ്. തനിക്ക് കഴിയുന്ന രീതിയിൽ പലർക്കും സഹായമെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.  നാം ഒരിക്കലും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത  സംഭവങ്ങളാണ് നടക്കുന്നത്. 

 

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അഞ്ചുമാസമായി പണിയില്ലാതെ ദുരിതത്തിൽ കഴിയുന്നവർക്ക് ഒട്ടൊരു ആശ്വാസമായിട്ടുണ്ട്.  ഓണവിപണി സജീവമാകുന്നതോടെ എല്ലാവരിലും പ്രതീക്ഷയും ഉത്സാഹവും വർദ്ധിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ  ഓണം ആഘോഷിക്കരുതെന്നോ ആരും പുറത്തുപോകരുതെന്നോ പറയാൻ കഴിയില്ല.  പക്ഷേ നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ വലിയ വിപത്തൊഴിവാക്കാൻ സാധിക്കും.  

 

സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കൂ

 

നമ്മളോടുള്ള കരുതൽ പോലെ സഹജീവിയോടും കരുതൽ കാണിക്കുക.  അതുപോലെതന്നെ പുറത്തുപോയി ഇടപഴകുന്ന നാം ഓരോരുത്തരും ഓർക്കേണ്ട മറ്റൊരുകാര്യമുണ്ട്, പ്രായമായ മാതാപിതാക്കളും ചെറിയ കുട്ടികളുമൊക്കെ വീട്ടിലുണ്ടാകാം, നമ്മുടെ അശ്രദ്ധമൂലം വീട്ടിലിരിക്കുന്നവർക്ക് അപകടമുണ്ടാകരുത്. നമ്മുടെ കുടുംബത്തെ സംരക്ഷിക്കേണ്ട കടമ നമുക്കുള്ളതുകൊണ്ടുതന്നെ ആരോഗ്യപ്രവർത്തകരും ഗവണ്മെന്റും  അനുശാസിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയാണ് വേണ്ടത്.  ഓരോരുത്തരും ജാഗ്രതയോടെ പ്രവർത്തിച്ചാൽ തന്നെ വലിയ മാറ്റമാണ് സമൂഹത്തിൽ ഉണ്ടാകുന്നതെന്നും ജയസൂര്യ കൂട്ടിച്ചേർക്കുന്നു.  

 

എന്റെ ഓണം കുട്ടികള്‍ക്കൊപ്പം

 

എല്ലാ മലയാളികളെയുംപോലെ തനിക്കും ഓണം പ്രിയപ്പെട്ടത് തന്നെയാണ്.  ഓണം എല്ലാവർഷവും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ശ്രമിക്കാറുണ്ട് .  പലവിധ പ്രതിസന്ധികളിൽ കൂടി കടന്നുപോകുന്ന ഈ സമയത്ത് ഇത്രയധികം ആളുകൾ ഒരുമിച്ച് ബുദ്ധിമുട്ടു നേരിടുന്നതിന്റെ വിഷമം ഉള്ളിലുണ്ട്.  കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ എല്ലാവരെയുംപോലെ തനിക്കും പ്രിയപ്പെട്ടതു തന്നെയാണ്.  അതുകൊണ്ടു തന്നെ ഇത്തവണ മക്കളുടെ സന്തോഷത്തിൽ പങ്കുചേരാനാണ് ശ്രമിക്കുന്നത്.  ആഘോഷങ്ങൾ ഫോട്ടോയിൽ മാത്രം ഒതുക്കാതെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ നെയ്തെടുക്കാൻ നമുക്ക് ശ്രമിക്കാം, എങ്കിൽ മാത്രമേ നമ്മുടെ ഓർമകളും സമൃദ്ധമാവുകയുള്ളൂ.    കോവിഡിനോടൊപ്പം സാധാരണ ജീവിതം നയിക്കാൻ നാമെല്ലാവരും നിർബന്ധിതരാവുകയാണ്.  ഈ സമയവും കടന്നു പോകും.  സമാധാനവും സന്തോഷവും ഐശ്വര്യവും കളിയാടുന്ന മറ്റൊരു ഓണക്കാലം സമാഗതമാകുമെന്ന പ്രത്യാശയിൽ ജാഗ്രതയോടും കരുതലോടും കൂടി ഈ ഓണത്തെ നമുക്ക് വരവേൽക്കാമെന്നും ജയസൂര്യ പറയുന്നു.  എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരാനും അദ്ദേഹം മറന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com