ADVERTISEMENT

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ–സണ്ണി വെയ്ൻ ടീം പ്രധാനവേഷങ്ങളിലെത്തുന്ന ചതുർമുഖം റിലീസിനെത്തുന്നത്. ഫിക്‌ഷന്‍ ഹൊററിന്റെ ഒരു ഉപവിഭാഗമാണ് ടെക്‌നോ ഹൊറര്‍. ഇപ്പോഴിതാ ഈ സിനിമയുടെ സ്വഭാവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ മത്സരം പ്രേക്ഷകർക്കായി സംഘടിപ്പിക്കുകയാണ് മനോരമ ഓൺലൈനും ചുങ്കത്ത് ജുവലറിയും ചേർന്ന്.

 

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും സ്മാർട്ഫോൺ കൂടെക്കൊണ്ടുനടക്കുന്നവരാണ് കൂടുതലും. ഒരു ദിവസത്തിലെ നല്ലൊരു പങ്കും മൊബൈലുമായ് ചിലവഴിക്കുന്നവര്‍. അത് കൊണ്ട് തന്നെ മൊബൈല്‍ കാരണം പല അമളികളൂം നിങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ പറ്റിയിരിക്കാം. തമാശ നിറഞ്ഞ അത്തരം അനുഭവങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. രസകരമായ ആ മൊബൈല്‍ ഫോണ്‍ അനുഭവം മഞ്ജുവാരിയറിനും സണ്ണി വെയ്നിനും മുന്നിൽ പങ്കുവയ്ക്കാനും ഈ ചിത്രം ആദ്യദിനം ഇവർക്കൊപ്പം കാണുവാനും അവസരമൊരുങ്ങുന്നു. നിങ്ങളുടെ 'ആ വിചിത്രഅനുഭവം’ chathurmukhamcontest@gmail.com എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മഞ്ജുവാരിയറിനും സണ്ണി വെയിനുമൊപ്പം നേരിട്ടു സംവദിക്കാൻ അവസരം. (കൊച്ചി പിവിആറിൽ ഏപ്രിൽ എട്ടിനായിരിക്കും സിനിമയുടെ പ്രദർശനം)

 

പതിവു ഹൊറര്‍  സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും.മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എനീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളജിൽ ഒന്നിച്ചുണ്ടായിരുന്ന തേജസ്വിനിയും ആന്‍റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്‍റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളജ് അധ്യാപകനായ ക്ലെമെന്‍റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണസാഹചര്യവും അതിന്‍റെ തുടര്‍ച്ചയായ് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

 

ഈ മൂന്നു മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. അതൊരു മൊബൈൽ ഫോൺ ആണ്. പേരിലെ നിഗൂഢത സിനിമയിലെ പ്രേതത്തിന്‍റെ കാര്യത്തിലും ഉണ്ട്. ചതുര്‍മുഖത്തിലെ ‘വില്ലന്‍’ അഥവാ ‘പ്രേതം’ ആരാണെന്ന കാര്യവും ഇതു വരെ വെളിവാക്കപ്പെട്ടിട്ടില്ല. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിര ചിത്രത്തിൽ അണിനിരക്കുന്നു.

 

അഞ്ചര കോടി മുതല്‍മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും പ്രാധാന്യം നല്‍കി കൊണ്ട് നിർമിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്‌ഷന്‍ സീക്വന്‍സുകളാണ്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ്  സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്‌ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു...സു...സുധി വാല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com