ADVERTISEMENT

കോവിഡ് പ്രതിസന്ധിയിൽ നിർജീവമായി കിടന്ന തിയറ്റർ വ്യവസായത്തെ തിരിച്ചുകൊണ്ടുവന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംസ്ഥാനത്തെ തിയറ്റർ ഉടമകൾ. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയായാണ് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്‍, എക്‌സിക്യുട്ടീവ് സെക്രട്ടറി എം.സി. ബോബി എന്നിവര്‍ നന്ദിയും സ്‌നേഹവും അറിയിച്ചത്. 

 

‘ഈ ഒരു അവസ്ഥയിൽ നിർജീവമായി കിടന്ന തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം തന്ന് സഹായിച്ച മമ്മൂക്കയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളിലും അങ്ങേയറ്റം ക്ഷമയോടെ സ്വന്തം ചിത്രത്തെ ഒടിടിക്കുപോലും വിൽക്കാതെ തിയറ്ററുകളിലേയ്ക്ക് നൽകിയ നിർമാതാവ് ആന്റോ ജോസഫിനോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.’–ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ മനോരമ ഓൺലൈനിനോടു പറഞ്ഞു.

 

മാർച്ച് 11നാണ് പ്രീസ്റ്റ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. തിയറ്ററുകളിൽ സെക്കൻഡ് ഷോ ആകാമെന്ന സർക്കാര്‍ തീരുമാനത്തോടെ തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമായിരുന്നു പ്രീസ്റ്റ്. ആദ്യ ദിനം തന്നെ സിനിമയുടെ എല്ലാ പ്രദർശനവും ഹൗസ് ഫുൾ ആയിരുന്നു.

 

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രവുമാണ് ദ് പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി. ഉണ്ണിക്കൃഷ്ണന്റെ ആര്‍ ഡി ഇല്യുമിനേഷന്‍സും വി.എന്‍. ബാബുവും സഹനിർമാതാക്കളാണ്.

 

നിഖില വിമല്‍, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുൽ രാജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com