ഈ ലുക്ക് അമൽ നീരദ് ചിത്രത്തിന് തന്നെ; സിബിഐ മെയ് ആദ്യം
Mail This Article
2021ൽ കൈനിറയെ ചിത്രങ്ങളുമായാണ് മമ്മൂട്ടിയുടെ വരവ്. നവാഗതനായ ജോഫിൻ ടി. ചാക്കോ ഒരുക്കുന്ന പ്രീസ്റ്റ് ആകും ആദ്യം റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രം. അതിനു ശേഷമാകും സന്തോഷ് വിശ്വനാഥിന്റെ വൺ റിലീസ് ചെയ്യുക.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ വർഷം ആദ്യം മമ്മൂട്ടി അഭിനയിക്കുന്നത്. താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാകും ഈ ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. ചെറിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടിയാണ് നിർമിക്കുന്നതെന്ന് കേൾക്കുന്നെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അമൽ നീരദ് ചിത്രത്തിനു ശേഷം നവാഗതയായ റത്തീന ശർഷാദിന്റെ പ്രോജക്ട് ആരംഭിക്കും. ഹർഷാദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കും. ജേക്സ് ബിജോയ് ആണ് സംഗീതം. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്ത്രാലങ്കാരം. . മനു ജഗത് ആണ് കലാ സംവിധാനം.
തുടർന്ന് ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യ വാരത്തോടെയോ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങും. സിനിമയുടെ തിരക്കഥാ ചർച്ചയുമായി ബന്ധപ്പെട്ട് എസ്.എൻ.സ്വാമിയും മമ്മൂട്ടിയും കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മെയ് ആദ്യത്തോടു കൂടി ഷൂട്ട് തുടങ്ങാനാണ് പദ്ധതിയെന്ന് എസ്.എൻ. സ്വാമി മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
രഞ്ജിത്തിന്റെ പ്രോജക്ട്, വിനോദ് വിജയന്റെ അമീർ, വൈശാഖിന്റെ ന്യൂയോർക്ക്, സത്യൻ അന്തിക്കാട് ചിത്രം എന്നിവയാണ് ഈ വർഷം ഷൂട്ട് തുടങ്ങാനിരിക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങൾ.