ലോകത്തെ ‘മോസ്റ്റ് പോപ്പുലർ’ സിനിമയിൽ പത്താമത് ദൃശ്യം 2
Mail This Article
പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുളള പട്ടികയിൽ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയാണ് ദൃശ്യം 2. ലോകമൊട്ടാകെയുള്ള പ്രേക്ഷകർ ചർച്ച ചെയ്യുന്ന, റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്.
ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ദ് ലിറ്റിൽ തിങ്സ് എന്നീ വമ്പൻ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 ഇടം നേടിയതെന്നത് ഏവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഇന്ത്യ മാത്രമല്ല ലോകമൊട്ടാകെ ദൃശ്യം 2വിനു ലഭിച്ച സ്വീകാര്യതയാണ് ഈ നേട്ടങ്ങൾക്കു കാരണം.
18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടിങ് ആണ് റേറ്റിങ് കൂടാൻ കാരണമായത്. ഇതിന്റെ ഭാഗമായി ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.
ഇതുകൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യൻ സിനിമകളുടെ പട്ടികയില്‍ രണ്ടാമതാണ് ഇപ്പോൾ ദൃശ്യം 2. പതേർ പാഞ്ചാലിയാണ് 8.5 റേറ്റിങോടെ മുന്നിൽ.