ഐഎഫ്എഫ്കെ പുരസ്കാരങ്ങൾ: ആൻഡ്രോയിഡ് കുഞ്ഞപ്പനും ചുരുളിക്കും നേട്ടം
Mail This Article
കേരള രാജ്യാന്തര ചലച്ചിത്രമേള 2020 (ഐഎഫ്എഫ്കെ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ആൻഡ്രോയിഡ് കുഞ്ഞപ്പൻ നേടി. ‘ദിസ് ഇൗസ് നോട്ട് എ ബറിയൽ ഇറ്റ് ഇൗസ് എ റിസറെക്‌ഷൻ’ എന്ന ചിത്രത്തിനാണ് സുവർണചകോരം. മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകൻ ബഹ്മാൻ തൗസിയ്ക്കാണ്. പാലക്കാട് നടന്ന ഐഎഫ്എഫ്കെയുടെ രജതജൂബിലി പതിപ്പിന്റെ സമാപന സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്കാരദാനം നടത്തി. അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ, സിബി മലയിൽ, ബീന പോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
‘ദ നെയിം ഒാഫ് ഫ്ലവേഴ്സ്’ എന്ന സിനിമയാണ് ബഹ്മാൻ തൗസിയയെ പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. മികച്ച മലയാളചിത്രത്തിനും ഏഷ്യയിലെ മത്സരവിഭാഗത്തിൽ നിന്നുമുള്ള മികച്ച ചിത്രത്തിനും നൽകുന്ന നെറ്റ്പാക്ക് പുരസ്കാരം മ്യൂസിക്കൽ ചെയർ എന്ന ചിത്രം നേടി.
കോവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലാണ് ഇത്തവണ മേള നടന്നത്. തിരുവനന്തപുരം, എറണാകുളം, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായി നടന്ന മേളയിൽ അഞ്ചു തിയറ്ററുകളിൽ വിതമാണ് പ്രദർശനം നടന്നത്. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നപ്പോൾ സമാപനത്തിന് സാക്ഷ്യം വഹിച്ചത് പാലക്കാടാണ്. തിരുവനന്തപുരം എന്ന സ്ഥിരം വേദിയില്‍ നടന്നിരുന്ന മേളയില്‍ ഓരോ വര്‍ഷവും 14,000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കോവിഡിന്റെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാലാണ് കേരളത്തിന്റെ നാലു മേഖലകളിൽ മേള സംഘടിപ്പിക്കാൻ തീരുമാനമായത്. ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും.
രാജ്യാന്തര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയില്‍ ഉണ്ടായിരുന്നു. രാജ്യാന്തര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതവുമാണ് സംഘടിപ്പിച്ചത്.