ഭാഗമതിയും ഹിന്ദിയിലേയ്ക്ക്; ട്രെയിലറിനു വിമർശനം
Mail This Article
കാഞ്ചനയുടെ ഹിന്ദി റീമേക്കിനു ശേഷം തെലുങ്കിൽ നിന്നും മറ്റൊരു ഹൊറർ ത്രില്ലറിന്റെ റീമേക്കു കൂടി ബോളിവുഡിൽ റിലീസിനൊരുങ്ങുന്നു. അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയുടെ ഹിന്ദി റീമേക്കാണ് ദുർഗാമതി. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
വലിയ വിമർശനമാണ് ട്രെയിലറിനു നേരെ ഉയരുന്നത്. കാഞ്ചന എടുത്തു നശിപ്പിച്ചതിനു പുറമെ മറ്റൊരു മികച്ച ചിത്രം കൂടി ഹിന്ദിയിൽ റീമേക്ക് ചെയ്ത് മോശമാക്കുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റ്. നായിക ഭൂമിയുടെ അഭിനയത്തെയും ചിലർ ട്രോളുന്നുണ്ട്. അനുഷ്ക ചെയ്തു ഗംഭീരമാക്കിയ വേഷം ഇനി മറ്റാരും ചെയ്താൽ നന്നാകില്ലെന്നും ഇവർ പറയുന്നു.
ജയറാം ആയിരുന്നു തെലുങ്ക് പതിപ്പിൽ വില്ലനായി എത്തിയത്. ഉണ്ണി മുകുന്ദനും ആശ ശരത്തും ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. ഹിന്ദിയിൽ ജയറാമിന്റെ കഥാപാത്രമായി അർഷദ് വാർസി അഭിനയിക്കുന്നു.
ഭാഗമതി സംവിധാനം ചെയ്ത ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ആമസോൺ പ്രൈം വഴി ഡിസംബർ 11ന് ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.