രക്തക്കുഴൽ മുറിഞ്ഞത് വേദനയ്ക്കു കാരണമായി; ടൊവീനോയ്ക്ക് മൂന്നാഴ്ച പൂർണ വിശ്രമം
Mail This Article
സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരം അപകടനില തരണം ചെയ്തതായി താരത്തിനോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു. 'കള' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേറ്റ ടൊവിനോയെ വയറുവേദനയെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണമായതെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി.
ഫൈറ്റ് സീനുകൾ ഒരുപാടുള്ള ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാൻ ടൊവീനോ തയാറാവുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയാണു വയറ്റിൽ ആഘാതമേറ്റെങ്കിലും അപ്പോൾ വേദന തോന്നാതിരുന്നതിനാൽ അഭിനയം തുടർന്നു. ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു.
ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി, ഇന്നലെ ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. വിശദമായ പരിശോധനയിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടർമാർ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന താരം ഐസിയുവിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. വീട്ടിൽ ചെന്നാലും മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം.
‘അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആന്റിബയോട്ടിക് മരുന്ന് നൽകി. കഴിഞ്ഞ 24 മണിക്കൂറായി ആരോഗ്യനിലയിൽ സ്ഥിരതയുണ്ട്. വീണ്ടും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ ഇല്ല. 48 മണിക്കൂറിന് ശേഷം ഒരു സി.ടി. ആൻജിയോഗ്രാം കൂടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതു വരെ ഐസിയു നിരീക്ഷണത്തിൽ തുടരും. എന്തെങ്കിലും അടിയന്തര ആവശ്യമുണ്ടായാൽ ലാപ്രോസ് ഓപ്പറേഷന് വിധേയനാക്കും. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.’–ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഇതിനിടെ താരം ആശുപത്രിയിലായതിനെത്തുടർന്ന് 'കള' സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചതായി കളയുടെ സംവിധായകൻ രോഹിത് വി.എസ്. അറിയിച്ചു. രണ്ടു പേർ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയതെന്നും ടൊവീനോ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.