ഒരു ദുശ്ശീലവുമില്ലാത്ത നടൻ: താങ്ങാനാവുന്നില്ല: ശബരീനാഥിന്റെ വിയോഗത്തിൽ വിങ്ങി സിനിമാ ലോകം
Mail This Article
നടൻ ശബരീനാഥിന്റെ അകാല വിയോഗത്തിൽ വിറങ്ങലിച്ച് സിനിമാ ലോകവും. സംവിധായകൻ എം.ബി. പത്മകുമാർ, നടൻ അനിൽ നെടുമങ്ങാട്, ബാലാജി ശർമ, സംവിധായകൻ സൈജു എന്നിവര്‍ ആദരാഞ്ജലികൾ നേർന്നു.
ബാലാജി ശർമയുടെ വാക്കുകൾ: എപ്പോഴും ചിരിച്ച മുഖം , ഒരു ദുഃശീലവുമില്ല , വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെ എല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസൻ കാർഡിയാക്ക് അറസ്റ്റിന്റെ രൂപത്തിൽ കൊണ്ടുപോയി .. .. ഒരു നീതിയുമില്ല ... താങ്ങാനാവുന്നില്ല .... വിശ്വാസം വരുന്നില്ല .... സഹൊ മറക്കിലൊരിക്കലും ... കണീര്‍ പ്രണാമം.
മരണമെ, നീയെവിടേക്കാണ് കൊണ്ടുപോകുന്നത്, വിട: എം.ബി. പത്മകുമാർ
നേരിട്ട് പരിചയപ്പെട്ടിട്ടില്ല, പക്ഷേ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ കലാകാരന്റെ ശബ്ദമാവാൻ സാധിച്ചിരുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല: സൈജു എസ്.
ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് ശബരീനാഥിന്റെ മരണ കാരണം. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. 43 വയസ്സായിരുന്നു.
15 വർഷമായി അഭിനയരംഗത്ത് സജീവമാണ് ശബരി. 'മിന്നുകെട്ട്', 'അമല', 'സ്വാമി അയ്യപ്പൻ' തുടങ്ങിയ സീരിയലുകളിലൂടെയാണ് ശബരി ശ്രദ്ധേയനായത്. 'പാടാത്ത പെങ്കിളി', 'സാഗരം സാക്ഷി', 'പ്രണയിനി' പരമ്പരകളിൽ മുഖ്യവേഷം ചെയ്തു. 'പാടാത്ത പൈങ്കിളി' എന്ന സീരിയലിൽ അഭിനയിച്ച് വരികയായിരുന്നു. ഭാര്യ ശാന്തി. ഭാഗ്യ, ഭൂമിക എന്നിവർ മക്കളാണ്.