ദൃശ്യം 2 കണ്ട് മകൾ പറഞ്ഞത്; വിളി വരുന്നത് ക്വാറന്റീൻ സമയത്ത്: അഞ്ജലി അഭിമുഖം
Mail This Article
ദൃശ്യം സിനിമയിലെ സരിതയുടെ അമ്പരപ്പിക്കുന്ന പ്രകടനം പ്രേക്ഷകർ ഇപ്പോഴും മറന്നിട്ടുണ്ടാകില്ല. പൊലീസ് വേഷത്തിലും ഒപ്പം സാധാരണ വീട്ടമ്മയായും ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു സരിത. മോഹൻകുമാർ ഫാൻസ്, മീസാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും ആസ്വാദകശ്രദ്ധ നേടുകയാണ് അഞ്ജലി നായർ. മോഹൻകുമാർ ഫാൻസിൽ കുഞ്ചാക്കോ ബോബന്റെ സഹോദരിയുടെ വേഷമാണ് അഞ്ജലി കൈകാര്യം ചെയ്യുന്നത്. മീസാനിൽ നായികാ കഥാപാത്രമായാണ് എത്തുന്നത്. ദൃശ്യത്തിന്റെയും പുതിയ ചിത്രങ്ങളുടെയും വിശേഷങ്ങൾ അഞ്ജലി പങ്കുവയ്ക്കുന്നു.
∙ ദൃശ്യത്തിലേക്ക്
ജീത്തു ജോസഫിന്റെ ‘റാം’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ലോക്ഡൗൺ ആയത്. അങ്ങനെ സിനിമയുടെ ലണ്ടൻ ഷെഡ്യൂൾ മാറ്റിവച്ചു. അതിനുശേഷമാണ് അദ്ദേഹം സ്ക്രിപ്റ്റ് പൂർത്തിയാക്കുന്നത്. ഈ സമയം ആഫ്രിക്കയിലെ ജിബൂട്ടിയിൽ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ഞങ്ങൾ. ലോക്ഡൗണിൽ അവിടെ പെട്ടുപോയി. അവിടെനിന്ന് തിരിച്ചെത്തി ക്വാറന്റീനിൽ ഇരിക്കുമ്പോഴാണ് ജീത്തു സർ വീണ്ടും വിളിക്കുന്നത്.
സിനിമയിൽ തെറ്റില്ലാത്ത വേഷമുണ്ടെന്നും അഞ്ജലിയാണ് അത് ചെയ്യുന്നതെന്നും പറഞ്ഞു. സ്ക്രിപ്റ്റ് വായിക്കുമ്പോഴും സരിതയാണ് എന്റെ കഥാപാത്രം എന്നു ചിന്തിച്ചതേയില്ല. പിന്നീടാണ് ഇത് പറയുന്നത്. കുറച്ചുദിവസങ്ങളേ അപ്പോൾ ഷൂട്ടിന് ബാക്കിയുണ്ടായിരുന്നുള്ളൂ. ബോഡി കുറച്ചുകൂടി ഫിറ്റാക്കണമെന്നു മാത്രം സൂചിപ്പിച്ചിരുന്നു. അത് സർ ഉദ്ദേശിച്ച രീതിയിൽ മെയ്ന്റൈൻ ചെയ്യാൻ സാധിച്ചിരുന്നു.
∙ വ്യത്യസ്തയാണ്സരിത
ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമാണ് സരിത എന്ന കഥാപാത്രം. സ്ക്രീൻ സ്പെയ്സിനൊപ്പം തന്നെ ആഴമുള്ള കഥാപാത്രമാണത്. രണ്ട് തലങ്ങളിൽ അതിനെ അവതരിപ്പിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥയായ സരിതയും ഭർത്താവിന്റെ മർദനത്തിൽ മനംനൊന്ത് ജീവിക്കുന്ന സരിതയും എന്നിങ്ങനെ രണ്ടു മുഖങ്ങളാണ് കഥാപാത്രത്തിനുള്ളത്. അതിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥയായ സരിത ബോൾഡായും ഒപ്പം റാണിയോടുള്ള സ്നേഹബന്ധത്തിനു മുന്നിൽ പതറാതെയും നിൽക്കേണ്ടതുണ്ട്.
പൊലീസ് കഥാപാത്രം മികച്ചതാക്കുന്നതിനുവേണ്ടി തലയെടുപ്പോടെ നിൽക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. മുരളി ഗോപി ചെയ്ത കഥാപാത്രത്തിനു മുന്നിൽ നിൽക്കുമ്പോൾ തന്നെ ഡയലോഗ് ഡെലിവെറിയിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ലാലേട്ടനും മീനച്ചേച്ചിയുമുള്ള കോംബിനേഷൻ സീനുകൾ വരുമ്പോൾ എന്റെ ഭാഗം നന്നാക്കാൻ നന്നായി ശ്രമിച്ചിട്ടുണ്ട്. ഇതിനു മുൻപും പൊലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും ഈ കഥാപാത്രം വ്യത്യസ്തമായി നിൽക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു.
∙ ട്രോളുകളോട്
ഒരുപാട് ട്രോളുകൾ സിനിമയ്ക്കു ശേഷം വന്നിരുന്നു. ഇതിനുശേഷമാണ് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. ഇൻസ്റ്റഗ്രാമിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. എല്ലാ മാധ്യമങ്ങളിലും ഇപ്പോൾ സജീവമാണ്. ട്രോളുകൾക്കും കമന്റുകൾക്കും മറുപടി നൽകാൻ തുടങ്ങിയതും ഇപ്പോഴാണ്.
∙ കുടുംബം
മകൾ ആവണി സിനിമ കണ്ട ശേഷം ഭയങ്കര ത്രില്ലിലാണ്. ഇതുവരെ ചെയ്തിട്ടുള്ള ദുഃഖപുത്രി കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമായി എന്നെ കണ്ടപ്പോൾ അവൾക്കത് വലിയ സന്തോഷമായിരുന്നു. ‘അമ്മ പൊളിച്ചു’ എന്ന് പലതവണ പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ വലിയ സന്തോഷത്തിലാണ്. അവർക്കും ഈ കഥാപാത്രം അതിശയമായി തോന്നിയതായി പറഞ്ഞു.
∙ പ്രതീക്ഷകളുടെ മീസാൻ
2018ൽ ആണ് മീസാൻ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കോവിഡ് കാലമായതിനാൽ റിലീസ് വൈകുകയായിരുന്നു. ജബ്ബാർ ചെമ്മാട് ആണ് സംവിധാനം. ജമീല എന്നാണ് കഥാപാത്രത്തിന്റെ പേര്. വളരെ ശാന്തയായ കഥാപാത്രമാണ് ജമീലയുടേത്. യാഥാസ്ഥിതിക മുസ്‌ലീം കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ജബ്ബാർ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
∙ മോഹൻകുമാർ ഫാൻസ്
2019ൽ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ഇത്. ലോക്ഡൗണും കൊറോണയും മൂലം റിലീസ് വൈകി. ജിസ് ജോയ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം റിലീസ് ആയെങ്കിലും ക്വാറന്റീനിൽ ആയതിനാൽ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. എത്രയും പെട്ടെന്ന് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙ പുതിയ ചിത്രങ്ങൾ
റാമിന്റെ ബാക്കിഭാഗം ഷൂട്ട് ചെയ്യാനുണ്ട്. ആറാട്ട്, മരട് 357, കൊച്ചാൾ, വൺ സെക്കൻഡ്, സൺ ഓഫ് ഗാങ്സ്റ്റർ, ജിബൂട്ടി, എല്ലാം ശരിയാകും, രണ്ടാംപകുതി തുടങ്ങിയവയാണ് ഇനി വരാനുള്ള സിനിമകൾ. വരാനുള്ള ‘അവിയൽ’ എന്ന ചിത്രവും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തമിഴിലും പുതിയ ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്. തീരുമാനമായിട്ടില്ല.