ഇതൊരു നിധി: മമ്മൂട്ടിയുടെ ക്യാമറയിൽ മോഡലായി മഞ്ജു വാരിയർ
Mail This Article
ഇതൊരു നിധിയാണ്...തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാരിയർ കുറിച്ച വാക്കുകളാണ്. പതിവു ഫോട്ടോഷൂട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ കളർടോണിലുള്ള ചിത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണാനാകുന്നത്. ചിത്രങ്ങൾ വേറിട്ടു നിൽക്കുന്നെങ്കിൽ ആ ഫൊട്ടോഗ്രാഫർ ചില്ലറക്കാരനായിരിക്കില്ലല്ലോ? മറ്റാരുമല്ല മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത് പ്രീസ്റ്റ് സിനിമയ്ക്കിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു വാരിയർ പ്രേക്ഷകർക്കായി പങ്കുവച്ചത്. മലയാളസിനിമയുടെ തന്നെ പ്രശസ്ത ഫൊട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്ന് മഞ്ജു കുറിക്കുന്നു. ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും മഞ്ജു പറഞ്ഞു.
ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിച്ചത്. മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.