ADVERTISEMENT

കൊച്ചി∙ പഴയകാല സർഗാത്മക നിർമ്മാതാവ് ഗാന്ധിമതി ബാലൻ തന്റെ സിനിമയുടെ വ്യാജ പകർപ്പ് വിഡിയോ കാസറ്റുകളായി ലൈബ്രറികളിൽ നിന്നെടുത്ത് ജനം കാണുന്നതു കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിന്നിട്ടുണ്ട്. പത്മരാജന്റെ തൂവാനത്തമ്പികൾ സൂപ്പർ ഹിറ്റായി ഓടുന്നതിനിടയിലും വ്യാജവിഡിയോ ഇറങ്ങി. പക്ഷേ അന്ന് ഒന്നും ചെയ്യാൻ കഴിയാതിരുന്ന ബാലന് ഇന്ന് പ്രതികളെ കയ്യോടെ കണ്ടെത്തി പൊലീസിനെ അറിയിക്കാൻ കഴിയും. പൊലീസ് നിർദ്ദേശിച്ചാൽ വെബ്സൈറ്റിൽ നിന്ന് പടം നീക്കം ചെയ്യുകയുമാവാം.

കലാമേന്മയുള്ള സിനിമകളുടെ നിർമ്മാതാവിന്റെ കുപ്പായം അഴിച്ചുവച്ച ശേഷം കാൽനൂറ്റാണ്ടു കഴിഞ്ഞ് ഗാന്ധിമതി ബാലൻ അൽപ്പം പൊലീസിങ് റോളിലേക്കു പ്രവേശിക്കുകയാണ്. സൈബർ ഫോറൻസിക് ലാബും സൈബർ ഫോറൻസിക് സോഫ്റ്റ്‌വെയറുകളും ചേർന്ന അലിബൈ ഗ്ളോബൽ കമ്പനിയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ റോളിലൂടെ. സംരംഭകയായ മകൾ സൗമ്യ ബാലനാണു പുതിയ റോളിൽ അച്ഛൻ ബാലനെ അവതരിപ്പിക്കുന്നത്.

balan

എങ്ങനെ മലയാളി മറക്കും ബാലന്റെ ക്ളാസിക് സിനിമകൾ! പഞ്ചവടിപ്പാലം എന്ന ഒരു പേരുമതി. പഞ്ചവടിപ്പാലം റിലീസ് ചെയ്തത് 1984 സെപ്റ്റംബർ 28ന്. പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങുന്നത് 2020 സെപ്റ്റംബർ 28ന്. ക്ളാസിക്കുകൾക്കു മാത്രമാണ് കാലം ഇത്തരം ഭാഗ്യം കാത്തുവയ്ക്കുന്നത്.പത്മരാജന്റെ തന്നെ മൂന്നാം പക്കം, നൊമ്പരത്തിപ്പൂവ് എന്നിവയും സുഖമോ ദേവിയും ഇത്തരിനേരം ഒത്തിരികാര്യവും ബാലൻ നിർമ്മിച്ചതാണ്.

soumya-balan-2
സൗമ്യ ബാലൻ

കിലുക്കത്തിനും സ്ഫടികത്തിനും ആദ്യവസാനം നിന്ന് നിർമ്മാതാവിനു വേണ്ടി സിനിമയിലെ സർവ ജോലികളും ചെയ്ത് ആദ്യ പ്രിന്റ് വരെ എത്തിച്ചതും ബാലനാണ്. സർവതിലും കണ്ണെത്തുകയും കാലമൂല്യം കാക്കുകയും ചെയ്യുന്ന ബാലന്റെ ഗുണം ആ സിനിമകൾക്കെല്ലാം ലഭിച്ചിട്ടുമുണ്ട്. അങ്ങനെയാണു ബാലൻ സിനിമക്കാരുടെയെല്ലാം ബാലേട്ടനായത്.

ധാരാളം വായിക്കുക, സിനിമയ്ക്കു കഥ കണ്ടെത്തുക, മികച്ച എഴുത്തുകാരെ തിരക്കഥാ ജോലി ഏൽപ്പിക്കുക, താരങ്ങളെ തിരഞ്ഞെടുക്കുക, ആദ്യവസാനം നിന്ന് സിനിമ ഒരുക്കുക– അങ്ങനെയുള്ള നിർമാതാക്കളുടെ പരമ്പരയിലെ അവസാന കണ്ണികളിലൊരാളായിരുന്നു ബാലൻ. എന്തുകൊണ്ട് തൊണ്ണൂറുകളുടെ മധ്യത്തോടെ ബാലൻ സിനിമാ നിർമ്മാണം നിർത്തി? നിർമ്മാതാവിനു വില ഇല്ലാതായതോടെ. നിർമ്മാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധപ്പതിച്ചതോടെ സിനിമ അവസാനിപ്പിച്ചെന്നാണു ബാലൻ പറയുക. സിനിമ മതി എന്നു ഗാന്ധിമതി.

ഇനിയും സിനിമയിലേക്കു തിരിച്ചു വരുമോ? സിനിമയിൽ നിർമ്മാതാവിനു പഴയ പ്രധാന്യം കിട്ടുന്ന കാലത്ത്, സംവിധായകനെപ്പോലെ സർഗാത്മകമായി പ്രവർത്തിക്കാൻ നിർമ്മാതാവിനും കഴിയുന്ന കാലത്ത് ഗാന്ധിമതി ഫിലിംസ് തിരിച്ചുവരാം...

പക്ഷേ അതിനിടെ പുതിയ പ്രോജക്ടുകളാണു ബാലൻ ഏറ്റെടുക്കുക. സിനിമയിലല്ലെന്നു മാത്രം. അലിബൈ ഗ്ളോബലിന്റെ ടെക്കി വിദഗ്ധർ സിനിമ പൈറസി കണ്ടു പിടിക്കാനുള്ള വഴികളും സോഫ്റ്റ്‌വെയറുകളും രൂപപ്പെടുത്തുകയാണ്. ഭാവിയിൽ തന്റെ പടം ഏതോ സൈറ്റിൽ അപ്‌ലോഡ് ചെയ്തതുകണ്ടു കരയേണ്ട ഗതി നിർമ്മാതാക്കൾക്കുണ്ടാവില്ല. ഉടൻ കണ്ടെത്താൻ കഴിയും.

തന്റെ സെറ്റുകളിൽ ഏറ്റവും നല്ല ഭക്ഷണം വിളമ്പിയിരുന്ന ബാലൻ ക്ളൗഡ് കിച്ചൻ എന്ന പേരിൽ ഭക്ഷണവിതരണ ബിസിനസിലേക്കും തിരിയുകയാണ്. ഓൺലൈനായി ഓർഡർ ചെയ്ത് സ്വിഗ്ഗി പോലുള്ള കമ്പനികളിലൂടെ വിതരണം.

ഇടവേള കഴഞ്ഞു നായകൻ വേറൊരു രൂപത്തിൽ ഭാവത്തിൽ തിരികെ വരുന്ന പോലെ ബാലേട്ടൻ. തന്റെ സിനിമകളെപ്പോലെ അലിബൈയും ക്ളൗഡ് കിച്ചനും ഹിറ്റാവുമെന്നതിൽ സംശയമേതുമില്ല. ഗാന്ധിമതി ബാലൻ എന്ന പേര് തന്നെ ഗാരണ്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com