എന്തു തോന്ന്യാസം പറയാനും യുട്യൂബ്, വല്ല പണിയും ചെയ്ത് ജീവിക്കെടോ: പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി
Mail This Article
സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബിലൂടെയും തങ്ങളെ ആക്ഷേപിച്ചയാളെ കയ്യേറ്റം ചെയ്യേണ്ടി വന്നത് മറ്റൊരു മാർഗവും ഇല്ലാത്തതിനാലെന്ന് ഭാഗ്യലക്ഷ്മി. പല തവണ പരാതിപ്പെട്ടിട്ടും നിയമസംവിധാനങ്ങൾ പ്രതികരിക്കാത്തതിനാലാണ് തങ്ങൾ ഇതു ചെയ്തതെന്നും ഇതിനാലുണ്ടാകുന്ന ഭവിഷ്യത്തുകളാണ് സമൂഹമാധ്യമങ്ങളിലെ ആക്രമത്തെക്കാൾ ഭേദമെന്നും അവർ പറഞ്ഞു.
‘പല കാര്യങ്ങളും കണ്ടിട്ടും മിണ്ടാതെ പ്രതികരിക്കാതെ സമൂഹമാധ്യമങ്ങളിൽ നിന്നു പോലും ഒഴിഞ്ഞു നിൽക്കുകയാണ്. വലിയ ആരുടെയെങ്കിലുമൊക്കെ സ്വകാര്യജീവിതത്തെക്കുറിച്ച് എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിക്കും എഡിജിപിക്കും ക്രൈബ്രാഞ്ചിനും സൈബർ സെല്ലിനും അങ്ങനെ എല്ലാവർക്കും പരാതി കൊടുത്തു. ഒരാഴ്ചയിൽ കൂടുതലായി പരാതി കൊടുത്തിട്ട്. ഒരു വിളി പോലും ഒരിടത്തു നിന്നും ഉണ്ടായിച്ചില്ല. ഒരു നടപടിയും ഉണ്ടായില്ല. സിനിമക്കാരാണെന്നു വച്ച് ആർക്കും എന്തും പറയാമെന്നാണോ ? ഇതു കാരണം ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇൗ വിജയ് പി നായർക്കെതിരെ പല തവണ പരാതി കൊടുത്തിട്ടും ആരും അനങ്ങിയിച്ചില്ല. ഇത്തരക്കാർ സമൂഹമാധ്യമങ്ങളിലൂടെ എന്തു തോന്ന്യാസവും പറയും, വല്ല പണിയും ചെയ്തു ജീവിക്കണം.’ ഭാഗ്യലക്ഷ്മി പറയുന്നു.
‘ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് ഞങ്ങൾ ഇയാളുടെ വീട് തപ്പി പിടിച്ചത്. എന്തിനാണ് ഇതു ചെയ്യുന്നതെന്ന് ചോദിക്കാനായി. 80 വയസ്സായ സുഗതകുമാരി അമ്മയെക്കരുറിച്ച് വരെ അയാൾ മോശമായി പറഞ്ഞു. ഞാൻ ഒാരോ സിനിമ ഡബ്ബ് ചെയ്യുമ്പോഴും ഒാരോ ആളുകളുമായി കിടക്ക പങ്കിടുന്നു എന്നാണ് അയാൾ പറയുന്നത്. ഇതു കേട്ടിട്ട് ഞാൻ മിണ്ടാതിരിക്കണോ ? കഴിഞ്ഞ ഒരു മാസമായി സമൂഹമാധ്യമങ്ങളിൽ ഇതു കിടന്ന് കളിക്കുകയാണ്. സ്വമേധയാ കേസ് എടുക്കുകയുമാല്ല നാം കേസ് കൊടുത്താൽ ആരം ശ്രദ്ധിക്കുകയുമില്ല. ഞങ്ങൾ അയാളെ കൊണ്ട് മാപ്പു പറയിച്ചു. അയാളുടെ ലാപ്ടോപ്പും മൊബൈലും എടുത്ത് പൊലീസിനെ ഏൽപിച്ചു. നിയമം കയ്യിലെടുക്കരുത് എന്നറിയാം. പക്ഷേ പറ്റുന്നില്ല. എന്തായാലും ഇൗ തെറിവിളിയെക്കാൾ വലുതല്ല പൊലീസിന്റെയും കോടതിയുടെയും നടപടികൾ. അതു കൊണ്ടാണ് ഭവിഷ്യത്ത് അറിയാമായിരുന്നിട്ടും ചെയ്തത്.’ ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.