ADVERTISEMENT

ആലുവയിലെ ഫ്ലാറ്റില്‍ വച്ച്‌ താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ രംഗത്തെത്തിയ സംഭവത്തില്‍  ട്വിസ്റ്റ്. നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് ഫ്ലാറ്റിലെ അന്തേവാസിയായ വീട്ടമ്മയാണ് രംഗത്ത് വന്നിരിക്കുന്നത്. വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

 

നടി തന്നെ ഭിത്തിയിൽ ചേർത്തുനിർത്തി മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

 

ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ, ബിൽഡർ ഓഫിസ് മുറി നിർമിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ സിനിമ നടിക്കും ബിൽഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 

 

മിനുവിന്റെ പരാതിയിൽ ബിൽഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിർ വിഭാഗത്തിന്റെ പരാതിയിൽ താരത്തിനെതിരെയും കേസെടുത്തു. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫ്‌ളാറ്റിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യൻ എന്ന മിനു മുനീറയുടെ (45) പരാതിയിൽ ഫ്ലാറ്റിന്റെ പ്രോജക്ട് കോഓർഡിനേറ്റർ പത്തനംതിട്ട അടൂർ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവർക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തിൽ പുരുഷന്റെ അടിയേറ്റ് നടി നിലത്തുവീഴുന്നുണ്ട്. ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ ബിൽഡർ അനധികൃതമായി ഓഫിസ് മുറി നിർമിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേർന്ന് മർദ്ദിച്ചെന്നായിരുന്നു മിനുവിന്റെ പരാതി.

എന്നാൽ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വിഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതിൽ സുമിത മാത്യുവിനെ നടി പിന്തുടർന്ന് മർദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാൽ ഈ സമയം പൊലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാൽ ഇവരെ പിടിച്ചുമാറ്റാനായില്ല. 

ഓഫിസ് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണെന്നും പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിച്ചതാണെന്നും ഫ്ലാറ്റ് ജീവനക്കാർ പറയുന്നു. ഫ്‌ളാറ്റിൽ സിനിമാ ചിത്രീകരണം നടത്താൻ അനുമതി തേടിയപ്പോൾ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മിനുവിനെതിരെ സുമിതയും കൂട്ടരും പരാതിയിൽ പറയുന്നു. ഇരുകൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com