ADVERTISEMENT

സ്ഫടികം ജോർജ്ജ് എന്ന പേര് മലയാളികൾ മറന്നിട്ടുണ്ടാകാൻ  വഴിയില്ല. അഭിനയിച്ച ഒറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം.  സിനിമ ഇറങ്ങി രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ഫടികം ജോർജ്ജ് എന്ന പേര് കേൾക്കുമ്പോൾ തന്നെ പേടിച്ചു വിറക്കും. നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സ്ഫടികം ജോർജ്ജ് ഇന്ന് എഴുപത്തിയൊന്നിന്റെ നിറവിലാണ്. 'സ്ഫടികം' കൊണ്ട് വന്ന പേരും പെരുമയും ഒപ്പം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.

 

കോവിഡല്ലേ! തൽക്കാലം വീട്ടിൽ തന്നെ

 

അഭിനയം എന്നത് എന്റെ പാഷൻ ആണ്, അതുകൊണ്ടു തന്നെ കിട്ടുന്ന നല്ല കഥാപാത്രങ്ങൾ എല്ലാം സ്വീകരിക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. പക്ഷേ, ഇപ്പോൾ വരുന്ന ഓഫറുകളൊന്നും സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണല്ലോ. കോവിഡ് ലോകമൊട്ടാകെ ഭീതി വിതച്ചു പടർന്നു പിടിച്ചപ്പോൾ അത് നമ്മളെ ഓരോരുത്തരെയും ഓരോ തരത്തിൽ പ്രതിസന്ധിയിലാക്കി. ഒരുപാടു പേര് കഥകളുമായി വിളിക്കുന്നുണ്ട് പക്ഷെ കോവിഡ് കാലമായതുകൊണ്ടു ഇപ്പോൾ ഓഫറുകളൊന്നും സ്വീകരിക്കേണ്ട എന്നാണ് തീരുമാനം. നാലു വർഷം മുൻപ് കിഡ്നി മാറ്റിവയ്ക്കൽ സർജറി കഴിഞ്ഞതാണ്. അത് സക്സസ് ആയിരുന്നു. ഇപ്പോൾ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. അതിനു ശേഷം അഭിനയിച്ചു തുടങ്ങിയിരുന്നു, പക്ഷെ ഇപ്പോൾ അധികം പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് നല്ലതു എന്ന് തോന്നുന്നു. കുട്ടികൾ സമ്മതിക്കുന്നില്ല, അസുഖം വരാതെ ഇരിക്കുക എന്നതാണല്ലോ ഇപ്പോൾ പ്രധാനം. വിനയന്റെ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്, അത് ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. അപ്പോഴേക്കും കോവിഡ് കുറഞ്ഞു തുടങ്ങും എന്ന് കരുതുന്നു. ഒരു സിനിമ അഭിനയിച്ചു പൂർത്തിയാക്കിയിട്ടുണ്ട്. റിലീസിംഗ് തീയതി തീരുമാനിച്ചിട്ടില്ല.  

 

പേര് തന്നത് 'സ്ഫടികം'

 

ആദ്യമായി അഭിനയിച്ചത് 'കന്യാകുമാരി ഒരു കവിത' എന്ന ചിത്രമാണ്. തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രമായിരുന്നു അതിൽ. അതിനു ശേഷം ചെങ്കോലിൽ അഭിനയിച്ചു.  എന്നാലൂം പേര് കൊണ്ട് വന്നത് സ്ഫടികം ആണ്.  ഇപ്പൊൾ വളരെ അടുത്ത ആളുകൾ പോലും 'സ്ഫടികം' എന്നാണു വിളിക്കുന്നത്. അഭിനയിച്ച സിനിമയുടെ പേരിൽ അറിയപ്പെടുക എന്നുള്ളത് വലിയ ഭാഗ്യം ആയിട്ടാണ് കരുതുന്നത്. ആ കാലഘട്ടം ഒക്കെ സിനിമയുടെ വസന്തകാലമായിരുന്നു. സ്ഫടികം, ചെങ്കോൽ, പത്രം, ലേലം, വാഴുന്നോർ  അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ! സിനിമ ഒരു ആഘോഷമായിരുന്നു. അതുപോലെ ഉള്ള സിനിമകൾ ഇപ്പോൾ കുറവാണ്. ഒരുപാടു നല്ല സംവിധായകരോടൊപ്പവും അഭിനയേതാക്കളോടൊപ്പവും വർക്ക് ചെയ്യാൻ സാധിച്ചു.  ഇപ്പോള്‍ ന്യൂജെനറേഷനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. കിട്ടുന്ന കഥാപാത്രങ്ങൾ ഏതായാലും അത് വളരെ നന്നായി ചെയ്യുക അതാണ് എന്റെ ആഗ്രഹം. ആളുകളെ വിറപ്പിക്കുന്ന വില്ലൻ മുതൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കഥാപാത്രങ്ങളും ചെയ്യാൻ കഴിഞ്ഞു. ഇപ്പോഴും സ്ഫടികം, പത്രം ഒക്കെ ടിവിയിൽ വന്നാൽ കാണാൻ ആളുണ്ട്. അത് അത്തരം ചിത്രങ്ങളുടെ ജനപ്രീതിയാണ് കാണിക്കുന്നത്. സ്ഫടികം ഡിജിറ്റൈസ് ചെയ്തു വീണ്ടും ഇറക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്.  പുതിയ തലമുറയും സ്ഫടികം തീയറ്ററിൽ ആസ്വദിക്കട്ടെ.  

 

കോവിഡ് വീട്ടിൽ തളച്ചിട്ടു

 

ഇപ്പോൾ തീയറ്ററിൽ പോകാൻ പോലും കഴിയാതെയായി.  ലോകം മാറി മറിഞ്ഞു. കഴിഞ്ഞ വർഷം സമയം ഞാൻ ഒരു പരിപാടിയുമായി മസ്കറ്റിൽ ആണ്, ഈ വർഷം വീട്ടിൽ തളക്കപ്പെട്ടു. യാത്ര ചെയ്യാനും ആളുകളുമായി സഹകരിക്കാനും കഴിയാതെയായി.  തീയറ്ററുകൾ എന്ന് തുറക്കുമെന്നോ തുറന്നാൽ തന്നെ എത്ര ആളിന് ഇരുന്നു കാണാൻ കഴിയുമെന്നോ  അറിയില്ല.  ബൈബിളിൽ പറയുന്നതുപോലെ ഇപ്പൊൽ മുറിയിൽ അടച്ചു മറഞ്ഞിരിക്കേണ്ട ഒരു അവസ്ഥ ആണ്. പള്ളിയിൽ പോകാമോ പ്രാർത്ഥിക്കാനോ ആളുകളെ കാണണോ കഴിയുന്നില്ല. മനുഷ്യനെ നയിക്കുന്നത് പ്രതീക്ഷകളാണല്ലോ! 2020 നമുക്കു നഷ്ടപ്പെട്ടു. ഇനി നമുക്ക് 2021 ൽ നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കാം. പുതിയ വർഷത്തിൽ  എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com