കറുപ്പണിഞ്ഞ് മമ്മൂട്ടിയും മോഹൻലാലും; താരനിബിഢമായ വിവാഹവിഡിയോ
Mail This Article
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തിയ സംഗമവേദിയായി മാറിയ ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹവിഡിയോ പുറത്തിറങ്ങി. മോഹൻലാൽ ആണ് വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്.
പള്ളിയിലെ വിവാഹച്ചടങ്ങും പിന്നീട് നടന്ന താരനിബിഢമായ വിവാഹറിസപ്ഷനും വിഡിയോയിൽ കാണാം. പ്രിയതാരങ്ങൾക്കു പുറമെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, എം.ജി. ശ്രീകുമാർ, ഉണ്ണി മുകുന്ദൻ, ജയസൂര്യ തുടങ്ങിയവർ വിവാഹ സൽക്കാരത്തിനെത്തിയിരുന്നു.
കറുപ്പ് വേഷമായിരുന്നു ചടങ്ങിന്റെ ഡ്രസ് കോഡ്. വരനും വധുവും അവരുടെ കുടുംബാംഗങ്ങളും വിരുന്നുകാരുമൊക്കെ കറുപ്പ് അണിഞ്ഞാണ് എത്തിയത്.
പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുക്കുകയുണ്ടായി. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
മകൾ വിസ്മയ മോഹൻലാലും പ്രണവുമായിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനം. ഡിസംബർ 27ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഇരുവരും ഡോക്ടര്‍മാരാണ്.
എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. 27 വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്. എമിലിന്റെ സഹോദരൻ നീൽ, ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.