‘പനച്ചു’വന്ന കവിത കിണർ ജലം പോലെ...
Mail This Article
കിണർ കുത്തുന്ന മുഹമ്മദിനെ ഞാൻ കുട്ടിക്കാലം മുതലേ അദ്ഭുതത്തോടെയാണു ഞാൻ കണ്ടിരുന്നത്. വീട്ടിൽനിന്നും ഏറെ അകലെയല്ലാത്ത കോട്ടക്കൽ ഇന്ത്യനൂരിൽനിന്നും വന്നിരുന്ന മുഹമ്മദിനു മണ്ണിന്റെ നിറമുള്ള മുണ്ടുണ്ടായിരുന്നു. അതു മാറ്റി തോർത്തുമുണ്ടുടുത്താണു കിണർ കുത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും കുഴിച്ചു കുഴിച്ചു താഴേക്കു പോയി അവസാനം മണ്ണു നനഞ്ഞു തുടങ്ങും. അതിനു ശേഷം കിണറിനടിയിൽ കലക്ക വെള്ളം നിറയും. നനഞ്ഞു കുതിർന്നു കയറി വരുന്ന പണിക്കാരുടെ മുഖത്തെ സന്തോഷം ഇപ്പോഴും ഓർമ്മയുണ്ട്. വെറുതെ കിടക്കുന്ന പറമ്പിന്റെ അടിയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നു കണ്ടു പിടിച്ച അവരോടു ബഹുമാനവും തോന്നാറുണ്ട്. സത്യത്തിൽ ഒരു അദ്ഭുതം.
ലാൽ ജോസിനോടു വർഷങ്ങൾക്കു ശേഷം തോന്നിയ ബഹുമാനവും ഇതുപോലെയാണ്. ഖനനം ചെയ്യുന്നതുപോലെയാണു അനിൽ പനച്ചൂരാൻ എന്ന കവിയെ ലാൽ കണ്ടെത്തുന്നത്. എന്തുകൊണ്ടാണു മറ്റൊരു സംവിധായകനും ഇതുപോലെ നല്ലൊരു കവിയേക്കൊണ്ടു പാട്ടെഴുതിക്കാനാകാതെ പോയത്.
അനിൽ പനച്ചൂരാൻ നമ്മെ വിട്ടുപോയ ശേഷം ലാൽ ഒരു കുറിപ്പെഴുതിയിരുന്നു. വളരെ ഹൃദ്യമായൊരു കുറിപ്പ്. അതിനു ശേഷം ലാലിനെ വിളിച്ചപ്പോൾ ലാൽ പറഞ്ഞു, ‘അയാൾക്കു പ്രത്യേകമായ ചില സ്വഭാവങ്ങളുണ്ടായിരുന്നു. എനിക്കതു മനസ്സിലാകും. ഹോട്ടൽ മുറിയിൽ അടച്ചിരുന്നു അയാൾക്ക് എഴുതാനാകില്ല. അതയാളുടെ സ്വഭാവമാണ്. എന്റെ സിനിമയ്ക്കു പാട്ടു വേണമെന്നുണ്ടെങ്കിൽ ഞാനും പനച്ചൂരാനും മലമുകളിലേക്കു യാത്ര പോകും. വഴിയിൽ അയാൾ പലതും പറയും പാടും. സംഗീതത്തേക്കുറിച്ചു നല്ല ജ്ഞാനമുണ്ടായിരുന്നു.അനിൽ പറയുന്ന ഏതെങ്കിലും വാക്കിൽനിന്നു പിടിച്ചു കയറും. ചിലപ്പോൾ അതൊരു നല്ല കവിതയായി മാറും. ചിലപ്പോൾ പാട്ടായി മാറും. ചിലപ്പോൾ കൂടുതൽ വലിയ വഴക്കിൽ അവസാനിക്കും. അയാളിൽനിന്നു ഞാൻ പിഴിഞ്ഞെടുക്കുകയാണു ചെയ്തത്. ’
ലാൽ പറഞ്ഞതു കൃത്യമാണ്. തേനെടുക്കുന്നതു തേനിന്റെ അട പിഴിഞ്ഞാണ്. അതുപോലെ മധുരകരമായ പാട്ടുകൾ ലാൽ പിഴിഞ്ഞെടുക്കുകയായിരുന്നു. ഇതൊന്നുമില്ലാതെ ഹോട്ടൽ മുറിയിലിരുന്നു പൊറോട്ടയും കറിയും ഓർഡർ ചെയ്യുന്നതുപോലെ പറഞ്ഞാൽ പാട്ടെഴുതുന്നവരുണ്ട്. അവരിലേക്കു പോകാതെ അനിലിനെപ്പോലെ അനുസരണയില്ലാത്തൊരു കുട്ടിയെ കൈ പിടിച്ചു കാട്ടിലേക്കും നാട്ടിലേക്കും കടൽത്തീരത്തേക്കും കൊണ്ടുപോയി എന്നതാണു ലാൽ ജോസ് എന്ന സംവിധാകന്റെ നന്മയും സിനിമയോടുള്ള താൽപര്യവും. അതില്ലായിരുന്നുവെങ്കിൽ അനിൽ പനച്ചൂരാൻ എന്ന പാട്ടെഴുത്തുകാരൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. അല്ലെങ്കിൽ എവിടേയുമെത്താതെ ആരുമറിയാതെ പോകുമായിരുന്നു. അതു ഖനനം ചെയ്തെടുത്തതു ലാൽ ജോസിന്റെ ഗ്രാമീണ മനസാണ്. ഒരു ഒറ്റപ്പാലത്തുകാരന്റെ സാധാരണ മനസ്.
ഇത്തരം സൗഹൃദങ്ങൾ കുറയുന്നതാണു പലപ്പോഴും നല്ല പാട്ടുകളും നല്ല സിനിമകളും ഇല്ലാതാക്കുന്നത്. ആരും ആരേയും ഖനനം ചെയ്യുന്നില്ല. മുകൾപരപ്പിൽ കാണുന്നതു മാത്രം സ്വന്തമാക്കി പോകുന്നു. തനിക്കാവശ്യമായ പാട്ടെഴുതാഴെ പുറത്തു വിടില്ലെന്നു പറഞ്ഞു പി.ഭാസ്ക്കരനെ തൃശൂർ ഹൈ റോഡിലെ തന്റെ സ്റ്റുഡിയൊക്കുള്ളിൽ പൂട്ടിയിട്ടതായി ശോഭന പരമേശ്വരൻ നായർ പറഞ്ഞിട്ടുണ്ട്. തിരിച്ചു വരേണ്ടതു അത്തരം സൗഹൃദങ്ങളാണ്. ഖനനം ചെയ്തെക്കുന്ന സൗഹൃദങ്ങൾ. അല്ലാതെ പുകയുന്ന സൗഹൃദങ്ങളല്ല.