‘വെശന്നിട്ടാ മൊതലാളി’; സംവിധായകനെ ക്യാമറയിൽ കുടുക്കി ടൊവീനോ
Mail This Article
മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നടൻ ടൊവിനോ തോമസും സംവിധായകനായ ബേസിൽ ജോസഫും. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവയ്ക്കുകയാണ് ടൊവീനോ.
ഷൂട്ടിങ്ങിനിടെ ആരും കാണാതെ പഴമെടുത്തു കഴിക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക. ടൊവിനോയുടെ ക്യാമറ തന്റെ ഈ രംഗം ഒപ്പിയെടുക്കുന്നു എന്നറിയുമ്പോൾ ബേസിലിന്റെ മുഖത്തെ ചമ്മലും ചിരിയും വിഡിയോയിൽ കാണാം. ‘വെശന്നിട്ടാ മൊതലാളി’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘ഗോദ’ക്കു ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.