‘ആ ഭക്ഷണം എങ്ങനെ ദഹിക്കുന്നു’; അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് പ്രതിഷേധം; വിഡിയോ
Mail This Article
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെയുളള സമരത്തെ കുറിച്ച് നിലപാട് വ്യക്തമാക്കാത്തതിൽ നടൻ അജയ് ദേവ്ഗണിനെതിരെ യുവാവിന്റെ പ്രതിഷേധം. നടന്റെ കാര്‍ തടഞ്ഞുകൊണ്ടാണ് യുവാവ് പ്രതിഷേധം പ്രകടമാക്കിയത്. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വച്ചായിരുന്നു സംഭവം. പ്രതിഷേധപ്രകടനത്തിന്റെ വിഡിയോ ആളുകളുടെ ഇടയിൽ വൈറലാണ്.
‘ഇയാള്‍ പഞ്ചാബിനെതിരാണ്. പഞ്ചാബ് ആണ് ഇയാൾക്ക് ഭക്ഷണം നൽകിയത്. അത് എങ്ങനെയാണ് ഇയാൾക്കു ദഹിക്കുന്നത്. അങ്ങനെയുള്ള ആൾ എങ്ങനെ പഞ്ചാബിനെതിരാകും. നാണക്കേടു തോന്നുന്നു. എത്രയോ സിനിമകളിൽ പഞ്ചാബി ലുക്കിൽ അഭിനയിച്ചിരിക്കുന്നു. അതിൽ നാണമില്ലേ? നിങ്ങൾ കാറ് എന്റെ ശരീരത്തിൽ കൂടി കയറ്റുമോ? എന്തുകൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങി സംസാരിക്കുന്നില്ല.’–യുവാവ് അജയ് ദേവ്ഗണിനോടു ചോദിക്കുന്നു.
മുംബൈയിലെ സന്തോഷ് നഗറിലെ രജദീപ് സിംഗ് എന്ന യുവാവാണ് കാര്‍ തടഞ്ഞത്. ഡ്രൈവറായ രജദീപിന്റെ സ്വദേശം പഞ്ചാബാണ്. ഡല്‍ഹിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്ന് ഉള്ളവരാണ്. രജദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനാവശ്യമായി തടഞ്ഞുവെക്കല്‍, മനഃപൂർവം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയത്.