പഠനം പുനരാരംഭിക്കണം: കോവിഡിനോടുള്ള ആളുകളുടെ പേടി എവിടെ: ശ്രിത ശിവദാസ് അഭിമുഖം
Mail This Article
ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശ്രിത ശിവദാസ്. അവതാരകയായി തുടങ്ങി മലയാളത്തിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങിയ ശ്രിത ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ മലയാളത്തിലെ ആദ്യത്തെ നെറ്റ്ഫ്ലിക്സ് റിലീസായി എത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ നാടൻ പെൺകൊടിയെ മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. തിരക്കിൽനിന്നു തിരക്കിലേക്ക് കുതിക്കുകയാണ് താരമിപ്പോൾ, തമിഴിൽ രണ്ടു ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. പുതിയ സിനിമാ വിശേഷങ്ങളുമായി ശ്രിത ശിവദാസ് മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു....
ആലുവയിലെ നാടൻ പെൺകുട്ടി എങ്ങനെയാണ് വെള്ളിത്തിരയിലേക്ക് എത്തിപ്പെട്ടത് ?
സിനിമാതാരം ആകും എന്നോ ആകണമെന്നോ കരുതിയതല്ല. എല്ലാം യാദൃച്ഛികമായി സംഭവിച്ചതാണ്. സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിലൊക്കെ പങ്കെടുക്കുമായിരുന്നു. നാടകം ഒക്കെ ചെയ്തിട്ടുണ്ട്. ഡിഗ്രിക്ക് മൈക്രോ ബയോളജി ആണ് ചെയ്തത്. ആ സമയത്ത് ആങ്കറിങ് ചെയ്യാൻ താല്പര്യമുണ്ടായിരുന്നു. അങ്ങനെ ആങ്കറിങ് ഒക്കെ ചെയ്തു തുടങ്ങി. ഞാൻ ചെയ്ത ഒരു പ്രോഗ്രാം കണ്ടിട്ടാണ് ഓർഡിനറി എന്ന മൂവിയിൽ ഓഡിഷന് വിളിച്ചത്. സംശയത്തോടെയാണ് ഓഡിഷന് പോയത്. എന്നാലും ഒരു കൈ നോക്കാം എന്ന് കരുതി.
ചാക്കോച്ചൻ–ബിജു മേനോൻ സർ ഒക്കെ ഉള്ള സിനിമയിൽ അവസരം ലഭിച്ചപ്പോൾ വലിയ ആവേശമായിരുന്നു. സംവിധായകൻ പറയുന്നതുപോലെ ചെയ്യാൻ പറ്റുമോ എന്ന് ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. പക്ഷേ സെറ്റിൽ എല്ലാവരും നല്ലപോലെ പിന്തുണച്ചു. ഒരു പുതുമുഖമായ എന്നെ അവർ നല്ല രീതിയിൽ സഹായിച്ചു. ആങ്കറിങ് ചെയ്തിരുന്നതുകൊണ്ട് ക്യാമറയെ അഭിമുഖീകരിക്കാൻ പ്രശ്നമുണ്ടായിരുന്നില്ല. അഭിനയം അപരിചിതമായ മേഖലയായിരുന്നുവെങ്കിലും രണ്ടു മൂന്നു ദിവസം കൊണ്ട് അഡ്ജസ്റ്റ് ആയി. ചാക്കോച്ചൻ നല്ല സപ്പോർട്ട് തന്നിരുന്നു.
ആദ്യ ലൊക്കേഷനെക്കുറിച്ച്?
ഗവി ആയിരുന്നല്ലോ ആദ്യ ലൊക്കേഷൻ, ഗവിയിലെ താമസവും പ്രകൃതിഭംഗിയുമൊക്കെ ഇപ്പോഴും ഓർക്കാൻ സുഖമാണ്. വളരെ മനോഹരമായ സ്ഥലം. ലൊക്കേഷനിൽ എത്തിയാൽ കുറച്ചു ദിവസം സ്റ്റേ ചെയ്യേണ്ടി വരും. പെട്ടെന്ന് പോയി വരാൻ പറ്റില്ല. ഗവി ആയതുകൊണ്ട് ഒട്ടും മടുപ്പു തോന്നിയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ കുറെ നേരം പ്രകൃതിഭംഗിയിൽ ലയിച്ചു നിൽക്കും. ആദ്യ സിനിമയായതുകൊണ്ടു തന്നെ ഓർഡിനറിയും ഗവിയുമൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമ വളരെയധികം വിജയമായി. ചാക്കോച്ചൻ–ബിജുമേനോൻ കൂട്ടുകെട്ടും എന്റെ ക്യാരക്ടറും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും ഓർഡിനറിയിലെ കഥാപാത്രത്തിന്റെ പേരിലാണ് എന്നെ കൂടുതൽപേരും അറിയുന്നത്.
എന്തുകൊണ്ടാണ് പിന്നീട് സിനിമയിൽനിന്നു വിട്ടുനിന്നത്?
ഞാൻ അങ്ങനെ വിട്ടുനിന്നിട്ടില്ല. ഓർഡിനറി കഴിഞ്ഞു കുറേ സിനിമകൾ ചെയ്തു. പിന്നെ 2014 ൽ ‘കൂതറ’ ചെയ്തു. അതിനു ശേഷം കുറച്ചു പഴ്സനൽ തിരക്കുകളിൽ പെട്ടു. 2018 ൽ ആണ് തമിഴ് മൂവി ചെയ്യുന്നത് അത് 2019 ൽ റിലീസ് ചെയ്തു. ഇതിനിടയിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് മലയാളത്തിൽ അധികം ചെയ്തില്ല അതാണ് ഗ്യാപ് വന്നു എന്നു തോന്നുന്നത്.
അന്യഭാഷയിൽ ആദ്യമായി അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ?
തമിഴിലേക്കു വിളിച്ചപ്പോൾ ചെയ്യാൻ പറ്റുമോ എന്ന് സംശയമായിരുന്നു. ഭാഷ അറിയില്ലല്ലോ. പക്ഷേ തമിഴ് ഫിലിമിന്റെ ഫസ്റ്റ് ഷെഡ്യൂൾ കേരളത്തിൽത്തന്നെ ആയിരുന്നു. എറണാകുളത്തായിരുന്നു ആദ്യത്തെ സീൻ ഷൂട്ട് ചെയ്തത്. ഞാൻ ജോയിൻ ചെയ്തത് എറണാകുളത്ത് സെറ്റിൽ ആണ്. അതുകൊണ്ടുതന്നെ ആദ്യം ഒരു അപരിചിതത്വം തോന്നിയില്ല.
ഭാഷാ പ്രശ്നം ഉണ്ടായിരുന്നു. അത് പെട്ടെന്നു മാനേജ് ചെയ്യാൻ പറ്റി. പിന്നെ ഫസ്റ്റ് സീൻ തന്നെ സന്താനത്തിനൊപ്പമായിരുന്നു. അത് നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. ദില്ലുക്ക് ദുഡ്ഡ് 2 എന്ന ആ ഹൊറർ കോമഡി ത്രില്ലർ കഴിഞ്ഞ വർഷം അവിടെ ഹിറ്റായ പടമായിരുന്നു. അങ്ങനെ നല്ലൊരു ഓപ്പണിങ് തമിഴിൽ കിട്ടി. രണ്ടാമത്തെ തമിഴ് മൂവി ഷൂട്ടിങ് കഴിഞ്ഞു. രണ്ട് സിനിമകളുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു.
‘മണിയറയിലെ അശോകൻ’ മലയാളത്തിലേക്ക് ഒരു രണ്ടാം വരവ്, അതിനെക്കുറിച്ച്??
മണിയറയിലെ അശോകൻ കോവിഡിന് മുമ്പ് ഷൂട്ട് ചെയ്തതാണ്, റിലീസിന് കാത്തിരിക്കുമ്പോഴാണ് ഈ പ്രതിസന്ധികൾ എല്ലാം വന്നത്. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലല്ലോ. മണിയറയിലെ അശോകന് നല്ല സ്വീകരണമാണ് ലഭിച്ചത്. ആദ്യമായി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത മലയാളം സിനിമ ആയിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും കണ്ടു എന്നാണ് തോന്നുന്നത്. ഇന്ത്യയിലെ ടോപ് ലിസ്റ്റിൽ രണ്ടു ദിവസം അത് നമ്പർ വൺ ആയി വന്നിട്ടുണ്ടായിരുന്നു. ഇപ്പോഴും ടോപ് ലിസ്റ്റിൽ ഉണ്ട്. അതിലെ കഥാപാത്രവും വളരെ നല്ലതായിരുന്നു. ഒരുപാടു പേര് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു.
തിരിച്ചു വരവിലെ പടം ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ എന്തു തോന്നി, ആരാധകരും കാണികളും ആരവങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ ഇരുന്ന് സിനിമ കാണുന്ന അവസ്ഥ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. നമ്മൾ ചെയ്ത ഒരു കലാസൃഷ്ടി, അത് പ്രേക്ഷകരിലേക്ക് എത്തുമ്പോഴാണല്ലോ അതിന് പൂർണത ഉണ്ടാവുക. അത് ഏതു മീഡിയയിലൂടെ ആണെങ്കിലും റിലീസ് ചെയ്യുക എന്നുള്ളതിലാണ് കാര്യം. പെട്ടിയിൽ ഇരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ ഏതെങ്കിലും മീഡിയത്തിലൂടെ അത് മറ്റുള്ളവരിലേക്ക് എത്തുന്നത്.
പിന്നെ, നമ്മൾ കാലത്തിനൊത്ത് മാറിയല്ലേ പറ്റൂ ഇനിയും കൂടുതൽ സിനിമകൾ ഒടിടി വഴി വരാനാണ് സാധ്യത. എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് സിനിമ മേഖലയാണ്. പ്രേക്ഷകർ അവരുടെ ബുദ്ധിമുട്ടുകൾ മാറുമ്പോഴേ തീയറ്ററുകളിലേക്ക് എത്തുകയുള്ളൂ. ആ കാലത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. കോടിക്കണക്കിനു രൂപ ചെലവഴിച്ച് എടുത്ത സിനിമകളെല്ലാം റിലീസ് ചെയ്യാൻ കഴിയാതെ ഇരിക്കുകയാണ്. നിർമാതാക്കൾ വലിയ പ്രതിസന്ധിയിലാണ്, താരങ്ങളും.
സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട് .ലൈറ്റ് ബോയ്സ് മുതൽ താരങ്ങൾ വരെ പ്രതിസന്ധിയിലാണ്. തമിഴിലൊക്കെ കോടിക്കണക്കിനു രൂപ പലിശയ്ക്ക് എടുത്ത് പടം ചെയ്യുന്ന നിർമാതാക്കൾ, അവരുടെ കാര്യം വലിയ കഷ്ടത്തിലാണ്. ഒടിടിയിലേക്ക് നല്ല തള്ളിക്കയറ്റം ഉള്ളത് കാരണം അവരും ചെറിയ തുകയ്ക്ക് സിനിമ വിറ്റുതുടങ്ങി എന്നാണ് കേട്ടത്. വലിയ പടങ്ങൾ ഒന്നും നടക്കുന്നില്ല. ഒടിടി പ്ലാറ്റഫോമിനനുസരിച്ചേ ഇപ്പോൾ പടം ചെയ്യാൻ പറ്റൂ എന്ന അവസ്ഥയാണ്.
കുടുംബം, സുഹൃത്തുക്കൾ?
വീട്ടിൽ അച്ഛനും അമ്മയും സഹോദരനുമുണ്ട്. സഹോദരൻ കാനഡയിൽ ജോലി ചെയ്യുന്നു. ഒപ്പം പഠിച്ച സുഹൃത്തുക്കളുമായൊക്കെ നല്ല ബന്ധമുണ്ട്. സിനിമയിലും കുറച്ചു സുഹൃത്തുക്കളുണ്ട്. ഏറ്റവും അടുത്ത സുഹൃത്ത് രമ്യ നമ്പീശനാണ്.
അൺഹൈഡ് എന്നൊരു ഷോർട് ഫിലിം ചെയ്തിരുന്നല്ലോ?
അതെ, രമ്യ നമ്പീശൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം. നല്ലൊരു മെസ്സേജ് പകർന്നു കൊടുക്കുന്നതായിരുന്നു അത്. കുറച്ചു ബോൾഡായ കഥാപാത്രം. ഒരു സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആർക്കും തൊടാൻ അവകാശമില്ല, അധികാരമില്ല. ബലാത്സംഗം ഉൾപ്പെടെ സമൂഹത്തില്‍ സ്ത്രീകൾ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളെക്കുറിച്ചാണ് അതിൽ പറയുന്നത്. ഡയലോഗ് ഒന്നും ഇല്ലാത്ത സിനിമ ആയതുകൊണ്ട് തന്നെ അതിൽ ഓരോ മൂവ്മെന്റും കോസ്റ്റ്യൂമും ഒക്കെ പ്രധാനമായിരുന്നു.
അതിന്റെ പ്രാരംഭം മുതലേ ഞാൻ കൂടെ ഉണ്ടായിരുന്നു. ആ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അത് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഉറപ്പായിട്ടും ചെയ്യാമെന്ന്. നല്ലൊരു മെസ്സേജ് ആണ് അത് സമൂഹത്തിന് കൊടുക്കുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ എനിക്ക് രമ്യയിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഡയറക്ടർ എന്ന നിലയിൽ നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു രമ്യക്ക്. വെറും രണ്ടു ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. അത് വളരെ നന്നായിട്ടു വന്നു.
വിവാഹം, വേർപിരിയൽ?
2014 ൽ ആണ് വിവാഹം നടന്നത്. ഏകദേശം ഒരു വർഷം ഒരുമിച്ച് താമസിച്ചു. അതിനുശേഷം ഒത്തു പോകാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ വേർപിരിഞ്ഞു. രണ്ടാൾക്കും താൽപര്യമില്ലെങ്കിൽ ബുദ്ധിമുട്ടി സഹിക്കേണ്ട കാര്യമില്ലല്ലോ. കഴിഞ്ഞുപോയ കാര്യമാണ്. അതിനെപ്പറ്റി ഇനി പറയാൻ താൽപര്യപ്പെടുന്നില്ല.
ലോക്ഡൗൺ ആക്ടിവിറ്റീസ് എന്തൊക്കെ ആയിരുന്നു?
ലോക്ഡൗണില്‍ മുഴുവന്‍ സമയവും വീട്ടിൽ ഇരിക്കുകയായിരുന്നു. എവിടെയും പോയില്ല. ഇപ്പോൾ വീണ്ടും തിരക്കും യാത്രകളും തുടങ്ങുന്നു. ഇപ്പോൾ എല്ലാവരും പേടിയില്ലാതെ ഇറങ്ങി നടക്കുന്നു എന്നാണ് തോന്നുന്നത്. 200 പേർക്ക് കോവിഡ് പോസിറ്റീവ് ആയ സമയത്ത് ആൾക്കാർക്ക് ഭയങ്കര പേടിയായിരുന്നു. ഇപ്പോൾ 3000 ആളുകൾ പോസിറ്റീവ് ആകുമ്പോൾ ആൾക്കാർക്ക് പേടിയൊന്നും ഇല്ല, എല്ലാവരും സാധാരണപോലെ ഇറങ്ങി നടക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ അധികം കാണാറില്ലല്ലോ?
സോഷ്യൽ മീഡിയയിൽ ഉണ്ട്, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്. പിന്നെ പഴയ ഫ്രണ്ട് ഗ്രൂപ് ഒക്കെയുണ്ട് അവരുമായൊക്കെ കോണ്ടാക്ട് ഉണ്ട്. സോഷ്യൽ മീഡിയയിൽ ഒത്തിരി ഇടപെടാൻ താല്പര്യമില്ല, ഞാൻ പണ്ടുതൊട്ടേ അങ്ങനെ ആണ്.
പുതിയ പ്രോജക്ടുകൾ, ഭാവി പരിപാടികൾ?
പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അഭിനയത്തിന്റെ തിരക്കിൽ അത് നടന്നില്ല. അത് ഇപ്പോഴും മനസ്സിൽത്തന്നെ ഉണ്ട്, എപ്പോൾ വേണമെങ്കിലും ചെയ്യാമല്ലോ. പുറത്തുപോകാം എന്നൊരു പ്ലാൻ ഉണ്ടായിരുന്നു അപ്പോഴാണ് വീണ്ടും സിനിമകൾ വന്നത്. അങ്ങനെ അതും നടന്നില്ല. ഇനിയും താമസിച്ചിട്ടില്ല, പഠനം പുനരാരംഭിക്കണം. ചില ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു. ചിലതു ഷൂട്ട് നടക്കുന്നു. ഭാവികാര്യങ്ങൾ ഇപ്പോൾ ആർക്കും പറയാൻ പറ്റാത്ത അവസ്ഥയല്ലേ. തൽക്കാലം ഒന്നും തീരുമാനിച്ചിട്ടില്ല. ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തിയാക്കണം, പുതിയത് വന്നാൽ ചെയ്യണം, അങ്ങനെ പോകുന്നു ഭാവി പരിപാടികൾ.