ഘടോൽക്കചനും ബലന്ധരയും: രണ്ടാമൂഴത്തിനായി വികസിപ്പിച്ച നാല് കഥാപാത്രങ്ങൾ: എംടി പറയുന്നു
Mail This Article
ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രോജക്ട് ആണ് രണ്ടാമൂഴം. ഇപ്പോഴിതാ രണ്ടാമൂഴത്തെക്കുറിച്ച് എം.ടി. വാസുദേവൻ നൽകിയ ചില പുതിയ വെളിപ്പെടുത്തലുകളാണ് ചർച്ച. ‘രണ്ടാമൂഴം’ തിരക്കഥയില്‍ എത്തിയപ്പോൾ നാല് കഥാപാത്രങ്ങളെ വികസിപ്പിച്ചെടുത്തുവെന്ന് എംടി പറയുന്നു. എം.ടി.യും മകൾ അശ്വതിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പിലാണ് ഈ സംഭാഷണം പ്രസിദ്ധീകരിച്ചത്.
‘രണ്ടാമൂഴം’ നോവലിൽനിന്നു തിരക്കഥയാക്കി മാറ്റിയപ്പോൾ ഭീഷ്മരുടെ ക്യാരക്ടർ കുറച്ചു വികസിപ്പിച്ചു െചയ്തിട്ടുണ്ടോ? ഏതെങ്കിലും ക്യാരക്ടർ ഒന്നുകൂടി വികസിപ്പിക്കേണ്ടി വന്നോ?: ഇങ്ങനെയായിരുന്നു ചോദ്യം.
എംടിയുടെ വാക്കുകൾ ഇങ്ങനെ:
അത്യാവശ്യം ചിലതൊക്കെ വന്നിട്ടുണ്ട്. ഘടോൽക്കചൻ. അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അതു കുറച്ചുകൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകൻ. നമ്മൾ ശ്രദ്ധയാകർഷിക്കാതെ പോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാൻ കുറച്ചുകൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസൻ ഋഷിതുല്യനായ ആളാണ്. പക്ഷേ, ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചുകൂടി ശ്രദ്ധയാകർഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വർക്ക് തയാറാക്കിയെന്നുള്ളതാണ്. ഞാൻ കുറെ വായിച്ചു നോട്ട് എടുത്തതാണ്. അപ്പോൾ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി.
തിരക്കഥയ്ക്ക് റഫെറൻസ് ഒന്നും വേണ്ടിവന്നില്ല. നോവലിന് വേണ്ടി അന്നു ചെയ്ത റഫറൻസ് ഒക്കെയേ ഉള്ളൂ. തിരക്കഥയ്ക്ക് വേണ്ടി യുദ്ധത്തിന്റെ മുറകളൊക്കെയുണ്ടല്ലോ. അതു നോവലിൽ അത്രയും ഇല്ല. അതിന്റെ കുറച്ചുകൂടി വിശദാംശങ്ങൾ യുദ്ധത്തിൽ വേണം. പ്രത്യേകിച്ച് ഗദായുദ്ധം. അങ്ങനെ ഓരോന്നു വന്നിട്ടുണ്ട്. ആയുധങ്ങളെക്കുറിച്ചു വിസ്തരിച്ച് നമ്മുടെ വേദത്തിൽ പറയുന്നുണ്ട്. ആയുധങ്ങളെപ്പറ്റിയൊക്കെ കുറെ അതിലുണ്ടെന്നും അതു തിരക്കഥയിലേക്കും കുറച്ചു യുദ്ധരംഗത്തിനും എടുത്തിട്ടുണ്ടെന്നും എംടി പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം: