ADVERTISEMENT

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ വേറിട്ട അഭിനന്ദനക്കുറിപ്പ് സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. മികച്ച എഡിറ്റിങ്ങിനും തെലുങ്കു ചിത്രത്തിനും അവാര്‍ഡ് ലഭിച്ച ജേഴ്സി എന്ന സിനിമയെക്കുറിച്ചാണ് വിനീതിന്റെ കുറിപ്പ്.

 

‘ദേശീയ പുരസ്‌കാര പ്രഖ്യാപനം കാണുകയായിരുന്നു. തെലുങ്കു ചിത്രമായ ജേഴ്സിക്ക് മികച്ച എഡിറ്റര്‍ക്കും മികച്ച തെലുങ്കു ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നി. ജേഴ്സി കാണുന്നതു വരെ നാഗേഷ് കുക്കുനൂറിന്റെ ‘ഇക്ബാല്‍’ ആയിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സ്പോര്‍ട്സ് ചിത്രം. അതിമനോഹരമായി എഡിറ്റ് ചെയ്ത് ഒരു കവിത പോലെ ഒഴുകുന്ന ചിത്രമാണ് ജേഴ്സി.

 

‘എഡിറ്റര്‍മാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എഡിറ്റിങ് ടേബിളില്‍ വെച്ച് നിരവധി സിനിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പല സിനിമകളെയും രക്ഷിച്ചെടുക്കുന്നതും ഈ എഡിറ്റിങ് ടേബിളുകളിലാണ്. ശരാശരി സിനിമ ചെയ്താലും സംവിധായകന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എഡിറ്ററുടെ കാഴ്ചപ്പാടുകളാണ്. സിനിമയില്‍ നിരന്തരം സംഭവിക്കുന്ന കാര്യമാണത്. നമ്മുടെ എഡിറ്റര്‍മാരെ ആഘോഷിക്കേണ്ട സമയമാണിത്.’

 

‘നിങ്ങള്‍ നമ്മുടെ സിനിമക്ക് വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി പറയുന്നു, എന്ന് ഒരു സിനിമാഭ്രാന്തന്റെ വാക്കുകൾ.’–വിനീത് ശ്രീനിവാസൻ കുറിച്ചു. വിനീതിന്റെ കുറിപ്പിനു മറുപടിയുമായി പ്രശസ്ത ചിത്രസംയോജകനായ രഞ്ജൻ എബ്രഹാമും എത്തി. ‘ഒരു ബൂസ്റ്റ് കുടിച്ച ഫീൽ. വല്ലപ്പോഴും ഇങ്ങനെ കേൾക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യം.’–ഇങ്ങനെയായിരുന്നു രഞ്ജൻ എബ്രഹാമിന്റെ കമന്റ്.

 

നാനിയെ നായകനാക്കി ഗൗതം തിന്നനൂരി ഒരുക്കിയ ചിത്രമാണ് ജേർസി. നടക്കാതെ പോയ സ്വപ്നം മകനിലൂടെ പൂർത്തീകരിക്കുന്ന കായികതാരത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com