കാർത്തിയുടെ സുൽത്താൻ ഏപ്രിൽ രണ്ടിന്
Mail This Article
തമിഴ് സൂപ്പർ താരം കാർത്തി നായകനായെത്തുന്ന ആക്‌ഷന്‍ ത്രില്ലർ ‘സുല്‍ത്താൻ’ ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തും. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മിക മന്ദാനയാണ്.
ആക്‌ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ. തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കാർത്തിയുടെ അച്ഛന്റെ വേഷത്തിൽ ലാൽ എത്തുന്നു. സുൽത്താനില്‍ തന്നേക്കാൾ പ്രാധാന്യം ലാൽ ചെയ്ത കഥാപാത്രത്തിനാണെന്ന് കാർത്തി പറയുന്നു. ‘സുൽത്താനിൽ ആദ്യന്തം ലാൽ സാർ എന്നോടൊപ്പമുണ്ടാവും. എന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. കട്ടപ്പാ എന്നാണു ഞാൻ അദ്ദേഹത്തെ വിളിക്കുക.’
‘വൈകാരികത നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളിലാകട്ടെ, സ്റ്റണ്ട്- നൃത്ത രംഗങ്ങളിലാകട്ടെ എല്ലായിപ്പോഴും ലാൽ സാർ സിക്‌സർ അടിച്ചു. ലാൽ സാറാണ് സുൽത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. ചെറുപ്പം മുതലേ സ്റ്റേജിൽ പെർഫോം ചെയ്ത് സംവിധായകനായും പ്രതിഭ തെളിയിച്ച അനുഭവങ്ങൾ എന്നോട് പങ്കുവച്ചപ്പോൾ ലാൽ സാറിലെ കലാകാരനിൽ എനിക്ക് വിസ്മയം തോന്നി. അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. സുൽത്താനിൽ ലാൽ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതൽ കൂട്ടാണ്. തീർച്ചയായും ലാൽ സാറിന്റെ കഥാപാത്രം ഏറെ പ്രശംസ നേടും.’–കാർത്തി പറയുന്നു.