എന്റെ കുട്ടിക്ക് പിന്നെയും വയ്യാണ്ടായി:‘ആ ട്യൂമർ വീണ്ടും വളരുന്നു'; ശരണ്യയുടെ അമ്മ
Mail This Article
വേദനകൾക്കിടയിലും പുഞ്ചിരി വിതറി എത്തുന്ന ശരണ്യയെ സോഷ്യൽ മീഡിയക്ക് അത്രയേറെ പ്രിയപ്പെട്ടവളാണ്. വെള്ളിത്തിരയിലും മിനിസ്ക്രീനിലും നിറപുഞ്ചിരിയുമായി നിന്ന ശരണ്യ പ്രിയപ്പെട്ടവരുടെ നെഞ്ചകങ്ങളിൽ നോവായി മാറിയത് അർബുദ ബാധയോടെയായിരുന്നു. ബ്രെയിൻ ട്യൂമറിന്റെ രൂപത്തിലെത്തിയ വിധി ആ പഴയ പ്രസരിപ്പിനെ ഇത്തിരി നേരത്തേക്കെങ്കിലും മായ്ച്ചുകളഞ്ഞു. പക്ഷേ എല്ലാ പരീക്ഷണങ്ങളേയും മറികടന്ന് പഴയ സുന്ദരിക്കുട്ടിയായി വീണ്ടുമെത്തി. സോഷ്യൽ മീഡിയകളിൽ സജീവമായി. പക്ഷേ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലിൽ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയാണ് എത്തിയത്.
‘വിഡിയോയിൽ ശരണ്യയില്ല... അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.’– വേദനയോടെ അമ്മ പറയുന്നു.
‘സർജറിക്കു മുമ്പ് ഞങ്ങളുടെ രണ്ടുപേരുടെയും കോവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ഫലം നാളെ അറിയാം. ഈ ആഴ്ച തന്നെ സർജറി ഉണ്ടാകും. നവംബർ 28ന് നടത്തിയ സ്കാനിങിൽ ട്യൂമർ വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. കുറച്ച് കൂടി വെയ്റ്റ് ചെയ്യാം എന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. കാരണം ഇത് ഇങ്ങനെ വന്നുപോകുന്ന അസുഖമാണ്. അടുത്തത് വളരാനുള്ള സമയം കുറച്ച് കൂടി നീട്ടിക്കിട്ടും എന്ന ആശ്വാസത്തിലാണ് സർജറി താമസിപ്പിച്ചത്. അവൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പരമാവധി നീട്ടിക്കൊണ്ടുപോകാം എന്നായിരുന്നു അവരെല്ലാം പറഞ്ഞത്.’
‘ജനുവരി 28നുള്ള സ്കാനിങിൽ അത് കുറച്ചുകൂടി വളർന്നു. അന്ന് തന്നെ മാർച്ചിൽ സർജറി ചെയ്യാമെന്ന് ഡോക്ടർമാർ ഉറപ്പിച്ചു. ഇതിനിടയിൽ ബുദ്ധിമുട്ട് വന്നാൽ പെട്ടന്നു തന്നെ സർജറി ചെയ്യണമെന്നും പറഞ്ഞിരുന്നു. അന്ന് ആശുപത്രിയിൽ അവൾ ഒരേ കിടപ്പായിരുന്നു. പക്ഷേ ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി.’– ശരണ്യയുടെ അമ്മ പറയുന്നു.
‘ഒട്ടും പ്രതീക്ഷിക്കാതെയാണ് അസുഖം വീണ്ടും വന്നിരിക്കുന്നത്. ആരെയും അറിയിക്കാതെ സർജറി ചെയ്തുപോയി വരാം എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ സോഷ്യൽമീഡിയയുടെ മകളെ അന്വേഷിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്കു വേണ്ടിയാണ് ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞത്. എല്ലാവരും അവൾക്കു വേണ്ടി പ്രാർഥിക്കണം. അവൾക്കൊട്ടും വയ്യ, മരുന്നിന്റെ ക്ഷീണമുണ്ട്. ഇപ്പോൾ കിടന്ന് ഉറങ്ങുകയാണ്. ഈ രണ്ടരമാസം ചിരിച്ചും കളിച്ചും സന്തോഷിച്ചും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്നു. അറിയുന്നതിനേക്കാൾ അറിയാത്തവരാണ് ഞങ്ങളെ കൂടുതൽ സഹായിച്ചത്.’–അമ്മ പറയുന്നു.