ഇതും ഒരു ഷോൺ കോണറി ‘ചിത്രം’
Mail This Article
കോട്ടും സ്യൂട്ടും അണിഞ്ഞു മാത്രം വെള്ളിത്തിരയില്‍ കണ്ടിരുന്ന ഷോൺ കോണറി, മുഴുനീള അർദ്ധനഗ്ന വേഷത്തിൽ പ്രത്യക്ഷപ്പെട്ടൊരു സിനിമയാണ് സർഡോസ്. ജെയിംസ് ബോണ്ട് കുപ്പായം അഴിച്ചുവച്ച് സിനിമകളൊന്നും അധികം ഇല്ലാതിരുന്ന സമയത്താണ് ജോൺ ബൂർമാൻ തന്റെ സിനിമയ്ക്കായി കോണറിയെ ക്ഷണിക്കുന്നത്.
ആറു സിനിമകളിൽ ബോണ്ടിനെ അനശ്വരമാക്കി കരുത്തൻ കഥാപാത്രമായി തിളങ്ങിയ കോണറിയെ അൽപം ഞെട്ടലോടെയാണ് ഈ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. ശരീരം മറയ്ക്കാൻ മാത്രം അൽപം തുണി. അതുമാത്രമായിരുന്നു കോണറിയുടെ കോസ്റ്റ്യൂം.
1974ൽ റിലീസ് ചെയ്ത സർഡോസ്, അമേരിക്കൻ സയൻസ് ഫിക്‌ഷൻ ഗണത്തിൽപെടുന്ന സിനിമയായിരുന്നു. ഷോൺ കോണറിയും ഷാർലറ്റ് റാംപ്ലിങും സാറാ കെസ്റ്റൽമാനുമായിരുന്നു പ്രധാനവേഷങ്ങളിൽ.
2293–ലാണ് കഥ നടക്കുന്നത്. പോസ്റ്റ് അപൊകലിപ്റ്റിക് കാലഘട്ടം. മരണാനന്തരം നിത്യജീവൻ നൽകുന്ന "സർദോസ്" എന്ന ശിലാ ദൈവത്തെ ബാർബേറിയന്മാർ ആരാധിക്കുന്ന ഇതിവൃത്തമായിരുന്നു ഈ സിനിമയുടേത്. അൽപം ‘ഭ്രാന്തൻ’ വിഷയമായതുകൊണ്ടുതന്നെ ബോക്സ്ഓഫിസിൽ ചിത്രം പരാജയമായിരുന്നു,
ഷോൺ കോണറിയുടെ അസാമാന്യ അഭിനയമൊഴിച്ചാൽ ചിത്രം അത്രയൊന്നും സ്വീകരിക്കപ്പെട്ടില്ല. ചിത്രം ഐതിഹാസികമായിരുന്നെങ്കിലും അതിന്റെ ഫിലോസഫിയും ചിത്രീകരണ രീതിയിലെ വൈചിത്ര്യവും മൂലം അതിന്റെ യഥാർഥ അർഥത്തിൽ കാഴ്ചക്കാരിലേക്കെത്തിയില്ല. കപട ശാസ്ത്രീയതയെ തുറന്നു കാട്ടുന്ന ചിത്രമാണെങ്കിൽ പോലും സർഡോസ് കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രമാണെന്ന് ക്രിട്ടിക്സ് വിധിയെഴുതി.
ഒരു അണ്ടർ റേറ്റഡ് ചിത്രമായി അറിയപ്പെട്ടുവെങ്കിൽ പോലും ഷോൺ കോണറിയുടെ അഭിനയ ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടു തന്നെയായിരുന്നു സർഡോസ്. അന്നത്തെ കാലത്തെ സൂപ്പർമാൻ കോമിക്സിൽ സർഡോസിലെ കോണറിയുടെ കഥാപാത്രം ഇടംപിടിച്ചു. കുറ്റാന്വേഷണ ലോകത്തെ പകരംവയ്ക്കാനില്ലാത്ത ആരാധനാമൂർത്തിയായ ജെയിംസ് ബോണ്ട് വേഷങ്ങൾ അഴിച്ചുവച്ച് 90 ആം വയസ്സിൽ വിട വാങ്ങുമ്പോൾ അദ്ദേഹം അഭിനയിച്ച് ഉജ്ജ്വലമാക്കിയ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ എക്കലവും ജീവിക്കും