ADVERTISEMENT

അഭിനേത്രി കൂടിയായ ശ്രുതി രാമചന്ദ്രനാണ് ഇത്തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. ശ്രുതിയെ അഭിനന്ദിച്ച് ഭർത്താവും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് തോമസ് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആർകിടെക്റ്റും, അഭിനേത്രിയുമായ ശ്രുതി എങ്ങനെയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയതെന്ന കഥ തന്റെ ട്വീറ്റുകളിലൂടെ പങ്കുവയ്ക്കുകയാണ് ഫ്രാൻസിസ്

 

‘ഭാര്യ മികച്ച വനിതാ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അമ്പതാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഇത് അവിശ്വസനീയമായ നേട്ടമാണ്.’–ഇങ്ങനെയാണ് ഫ്രാൻസിസിന്റെ ആദ്യ ട്വീറ്റ്.

 

shruti-ramachandran-francis01

‘ശ്രുതി ആർക്കിടെക്റ്റാണ് എന്നിരുന്നാലും അതിശയകരമായ കാര്യം അതല്ല. അവൾ ബാഴ്സലോണയിലെ പ്രശസ്തമായ ഐ‌എ‌എ‌സി സ്കൂളിൽ നിന്ന് മാസ്റ്റേഴ്സ് ഓഫ് സസ്റ്റെയിനബിൾ ഡിസൈനിൽ ക്ലാസ്സോട് കൂടെ ബിരുദം നേടി. രസകരമായ കാര്യം അതല്ല. അവൾ ഒരു ഡബ്ബിങ് ആർട്ടിസ്റ്റല്ല, അവൾ ഒരു നടിയാണ്.’– ഫ്രാൻസിസ് കുറിച്ചു.

shruti-ramachandran

 

‘കഴിഞ്ഞ വർഷം അവൾ അഭിനയിച്ച പ്രേതം സിനിമയുടെ സംവിധായകൻ രഞ്ജിത് ശങ്കർ ഒരു സഹായത്തിനായി വിളിച്ചു. എഡിറ്റിങ് പൂർത്തിയാക്കിയ പുതിയ ചിത്രം കമലയിലെ  നായികയ്ക്കു വേണ്ടി ഡബ് ചെയ്യാൻ കഴിയുന്ന ആരെയും കണ്ടെത്താനായില്ല. നായിക മലയാളം സംസാരിക്കാത്ത ആളാണ്. അദ്ദേഹം മിക്ക പ്രഫഷനൽ ഡബ്ബിങ് ആർട്ടിസ്റ്റുകളെയും സമീപിച്ചു. കുറച്ച് അഭിനേതാക്കളെ പോലും കണ്ടു. പക്ഷേ അദ്ദേഹം തൃപ്തനായില്ല. ശ്രുതി സ്റ്റുഡിയോയിലെത്തി ചില സംഭാഷണങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. വെറും രണ്ട് ദിവസത്തിനുള്ളിൽ സിനിമയുടെ ഡബ് മുഴുവൻ പൂർത്തിയാക്കി. പിന്നെ ആ കാര്യമെല്ലാം മറന്നു.’– ശ്രുതി ഡബ്ബിങ് ആർട്ടിസ്റ്റ് ആയ കഥ ഫ്രാൻസിസ് കുറിച്ചു.

 

പുരസ്കാരം നേടിയപ്പോൾ ശ്രുതിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നും ഫ്രാൻസിസ് പറഞ്ഞു. ‘ഏകദേശം ഒരു വർഷത്തിനുശേഷം ഒരു ഉച്ചതിരിഞ്ഞ് അവളുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. അവളെ അഭിനന്ദിക്കാൻ എല്ലായിടത്തുനിന്നും ആളുകൾ വിളിക്കുന്നു. സംസ്ഥാന അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. അവളുടെ പേര് പട്ടികയിലുണ്ട്. അവൾ ആശയക്കുഴപ്പത്തിലാണ്. ഇത് ഒരു തമാശയാണെന്ന് കരുതി ആദ്യ കുറച്ച് ആളുകളുടെ കോൾ കട്ട് ചെയ്യുന്നു. അപ്പോൾ അവളുടെ മുത്തശ്ശിയും വിളിച്ചു. സംവിധായകൻ അവളെ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിരുന്നു. അവളോട് അത് പറഞ്ഞിരുന്നില്ല. അവൾ വിജയിച്ചു. ഇന്നായിരുന്നു അവാർഡ് ദാനചടങ്ങ്. അവളെ സ്റ്റേജിൽ കാണുമ്പോൾ ഒരുകാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഇത് ഒരു അവസാനമായിരിക്കില്ല’. ഫ്രാൻസിസ് കുറിച്ചു

 

‘അവൾ ഒരു മികച്ച നടി മാത്രമല്ല. സിനിമയുടെ സഹ-രചയിതാവ് കൂടിയായി പ്രവർത്തിക്കുന്നു. ഏത് വിഭാഗം സിനിമയാണെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്. നിങ്ങൾ അവളെ ശ്രദ്ധിക്കുന്നത് നല്ലതാണ്.’–ഫ്രാൻസിസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

 

2014ൽ പുറത്തിറങ്ങിയ ഞാൻ എന്ന സിനിമയിൽ സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി സിനിമാ രംഗത്ത് എത്തിയത്. 2016ൽ പുറത്തിറങ്ങിയ പ്രേതം, 2017ൽ പുറത്തിറങ്ങിയ സൺഡേ ഹോളിഡേ എനീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയയായി. ചാണക്യ തന്ത്രം, അന്വേഷണം അടക്കമുള്ള സിനിമകളിലും മലയാളത്തിൽ അഭിനയിച്ചു.  തെലുങ്കിൽ ഡിയർ കോമ്രേഡിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. കമലയിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റായും തുടക്കം കുറിച്ചു. 

 

2016 ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ഫ്രാൻസിസിനെ ശ്രുതി വിവാഹം ചെയ്യുന്നത്.  തമിഴിൽ പുറത്തിറങ്ങിയ പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലെ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയത് ശ്രുതിയും ഫ്രാൻസിസും ചേർന്നാണ്. ജയസൂര്യ നായകനായ അന്വേഷണം എന്ന സിനിമയ്ക്കു തിരക്കഥ ഒരുക്കിയതും ഫ്രാൻസിസ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com